LOCAL NEWS

കോടഞ്ചേരി പഞ്ചായത്ത് സർവ്വകക്ഷി ഇ എസ് എ  ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും , പരിസ്ഥിതിമന്ത്രിക്കും നിവേദനം നൽകി.

കോടഞ്ചേരി:പശ്ചിമഘട്ട ഇ എസ് എ ഏഴാമത് കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട്  സംസ്ഥാന സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന ശുപാർശയിലെ ഗുരുതരമായ പൊരുത്തക്കേടുകൾ അടിയന്തരമായി പരിശോധിച്ച് തിരുത്തണമെന്ന് ആവശ്യപ്പെട്ട് കോടഞ്ചേരി പഞ്ചായത്ത് സർവകക്ഷി ഇ എസ് എ  ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും , പരിസ്ഥിതിമന്ത്രിക്കും നിവേദനം നൽകി. കോടഞ്ചേരി, നെല്ലിപ്പൊയിൽ വില്ലേജുകളിലെ യഥാർഥ ഭൂവിവരങ്ങൾ പരിശോധിച്ച് ഇ എസ് എ  പട്ടികയിൽനിന്ന് വില്ലേജുകളെ ഒഴിവാക്കുന്നതിനുള്ള ആവശ്യം പരിഗണിക്കുക, തെറ്റായി വനമേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ള ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുക, പഞ്ചായത്ത് സമർപ്പിച്ച മാപ്പുകളും തിരുത്തൽ നിർദേശങ്ങളും പരിശോധിക്കുക, വന-വില്ലേജ് വിസ്തൃതികളിലെ പൊരുത്തക്കേടുകൾ പരിഹരിക്കുക എന്നിവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ.

സർവകക്ഷി ഇ എസ് എ ആക്ഷൻ കമ്മിറ്റി തിരുവമ്പാടി എംൽഎ   കാസിമിന്റെ നേതൃത്വത്തിൽ  പരിസ്ഥിതി മന്ത്രി  സണ്ണിജോസഫ് , കൃഷി മന്ത്രി  ടി സിദ്ധിക്ക് , പരിസ്ഥിതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. ഫീൽഡ് വെരിഫിക്കേഷൻ നടത്തി സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ  ഉൾപ്പെട്ട ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കും എന്ന് മന്ത്രിമാർ ഉറപ്പുനൽകി. വേണ്ട നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

2026 ജൂലൈ 27-ന് കേന്ദ്രം പുറപ്പെടുവിച്ച   ഏഴാമത് കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ 2026 സെപ്റ്റംബർ 24-ന് കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പൊരുത്തക്കേടുകളുള്ളത്. കോടഞ്ചേരിയിൽ 887 ഹെക്ടറോളം അധിക വനവിസ്തൃതി 2026 ജൂലൈ 27-ലെ കേന്ദ്ര കരട് വിജ്ഞാപനത്തിൽ കോടഞ്ചേരി വില്ലേജിലെ ഇ എസ് എ  വനവിസ്തൃതി 585.84 ഹെക്ടറായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, സംസ്ഥാന സർക്കാർ സെപ്റ്റംബർ 24-ന് സമർപ്പിച്ച റിപ്പോർട്ടിൽ ഇത് 1,473.2 ഹെക്ടറായി ഉയർത്തിയിട്ടുണ്ടെന്നാണ് ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്. ഇതനുസരിച്ച് ഏകദേശം 887.36 ഹെക്ടറിന്റെ വർധനവാണ് കാണുന്നത്. കോടഞ്ചേരി വില്ലേജിന്റെ ആകെ വിസ്തൃതിയിലും പൊരുത്തക്കേടുണ്ട് . ഔദ്യോഗിക രേഖകളിൽ 47.55 ചതുരശ്ര കിലോമീറ്ററായി രേഖപ്പെടുത്തിയിട്ടുള്ള വില്ലേജ് വിസ്തൃതി സംസ്ഥാന റിപ്പോർട്ടിൽ 57.73 ചതുരശ്ര കിലോമീറ്ററായി കാണിച്ചിരിക്കുന്നതായും,  നെല്ലിപ്പൊയിൽ വില്ലേജിലെ ഇ എസ് എ വനവിസ്തൃതി 2,243.72 ഹെക്ടറായിരുന്നപ്പോൾ സംസ്ഥാന സർക്കാരിന്റെ തുടർ റിപ്പോർട്ടിൽ ഇത് 2,967.12 ഹെക്ടറായി ഉയർത്തി. ഇതുവഴി നിലവിലുള്ളതിനേക്കാൾ 723.40 ഹെക്ടറിന്റെ വന വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നെല്ലിപ്പൊയിൽ വില്ലേജിന്റെ ആകെ വിസ്തൃതിയും ഔദ്യോഗിക രേഖകളിൽ 47 ചതുരശ്ര കിലോമീറ്ററായിരിക്കെ സംസ്ഥാന റിപ്പോർട്ടിൽ 50.51 ചതുരശ്ര കിലോമീറ്ററായി വർധിച്ചു. വനവിസ്തൃതിയിലും വില്ലേജ് വിസ്തൃതിയിലുമുള്ള ഈ വ്യത്യാസം ആധികാരിക രേഖകളുടെ അടിസ്ഥാനത്തിൽ തിരുത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾക്കൊപ്പം  കരട് വിജ്ഞാപനത്തിൽ 20 ശതമാനത്തിൽ താഴെ വനവിസ്തൃതിയും ,ജനസാന്ദ്രതയും  പരിഗണിച്ച് കോടഞ്ചേരി വില്ലേജിനെയും,നെല്ലിപ്പൊയിൽ വില്ലേജിനെയും  ഇ എസ് എ  പട്ടികയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നും  പഞ്ചായത്തു ഭരണസമിതി ഐകകണ്ടേന പ്രമേയം പാസ്സാക്കി നിവേദനത്തോടൊപ്പം നൽകി .

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്  അന്നക്കുട്ടി ദേവസ്യ ,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ജോയിന്റ് കൺവീനർ  ജോസഫ് മൂത്തേടത്ത്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, വാർഡ് മെമ്പർമാരായ ബാബു പട്ടരാട്,ശിവദാസൻ താഴെപ്പാലാട്ട് ,
ടെന്നിസൺ ചാത്തൻകണ്ടം,
ഷിനോയി അടക്കാപ്പറ , ജോയി മോളെക്കുന്നേൽ, ജോർജുകുട്ടി കിളിവെലിക്കൂടി, ബിബിൻ ടോം ചീരൻകുഴി, ദേവസ്യ പാപ്പാടിയിൽ എന്നിവർ അടങ്ങുന്ന സർവകക്ഷി ഇ എസ് എ ആക്ഷൻ കമ്മിറ്റിയാണ് നിവേദനം സമർപ്പിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com