ENTERTAINMENT

സിദ്ദീഖ് എഴുതുന്നു എൻ്റെ ഭ്രാന്തൻ ചിന്തകൾ

കുടിയേറ്റം..അഖിലിന്റെ വീട് കക്കാടം പോയിയിലിലാണ്.. പ്ലസ് വണ്ണിന് പഠിക്കുന്ന അവൻ രാവിലെ അവിടെനിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസ്സിൽ കയറി ഏഴരയോടെ തിരുവമ്പാടിയിലെത്തും.. ഒരു മലയടിവാരമായതിനാൽ കെഎസ്ആർടിസി ബസ്സുകൾ മാത്രമാണ് അങ്ങോട്ട് സർവീസ് നടത്തുന്നത്.. അവൻ വരുന്ന ആ ബസ് കഴിഞ്ഞാൽ പിന്നെയുള്ള ബസ്സിൽ കയറി സ്കൂളിലെത്താൻ വൈകുന്നത് കൊണ്ടാണ് ഒമ്പതരയ്ക്ക് തുടങ്ങുന്ന സ്കൂളിലേക്ക് അവൻ രണ്ടു മണിക്കൂർ നേരത്തെ എത്തുന്നത്.. അതിരാവിലെ തുറക്കുന്ന എന്റെ കടയിലും കടയുടെ ചുറ്റുവട്ടത്തും ഒരു മണിക്കൂറോളം ചിലവഴിച്ച് അവന്റെ കൂടെ പഠിക്കുന്ന മറ്റാരെങ്കിലും വന്നതിനുശേഷമാണ് അവൻ സ്കൂളിൽ പോയിരുന്നത്..

നല്ല ഉയരവും അതിനൊത്ത വണ്ണവും വെളുത്ത നിറവുമുള്ള സുമുഖനും സുന്ദരനുമായ ഒരു കുട്ടിയാണ് അഖിൽ.. വളരെ മനോഹരമായി സംസാരിച്ചിരുന്ന അവൻ അവന്റെ കൂട്ടുകാരോടും ഞാനടക്കമുള്ള മുതിർന്നവരോടും വളരെ ഹൃദ്യമായായിരുന്നു പെരുമാറിയിരുന്നത്.. ക്ലാസിലെ ഒരുത്തന്റെ ബർത്ത് ഡേയ്ക്ക് അഖിലും അവന്റെ പന്ത്രണ്ടോളം സഹപാഠികളും കൂട്ടമായി വന്ന് കടയിൽനിന്ന് കോഫിയും സംഭാരവും ജ്യൂസും കുടിക്കുകയും സ്നാക്സുകളും മറ്റും തിന്നുകയും ചെയ്തു.. സ്കൂൾ വിട്ടു വന്ന മറ്റു കുട്ടികളും ഇവരും കൂടെ ആയതുകൊണ്ട് ആരൊക്കെ എന്തൊക്കെയാണ് എടുത്തത് എന്ന് എനിക്ക് വ്യക്തമായി അറിയില്ലായിരുന്നു.. ഞാനത് അവരോട് പറയുകയും ചെയ്തു.. കാശ് തരാൻ നേരം അഖിൽ അവരുടെ കൂടെയുണ്ടായിരുന്ന 12 പേരോടും ഓരോരുത്തരും എന്താണ് എടുത്തത് എന്ന് ചോദിച്ചു മനസ്സിലാക്കി എനിക്ക് തരാനുള്ളത് കൃത്യമായി തന്നു.. അവന്റെ ആ നേതൃത്ത പാടവും എന്നെ സന്തോഷിപ്പിച്ചു..

ഈ കഴിഞ്ഞ ദിവസം പ്ലസ് വൺ കാരുടെ ഫിസിക്സിന്റെ മോഡൽ എക്സാം കഴിഞ്ഞ് കടയിൽ വന്ന അവൻ തീർത്തും അസ്വസ്ഥനായിരുന്നു.. മറ്റ് പലരോടും എന്നപോലെ ഞാൻ അവനോടും ചോദിച്ചു എങ്ങനെയുണ്ടായിരുന്നു പരീക്ഷ എന്ന്.. അവൻ അവന്റെ നിസ്സഹായവസ്ഥ എന്നോട് പറഞ്ഞു.. പത്താം ക്ലാസിൽ കണക്കിന് B + ഉം കെമിസ്ട്രിക്കും ഫിസിക്സിനും A യും ബാക്കി വിഷയങ്ങൾക്കെല്ലാം A + ഉം വാങ്ങിയായിരുന്നു അവൻ പാസായത്.. സയൻസും കണക്കും തീരെ താല്പര്യമില്ലാതിരുന്ന അവൻ രക്ഷിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി പ്ലസ് വൺ സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കാൻ തുടങ്ങി.. യുകെയിൽ നേഴ്സ് ആയി ജോലിചെയ്യുന്ന അവന്റെ അപ്പന്റെ സഹോദരിയുടെ നിർദ്ദേശപ്രകാരമായിരുന്നു അത്.. അവൻ സയൻസിന് പോകുന്നില്ല, ഹ്യൂമാനിറ്റീസ് പഠിക്കാനാണ് താല്പര്യം എന്ന് പലതവണ അവന്റെ രക്ഷിതാക്കളോട് പറഞ്ഞെങ്കിലും അവരത് കാര്യമാക്കാതെ അവനെ നിർബന്ധിച്ച് സയൻസിന് ചേർത്തു..

കണക്ക് അവന് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞത് കൊണ്ട് ഞാനവനോട് ചോദിച്ചു,(X +Y) x (X +Y ) = എന്ത് എന്ന്..X സ്ക്വയർ പ്ലസ് 2XY +Y സ്‌ക്വർ എന്ന് അവൻ മറുപടി പറഞ്ഞു.. അപ്പോൾ ഞാൻ അവനോട് ചോദിച്ചു,X = 1, Y = 1, അങ്ങനെയെങ്കിൽ ഉത്തരം എത്രയെന്ന്?.. അതിന് അവന്റെ ഉത്തരം അറിയില്ല എന്നതും അതെങ്ങനെയാണ് ക്രിയ ചെയ്യേണ്ടത് എന്ന് അറിയില്ല എന്നതും എന്നിൽ അത്ഭുതം ഉള്ളവാക്കി.. അവൻ ഇഷ്ടപ്പെട്ട വിഷയങ്ങൾ പഠിക്കാൻ ഉപയോഗിക്കുന്ന സമയത്തേക്കാളും അധ്വാനത്തെക്കാളും മൂന്നിരട്ടിയോളം ചിലവഴിച്ചാണ് കണക്കും സയൻസും അവൻ കാണാതെ ( മനസ്സിലാക്കിയല്ല ) പഠിക്കുന്നത് എന്ന് മനസ്സിലാക്കിയപ്പോൾ എനിക്ക് വിഷമം തോന്നി.. അവനെ ആ തീരാകഴത്തിലേക്ക് തള്ളിയിട്ട അവന്റെ രക്ഷിതാക്കളോട് ദേഷ്യവും.. ദൈവാനുഗ്രഹം കൊണ്ട് അവൻ സയൻസ് എടുത്ത് പഠിക്കാൻ തുടങ്ങിയത് മുതൽ അവനത് ഇഷ്ടമില്ല, ബുദ്ധിമുട്ടാണ് എന്നൊക്കെ അവന്റെ അമ്മയോട് പറഞ്ഞിരുന്നത് കൊണ്ട് അവന്റെ അപ്പനും അറിയുന്നത് കൊണ്ട് അവർക്ക് പറ്റിയ പിഴവ് മനസ്സിലാക്കി ഈ ഒരു വർഷം പൊയ്ക്കോട്ടെ, അടുത്തവർഷം ഇഷ്ടപ്പെട്ടത് എടുത്ത് പഠിക്കാം എന്ന് പറഞ്ഞ് അവന്റെ കൂടെ നിൽക്കുന്നത് കൊണ്ട് അവൻ കടുംകൈ ഒന്നും ചെയ്യില്ല എന്നത് മാത്രമാണ് അവിടെ ആശ്വാസമായുള്ളത്..

മോഡൽ പരീക്ഷയുടെ റിസൾട്ട് വന്നതിനുശേഷം ഞാൻ അവനെ കണ്ടിരുന്നു.. ഫിസിക്സിനും കെമിസ്ട്രിക്കും കണക്കിനും ജസ്റ്റ് പാസ്സായി. ബാക്കിയുള്ളതിനെല്ലാം ഫുൾ മാർക്കും.. മറ്റൊരു വിഷയം എടുത്ത് വീണ്ടും ആദ്യം മുതൽ പഠിക്കാൻ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉള്ളതുകൊണ്ടും തല്ലി പഴുപ്പിച്ചിട്ടാണെങ്കിലും എല്ലാ വിഷയങ്ങൾക്കും ജയിച്ചത് കൊണ്ടും അവൻ സയൻസ് ഗ്രൂപ്പിൽ തന്നെ പ്ലസ് ടു പഠിക്കാൻ തീരുമാനിച്ചു.. അവനെ ആശംസിക്കുക എന്നല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനുണ്ടായിരുന്നില്ല..

ഒരു സംഭവ കഥ കൂടെ പറയാം.. 2011 മുതൽ 2019 വരെ ഖത്തറിൽ ബിസിനസ് ചെയ്തിരുന്നത് കൊണ്ട് എല്ലാ മേഖലയിലുമുള്ള ആളുകളുമായി എനിക്ക് പരിചയമുണ്ടായിരുന്നു.. 2015, 16 വരെ നാലായിരം റിയാൽ ശമ്പളവും ട്രിപ്പ് ബത്തയും ഉണ്ടായിരുന്ന ഒരു ഹെവി ഡ്രൈവർക്ക് 2018, 19 ആയപ്പോഴേക്കും ശമ്പളവും ബത്തയും മറ്റാനുകൂല്യങ്ങളും പകുതിയിൽ കൂടുതൽ വെട്ടിക്കുറച്ചു..ഒരു മേഖലയിൽ മാത്രമല്ല, പ്രൊഫഷണൽ മേഖല ഉൾപ്പെടെ എല്ലാ മേഖലയിലും അതുതന്നെയായിരുന്നു സ്ഥിതി.. അതിന് പല കാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും മുന്നിട്ടു നിന്നത് പല രാജ്യങ്ങളിൽ നിന്നും ജോലി തേടിയുള്ള കുടിയേറ്റം ഉയർന്നതിനാലാണ്.. പാക്കിസ്ഥാനിൽ നിന്നും നേപ്പാളിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ശ്രീലങ്കയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാൻ 100 പേര് വേണ്ടയിടത്ത് ആയിരം പേരെന്ന നിലയിൽ തയ്യാറായി നിന്നിരുന്നു.. ജോലി ദാതാവിന് ഏറ്റവും നല്ലവരെ നോക്കി തിരഞ്ഞെടുക്കാം, പകുതി ശമ്പളവും കൊടുത്താൽ മതി.. അമേരിക്കൻ ഉപഭൂഖണ്ഡത്തിലേക്കും യൂറോപ്പിലേക്കും ആസ്ട്രേലിയലേക്കും കുടിയേറാനായി മക്കളെ പഠിപ്പിക്കുന്ന രക്ഷിതാക്കളോട് എനിക്ക് പറയാനുള്ളത് അതിവിദൂരമല്ലാത്ത ഭാവിയിൽ ഖത്തറിൽ സംഭവിച്ചത് പോലെ മറ്റു രാജ്യങ്ങളിലും സംഭവിക്കും എന്നാണ്.. കോഴിക്കോട് നിന്നോ കേരളത്തിൽ നിന്നോ ഇന്ത്യയിൽ നിന്നോ മാത്രമല്ല ഈ കുടിയേറ്റം നടക്കുന്നത്..

എല്ലാ രണ്ടാംകിട മൂന്നാംകിട രാഷ്ട്രങ്ങളിൽ നിന്നും ഇത് നടക്കുന്നുണ്ട്.. 100 പേരുടെ അവസരത്തിന് ആയിരം പേരാണ് കാത്തിരിക്കുന്നത്.. നിങ്ങൾ തേടിപ്പോകുന്ന ഏതൊരു ജോലിയും ഏതെങ്കിലും ഒരു ബിസിനസ്സിന്റെ ഭാഗമായിരിക്കും.. കഴിവും കായിക ബലവും ഉള്ളവരെ തിരഞ്ഞെടുക്കാനും ശമ്പളവും മറ്റാനുകൂല്യങ്ങളും കുറയ്ക്കാനും തന്നെയാണ് ഏതൊരു കച്ചവടക്കാരനും ആഗ്രഹിക്കുക.. 10 അവസരങ്ങൾക്ക് വേണ്ടി നൂറാളുകളുടെ തള്ളിക്കയറ്റം ആ കച്ചവടക്കാരെകൊണ്ട് ഇന്നല്ലെങ്കിൽ നാളെ അങ്ങനെ ചിന്തിപ്പിക്കും.. അങ്ങനെ അല്ലെങ്കിൽ തന്നെ പത്തുപേരുടെ ജോലിക്ക് പത്തുപേരെ തിരഞ്ഞെടുത്ത്‌ ബാക്കി 90 പേരെ തഴയുക തന്നെയാണ് ചെയ്യുക..

കുടിയേറ്റത്തിന് ഏറ്റവും സുരക്ഷിതമായി ആളുകൾ കാണുന്നത് ആതുര ശുശ്രൂഷ രംഗത്തെ അവസരങ്ങളാണ്.. അഖിലിനെ പോലെ മറ്റ് പല കഴിവുകൾ ഉണ്ടായിരുന്നിട്ടും തല്ലി പഴുപ്പിച്ചിട്ടാണെങ്കിലും ഒരു നേഴ്സോ മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും ഒരു കോഴ്സോ എടുത്താൽ മൈഗ്രേഷൻ എളുപ്പമാകുമെന്ന് പലരും കരുതുന്നു.. ഒന്ന് രണ്ട് കാര്യങ്ങൾ കൂടെ ഓർമ്മപ്പെടുത്തട്ടെ.. അഖിലിനോട് ചെയ്തതുപോലെ പല രക്ഷിതാക്കളും കുട്ടികളുടെ ഇഷ്ടത്തിന് ഒരു വിലയും കൽപ്പിക്കാതെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കുട്ടികൾ പഠിക്കണമെന്ന് ചിന്തിക്കുന്നത് പമ്പര വിഡ്ഢിത്തവും ആ കുട്ടികളോട് ചെയ്യുന്ന ക്രൂരതയുമാണ്.. അഖിലിന്റെ താല്പര്യക്കുറവ് ആ രക്ഷിതാക്കൾക്ക് ആദ്യം മുതലേ അറിയുന്നതുകൊണ്ട് ആ കുട്ടിക്ക് രക്ഷിതാക്കളുടെ പ്രഷർ അനുഭവിക്കേണ്ടി വന്നിട്ടില്ല.. നിർഭാഗ്യവശാൽ മറ്റ് പല രക്ഷിതാക്കളുടെയും മക്കൾ അവരുടെ സങ്കടങ്ങൾ മറ്റൊരാളെയും ബോധ്യപ്പെടുത്താൻ കഴിയാതെ, വീട്ടുകാരുടെയും മറ്റുള്ളവരുടെയും പ്രഷർ താങ്ങാനാവാതെ, ജീവിതം ദുരിതപൂർണ്ണമാക്കുന്നു.. രക്ഷിതാക്കളുടെ വാശി കാരണം മറ്റ് പല മേഖലയിലും ശോഭിച്ച് ഉന്നതങ്ങൾ കീഴടക്കാനൂള്ള അവസരങ്ങൾ ആ കുട്ടികൾക്ക് നഷ്ടമാകുന്നു..Sidhique Patta…

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com