
കൊടിയത്തൂർ: 2023-2024 വാർഷിക പദ്ധതി രൂപവൽക്കരണത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. വിവിധ ജനക്ഷേമ പദ്ധതികളാണ് സെമിനാറിൽ അവതരിപ്പിച്ചത്.
വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ, വാർഡ് ഗ്രാമസഭ, ഊരു കൂട്ടം, വയോജന ഗ്രാമസഭ, ഭിന്ന ശേഷി ഗ്രാമസഭ, എന്നിവക്ക് ശേഷം വിളിച്ചു ചേർത്ത പഞ്ചായത്ത് തല വികസന സെമിനാറിൽ ജന പ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, വാർഡ് ഗ്രാമസഭകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, പ്രത്യേക ഗ്രാമസഭകളുടെ പ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ചെറുവാടി ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ദിവ്യ ഷിബു 2022-23 വാർഷിക പദ്ധതിയുടെ കരട് രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, പഞ്ചായത്തംഗങ്ങളായ ആയിഷ ചേലപ്പുറത്ത്,എം ടി റിയാസ്, ബാബു പൊലുകുന്ന്, അബ്ദുൽ മജീദ് കൊട്ടപ്പുറത്ത്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആബിദ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി അബ്ദുറഹിമാൻ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ കെ. ആബിദ, മെഡിക്കൽ ഓഫീസർ ഡോ. മനുലാൽ, കെ.വി അബ്ദുറഹിമാൻ, കെ.ടി മൻസൂർ, അശ്റഫ് കൊളക്കാടൻ തുടങ്ങിയവർ സംസാരിച്ചു.
എല്ലാ മേഖലകളിലും സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. സാധാരണക്കാർ ഉൾപ്പെടെ താഴേതട്ടിലുള്ള ജനവിഭാഗങ്ങളുടെ ക്ഷേമം മുന്നിൽ കണ്ട് കാർഷിക മേഖലയിലും, ക്ഷീര വികസന മേഖലയിലുമെല്ലാം നൂതന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭ്യസ്തവിദ്യരായ വനിതകളെ ഉൾപ്പെടെ മത്സര പരീക്ഷകൾക്ക് തയ്യാറാക്കുന്നതിനും അഭിമുഖ സാങ്കേതിക വിദ്യ ഉൾപ്പെടെ നൽകി സ്വയം പ്രാപ്തരാക്കുന്നതിനും അതിലൂടെ അവർക്ക് ഉയർന്ന ജീവിത നിലവാരം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരു കേന്ദ്രം, സ്പോർട്സ് അക്കാദമി, കലാ ക്ഷേത്രം, എക്സലൻസി സെന്റർ, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പന്നിക്കോട് പ്രവർത്തനം നടത്തുന്ന ഓട്ടീസം സെന്ററിന് പുതിയ ഭിന്ന ശേഷി സൗഹൃദ കെട്ടിടവുമെല്ലാം ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തോട്ടുമുക്കം കൈതപൊയിൽ കുടിവെള്ള പദ്ധതി, പന്നിക്കോട് മിനി സ്റ്റേഡിയം സ്ഥലമെടുപ്പ്, കൊടിയത്തൂർ ജി എം യൂ പി സ്കൂൾ ഓപ്പൺ ഓഡിറ്റോറ്റോറിയം സ്റ്റേജ് എന്നീ പ്രൊജക്റ്റുകളും ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളാണ്.



