
മുക്കം;കാരശ്ശേരി പഞ്ചായത്തിലെ കക്കാട് കടവിൽ നിർമിച്ച തൂക്കുപാലത്തിന്റെ ഉദ്ഘാടനം ഇന്ന് 2ന് മംഗലശ്ശേരിയിൽ മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിക്കും. നഗരസഭയിലെ മംഗലശ്ശേരി തോട്ടം നിവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ അനുഗ്രഹമാകും തൂക്കു പാലം. കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കുന്നത് ഒഴിവാകും. കക്കാട് ഭാഗത്തുള്ളവർക്ക് ചേന്ദമംഗലൂർ ഭാഗങ്ങളിൽ എത്തിപ്പെടാനും സൗകര്യമാകും. പാലം നിർമിച്ച ഇരുവഞ്ഞിപ്പുഴയുടെ ഇരു കരകളും കാരശ്ശേരി പഞ്ചായത്ത് അധീനതയിലുള്ള സ്ഥലങ്ങളാണ്.
മുൻ എംഎൽഎ ജോർജ് എം. തോമസിന്റെ കാലത്ത് അനുവദിച്ച 1.25 കോടി രൂപ ചെലവഴിച്ചാണ് തൂക്കുപാലം യാഥാർഥ്യമാക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടക സമിതി ചെയർമാനും നഗരസഭാധ്യക്ഷനുമായ പി.ടി.ബാബു, ജനറൽ കൺവീനർ ഇംതിയാസ് എന്നിവർ പറഞ്ഞു. ലിന്റോ ജോസഫ് എംഎൽഎ ആധ്യക്ഷ്യം വഹിക്കും. ജോർജ് എം തോമസ് മുഖ്യാതിഥിയായിരിക്കും.പാലത്തിന്റെ ഇരുകരകളും സ്ഥിതി ചെയ്യുന്ന കാരശ്ശേരി പഞ്ചായത്തിൽ ഉദ്ഘാടന പരിപാടി വയ്ക്കാതെ സിപിഎം ഭരിക്കുന്ന മുക്കം നഗരസഭയിലെ മംഗലശ്ശേരി തോട്ടത്തിൽ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതോടെയാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുങ്ങിയത്. നേരത്തെ കാരശ്ശേരി പഞ്ചായത്ത് സിപിഎം ഭരിക്കുമ്പോൾ പ്രവൃത്തി ഉദ്ഘാടനം കക്കാട് ആയിരുന്നു നടത്തിയത്.


