KODANECHERYLOCAL NEWSNews

നാടിന് നോവായി ഷിബിലി റഹ്മാൻ.

കോടഞ്ചേരി: മറ്റുള്ളവർക്കായി ജീവൻ വെടിഞ്ഞ ഷിബിലി റഹ്മാൻ നാടിന് നോവായി .കൊണ്ടോട്ടി കിഴിശ്ശേരി മുണ്ടംപറമ്പ് റേഷൻ പടിക്ക് സമീപം കണ്ണംകുത്ത് താമസിക്കുന്ന വട്ടോളി നാസറിന്റെ മകൻ ഷിബിലി റഹ്മാന്റെ (25) മൃതദേഹമാണ് രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് കണ്ടെത്തിയത്.ഇവർ അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്നും ഏറെ താഴെയുള്ള ഡാമിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.എൻറെ മുക്കം രക്ഷാ സേനയിലെ ഷബീർ മുനീഷ് എന്നീ രണ്ട് മുങ്ങൽ വിദഗ്ധരാണ് ഡാമിൽ നിന്നും മുങ്ങിയെടുത്തത്.

ബെംഗളൂരുവിൽ നിന്നും കേരളം സന്ദർശിക്കാനെത്തിയ 12 അംഗ വിനോദസഞ്ചാര സംഘത്തിന്റെ ഗൈഡായി എത്തിയതായിരുന്നു ഷിബിലി റഹ്മാൻ. ആനക്കാംപൊയിൽ കണ്ടപ്പൻചാൽ തൂക്കുപാലത്തിന് താഴെ സംഘം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഈ സമയത്ത് പുഴയിലും പരിസരത്തും വെയിലും തെളിഞ്ഞ കാലാവസ്ഥയുമായിരുന്നെങ്കിലും വനമേഖലയിലുണ്ടായ കനത്ത മഴയെത്തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയായിരുന്നു.

ഇതോടെ വിനോദസഞ്ചാര സംഘത്തിലെ മൂന്ന് പേർ ശക്തമായ ഒഴുക്കിൽപ്പെട്ടു. ഇവരെ രക്ഷിക്കാനായി ഷിബിലി ഉടൻ തന്നെ പുഴയിലേക്ക് ചാടുകയായിരുന്നു. ​ഒഴുക്കിൽപ്പെട്ട ബെംഗളൂരു സ്വദേശികളായ നിഖിത (24), പ്രണിൽ (22), കിഷോർ (22) എന്നിവരെ പ്രദേശവാസികളും മുക്കത്ത് നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. എന്നാൽ, ഇവരെ രക്ഷപ്പെടുത്തുന്നതിനിടയിൽ ഷിബിലി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നുവെങ്കിലും പ്രദേശത്തെ കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിച്ചിരുന്നു.അപകടസാധ്യത കണക്കിലെടുത്ത് പതങ്കയത്ത് പുഴയിൽ ഇറങ്ങുന്നതിന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇത് മറികടന്ന് വിനോദസഞ്ചാരികൾ പുഴയുടെ മറ്റ് ഭാഗങ്ങളിലൂടെ വെള്ളത്തിലിറങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.*

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com