
വടകര: ക്രിസ്മസ് തലേന്ന് വിനായക ട്രേഡേഴ്സ് ഉടമ ഗൃഹലക്ഷ്മിയിൽ രാജൻ (62) കടയ്ക്കുള്ളിൽ കൊലചെയ്യപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. തൃശൂർ വാടാനാപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് എ.എസ്. ഷഫീഖ് (22) ആണ് പിടിയിലായത്. കൃത്യം നടത്തിയ ശേഷം മുങ്ങിയ ഷഫീഖിനെ തൃശൂരിൽ വച്ചു ജില്ലാ പൊലീസ് മേധാവി ആർ.കറപ്പ സ്വാമിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ആർ.ഹരിപ്രസാദ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ബാലചന്ദ്രൻ, പൊലീസ് ഇൻസ്പെക്ടർ പി.എം.മനോജ് എന്നിവർ ചേർന്നാണ് പിടികൂടിയത്. സമീപത്തെ കടയിൽ നിന്നു ലഭിച്ച സിസിടിവി ക്യാമറ ദൃശ്യം മാത്രം വച്ച് ഏറെ ദിവസത്തെ ശ്രമത്തിനു ശേഷമാണ് പ്രതിയെ വലയിലാക്കിയത്.സമൂഹ മാധ്യമം വഴി രാജനെ പരിചയപ്പെട്ട ഷഫീഖ് മൂന്നു ദിവസം മുൻപു വടകരയിലെത്തിയിരുന്നു. കടയിലെത്തി രാജന്റെ നാലു പവനോളം വരുന്ന സ്വർണാഭരണം അപഹരിക്കുന്നതിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.



