
താമരശ്ശേരി: ലഹരി മാഫിയ നാട്ടുകാരെയും പോലീസിനെയും ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി അയ്യൂബിനെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. അയ്യൂബിന്റെ വീട്ടിൽ പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഇറങ്ങി ഓടിയ പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അയ്യൂബ് മതിൽ ചാടുന്നതിനിടെ വീണ് പരിക്കേറ്റു. പ്രതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമാണ് അയ്യൂബിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസിനെയും നാട്ടുകാരെയും ആക്രമിച്ചത്. നാട്ടുകാരായ ഒരാൾക്ക് കുത്തേൽക്കുകയും ചെയ്തിരുന്നു. അയ്യൂബിന് കൂടാതെ ഒരു സ്ത്രീയടക്കം നാലു പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.താമരശ്ശേരി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും.



