സ്കൂൾ പരിസരത്ത് ഭക്ഷ്യസുരക്ഷ പരിശോധന; ലൈസൻസ് ഇല്ലാത്ത 33 സ്ഥാപനങ്ങൾ അടപ്പിച്ചു

കോഴിക്കോട് : ജില്ലയിൽ സ്കൂൾ പരിസരത്ത് ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന നടന്നു.ജില്ലയിൽ 12 സ്ക്വാഡുകൾ ആണ് പരിശോധന നടത്തിയത്. 97 സ്കൂൾ പരിസരത്തായി 363 സ്ഥാപനങ്ങൾ പരിശോധിച്ചു. 14 സ്ഥാപനങ്ങൾക്ക് ന്യൂനതകൾ പരിഹരിക്കുന്നതിന് നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ച 13 സ്ഥാപനങ്ങൾക്ക് ഫൈൻ അടക്കുന്നതിനും നോട്ടീസ് നൽകി.
62 ഭക്ഷ്യ വസ്തുക്കൾ പരിശോധനക്കായി ശേഖരിച്ച് കോഴിക്കോട് അനലിറ്റിക്കൾ ലാബിൽ അയച്ചു. പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ എ.സക്കീർ ഹുസൈൻ അറിയിച്ചു.സ്കൂൾ കാന്റീനുകളിലും സ്കൂളിന്റെ ഗേറ്റിൽനിന്നും 50 മീറ്റർ ചുറ്റളവിലുള്ള സ്ഥാപനങ്ങളിലും ഉയർന്ന തോതിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ജംഗ് ഫുഡ് പോലുളള ഭക്ഷണം വില്പന നടത്തുന്നതിന് നിയന്ത്രണം ഉള്ളതായും അത്തരം ഭക്ഷ്യവസ്തുക്കളുടെ വില്പന സ്കൂൾ പരിസരത്തുളള സ്ഥാപനങ്ങൾ നിർത്തിവയ്ക്കണമെന്നും അസി.കമ്മീഷണർ അറിയിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് റെഗുലേഷൻ 2020 ( സേഫ് ഫുഡ് ആന്റ് ബാലൻസിഡ് ഡയറ്റ് ഫോർ ചിൽഡ്രൻ ഇൻ സ്കൂൾ) പ്രകാരം ഭക്ഷ്യ വസ്തുക്കൾ വിതരണം നടത്തുന്ന എല്ലാ സ്കൂളുകളും ഭക്ഷ്യസുരക്ഷ വകുപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. foscos.fssai.gov.in എന്ന പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്



