LOCAL NEWSMUKKAMNews

സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ സ്കെച്ച്‌ നല്‍കിയില്ല; അഗസ്ത്യൻമുഴി-കൈതപ്പൊയില്‍ റോഡ് പ്രവൃത്തി വൈകുന്നു

മുക്കം: റോഡിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ സർവേ നടപടി പൂർത്തീകരിച്ച്‌ സ്കെച്ച്‌ നല്‍കാത്തതുമൂലം റോഡ് പ്രവൃത്തി വൈകുന്നു. അഗസ്ത്യൻമുഴി – കൈതപ്പൊയില്‍ റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള അഗസ്ത്യൻമുഴി – തിരുവമ്പാടി കടവ് പാലത്തിനു വേണ്ടി 1997ല്‍ പി.ഡബ്ല്യു.ഡി വില കൊടുത്ത് ഭൂമി ഏറ്റെടുത്തിരുന്നു. എന്നാല്‍, ഇപ്പോഴും സ്വകാര്യ വ്യക്തികള്‍ കൈവശം വെച്ചിരിക്കുന്ന സ്ഥലത്തിന്റെ സർവേ പൂർത്തീകരിച്ച്‌ സ്കെച്ച്‌ കേരള റോഡ് ഫണ്ട് ഡിപ്പാർട്മെന്റിന് സമർപ്പിക്കാത്തതുമൂലമാണ് റോഡ് പ്രവൃത്തി വൈകുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

ഇതോടെ അഗസ്ത്യൻമുഴി – തിരുവമ്പാടി റോഡില്‍ ആരംഭിച്ച ഡ്രെയിനേജിന്റെ പ്രവൃത്തി താല്‍ക്കാലികമായി നിർത്തിവെക്കുകയായിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത സ്ഥലം പൂർണമായി റോഡ് വികസനത്തിന് ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തുന്നതായി ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ കെ.കെ. ദിവാകരൻ വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരാതി നല്‍കി.

തുടർന്ന് കോഴിക്കോട് താലൂക്ക് സർവേയറുടെ സേവനം ലഭ്യമാക്കുന്നതിനായി കഴിഞ്ഞ ഡിസംബർ ആറിന് കോഴിക്കോട് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്‌ട് മാനേജ്മെന്റ് യൂനിറ്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ താലൂക്ക് തഹസില്‍ദാർക്ക് നോട്ടീസ് നല്‍കി. 1997ല്‍ അഗസ്ത്യൻമുഴി പാലം പ്രവൃത്തിക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ അതിർത്തി പുനർനിർണയിക്കുന്നതിന് താലൂക്ക് സർവേയരുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

തുടർന്ന് ഡിസംബർ 19ന് താലൂക്ക് സർവേയർ അതിർത്തി പുനർനിർണയിച്ച്‌ കൈയേറ്റ ഭൂമി സൈറ്റില്‍ അടയാളപ്പെടുത്തി നല്‍കിയെങ്കിലും സ്കെച്ച്‌ നല്‍കിയില്ല. ഇതോടെ സ്കെച്ച്‌ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്‌ട് മാനേജ്മെന്റ് യൂനിറ്റ് എക്സിക്യൂട്ടിവ് എൻജിനീയർ ജനുവരി 16ന് താലൂക്ക് തഹസില്‍ദാർക്ക് മറ്റൊരു നോട്ടീസും നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 20ന് താലൂക്ക് സർവേയർ മൈമൂനയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും സർവേ നടത്തി. എന്നാല്‍ നേരത്തേ സർവേ നടത്തിയ സ്ഥലത്തിനു പകരം മറ്റൊരു സ്ഥലത്ത് കുറ്റിയടിച്ചതോടെ നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു. ഏറ്റെടുത്ത ഭൂമിയുടെ സ്കെച്ച്‌ ഉപയോഗിച്ച്‌ സർവേ നടത്തണമെന്നും ഭൂവുടമകളെല്ലാം നേരത്തേ നല്‍കിയ നഷ്ടപരിഹാരത്തിന് പുറമേ കോടതിയെ സമീപിച്ച്‌ കൂടുതല്‍ നഷ്ടപരിഹാരം വാങ്ങിയതാണെന്നും നാട്ടുകാർ പറഞ്ഞു. എന്നാല്‍, തനിക്ക് താലൂക്ക് ഓഫിസില്‍നിന്ന് ലഭിച്ചത് പുതിയ സർവേയുടെ സ്കെച്ച്‌ ആണെന്നും അതുപ്രകാരമേ സർവേ നടത്താൻ കഴിയുകയുള്ളൂ എന്നും താലൂക്ക് സർവേയർ മൈമൂന പറഞ്ഞു.

1997ലെ സർവേ പ്രകാരമുള്ള സ്കെച്ച്‌ ഉപയോഗിച്ച്‌ സർവേ നടത്തണമെന്നും സർവേ നടപടികള്‍ ഉടൻ പൂർത്തീകരിച്ച്‌ പുതിയ സർവേ കേരള റോഡ് ഫണ്ട് ഡിപ്പാർട്മെന്റിന് സമർപ്പിച്ച്‌ ഭൂമി ഏറ്റെടുത്ത് റോഡ് പ്രവൃത്തി പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com