ENTERTAINMENT

സിദ്ധീഖ് എഴുതുന്നു എൻ്റെ ഭ്രാന്തൻ ചിന്തകൾ

അതിജീവനം… 2. റസീനയുടെ രക്ഷാധികാരികളായ യത്തീംഖാന ഭാരവാഹികളും അവൾ ജനിച്ചു വളർന്ന നാട്ടിലെ പള്ളി കമ്മിറ്റിയും ബഷീർ ഹാജിയുടെ ശുപാർശ അനുസരിച്ച് അവളോട് ഒന്ന് ചോദിക്കുകയോ പറയുകയോ ചെയ്യാതെ അവളുടെ വിവാഹം നിശ്ചയിച്ചു.. തന്റെ വിവാഹം നിശ്ചയിച്ചത് ആ യത്തീംഖാനയിൽ ഉള്ള മറ്റെല്ലാവരും അറിഞ്ഞതിനുശേഷമാണ് റസീന അറിയുന്നത്.. അവൾക്കൊരു തരം മരവിപ്പ് അനുഭവപ്പെട്ടു.. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.. ആരോടെങ്കിലും ഒന്ന് ചോദിക്കാനൊ പറയാനൊ അവൾക്കാരും ഉണ്ടായിരുന്നില്ല.. അവളുടെ ജീവിതത്തിൽ അവൾക്ക് ഇഷ്ടം തോന്നിയ ഒരേ ഒരു പുരുഷൻ ഒമ്പതാം ക്ലാസിൽ അവളുടെ മലയാളം അധ്യാപകനായിരുന്ന അബ്ദുറഹിമാൻസാറായിരുന്നു.. കവിതയും കഥകളും എഴുതിയിരുന്ന അദ്ദേഹമായിരുന്നു അവൾക്ക് വായിക്കാൻ പുസ്തകങ്ങൾ കൊടുത്തിരുന്നത്.. നന്നായി പഠിച്ചിരുന്ന റസീനയെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു..അവളുടെ ജീവിത പശ്ചാത്തലമെല്ലാം അദ്ദേഹം മനസ്സിലാക്കിയിരുന്നു.. അദ്ദേഹത്തിന് അവളോട് സഹതാപം തോന്നി. ഒരു അധ്യാപകനായ അദ്ദേഹം അതൊരിക്കലും അവളുടെ മുമ്പിൽ പ്രകടിപ്പിച്ചില്ല.. പഠനവും പുസ്തകങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും അല്ലാതെ മറ്റൊരാവശ്യവും അവൾ സാറിനോട് ചോദിച്ചിരുന്നില്ല.. അബ്ദുറഹിമാൻ സാർ ഒരു അധ്യാപകൻ എന്ന നിലയിൽ അവൾക്ക് വേണ്ടതൊക്കെ ചെയ്തുകൊടുത്തു.. തന്നെ വിവാഹം കഴിക്കാൻ പോകുന്നത് മാനസിക വൈകല്യമുള്ള ഒരാളാണെന്ന് റസീനയ്ക്ക് അറിയില്ലായിരുന്നു.. റസീന സ്കൂളിൽ പോയി അബ്ദുറഹിമാൻ സാറിനെ കണ്ടു.. അവൾ അദ്ദേഹത്തോട് നിർവികാരമായി അവളുടെ കല്യാണം നിശ്ചയിച്ചത് പറഞ്ഞു.. അബ്ദുറഹിമാൻ സാറിന് സങ്കടപ്പെടുക എന്നല്ലാതെ മറ്റൊന്നും അവിടെ ചെയ്യാൻ ഉണ്ടായിരുന്നില്ല.. അദ്ദേഹം യത്തീംഖാനയുടെ കീഴിലുള്ള സ്കൂളിൽ അധ്യാപകനായി നീയമിതനായിട്ട് ഒരു വർഷമേ ആയുള്ളൂ.. യത്തീംഖാനയുടെ എല്ലാമായ ബഷീർ ഹാജിയുടെ തീരുമാനം അംഗീകരിക്കാനേ അദ്ദേഹത്തിന് കഴിയൂ.. അവളുടെ സംസാരത്തിൽ നിന്ന് അദ്ദേഹത്തിന് മനസ്സിലായി അവൾക്ക് അവളെ കെട്ടാൻ പോകുന്നവന് അസുഖമുള്ള കാര്യത്തെ പറ്റി ഒന്നും അറിയില്ല എന്ന്.. സങ്കടത്തോടെയാണെങ്കിലും മറ്റൊന്നും പറയാതെ അദ്ദേഹം അവളെ ആശ്വസിപ്പിക്കുകയും ആശിർവദിക്കുകയും ചെയ്തു.. റസീനയുടെ മനസ്സിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങളെല്ലാം പതുക്കെ പെയ്തൊഴിയാൻ തുടങ്ങി.. വെറുപ്പോടെ മാത്രം പുരുഷന്മാരെ കണ്ടിരുന്ന റസീന, അവൾക്ക് പ്രിയപ്പെട്ട അബ്ദുറഹിമാൻ സാറും അവള് വായിച്ച പുസ്തകങ്ങളിലെ പുരുഷ കഥാപാത്രങ്ങളും അവളിലെ പുരുഷവെറിക്ക് തെല്ല് ശമനം വരുത്തിയിരുന്നു.. മുഖാമുഖം കണ്ടിട്ടില്ലെങ്കിലും ആദ്യമായി ഒരു പുരുഷനെ അവൾ സ്നേഹിച്ച് തുടങ്ങി.. തനിക്ക് സ്നേഹിക്കാനും തന്നെ സ്നേഹിക്കാനും ആരൊക്കെയോ ഉണ്ടാകാൻ പോകുന്നു എന്ന ചിന്ത മറ്റെല്ലാ വിഷമങ്ങളും മറന്ന് അവളെ സന്തോഷിപ്പിച്ചു.. എന്നാണ് കല്യാണം? എവിടെവച്ചാണ് കല്യാണം? എന്നൊന്നും അവൾക്ക് അറിയില്ലായിരുന്നു.. സാധാരണ നാട്ടിൽ നടക്കുന്നതുപോലെ പന്തൽ കെട്ടി ആളുകളെ ക്ഷണിച്ച് അവർക്ക് നടുവിൽ വെച്ചായിരിക്കുമോ തന്റെ വിവാഹം ?, ഹേയ്, ആരോരുമില്ലാത്ത തന്റെ കല്യാണത്തിന് ഏതു വീട്ടിലാണ് പന്തൽ കെട്ടുക?, ആരാണ് കല്യാണച്ചിലവുകൾ വഹിക്കുക? അവൾ ഓരോന്ന് ചിന്തിച്ചു.. അവൾക്ക് ഒന്നും അന്വേഷിച്ച് അറിയാനുള്ള വഴി ഉണ്ടായിരുന്നില്ല..അവൾ ജനിച്ചത് മുതൽ അവളുടെ കാര്യങ്ങൾ തീരുമാനിച്ചത് സ്വന്തമോ ബന്ധമോ അല്ലാത്ത ആരൊക്കെയോ ആണ്.. യത്തീംഖാനയിലെ പെൺകുട്ടികൾ ( മൂന്നോ നാലോ പേരേയൊള്ളൂ ) പരസ്പരം സംസാരിച്ചതിൽ നിന്ന് റസീനയ്ക്ക് ഒരു കാര്യം മനസ്സിലായി, തന്നെ വിവാഹം കഴിക്കാൻ പോകുന്ന ആൾക്ക് എന്തോ അസുഖമുണ്ട് എന്ന്.. അവൾക്ക് സങ്കടം തോന്നി.. തന്റെ ജന്മത്തെ അവൾ ശപിച്ചു.. പിഴച്ചു പെറ്റ് ഉണ്ടായ തന്നെ പോലെയുള്ള ഒരു അനാഥയെ കല്യാണം കഴിക്കാൻ ഏതെങ്കിലും ആണുങ്ങൾ തയ്യാറാകുമോ?,രണ്ടാം വിവാഹക്കാരോ മൂന്നാം വിവാഹക്കാരോ അല്ലെങ്കിൽ എന്തെങ്കിലും അസുഖമോ മറ്റോ കാരണം എവിടെനിന്നും പെണ്ണ് കിട്ടാത്തവരോ അല്ലാതെ?.. അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.. അവൾ എന്തൊക്കെയോ ആലോചിച്ച് കിടന്നു.. തന്റെ ഭർത്താവാകാൻ പോകുന്നയാൾക്ക് എന്താണ് അസുഖം?, ചികിത്സിച്ചാൽ ഭേദമാകില്ലേ?, ഇനിയിപ്പോ ചികിത്സയുടെ ഭാഗമായിട്ടാണോ തന്നെ വിവാഹം കഴിക്കുന്നത്?, വിവാഹത്തിനുശേഷം അസുഖം ഭേദമായില്ലെങ്കിൽ തന്നെ മൊഴി ചൊല്ലുമോ?..അവൾക്ക് പേടിയായി.. പലതും മാറി ചിന്തിക്കാൻ അവൾ ശ്രമിച്ചെങ്കിലും ചിന്തയെല്ലാം അവളുടെ ഭാവി വരനെയും ഭാവി ജീവിതത്തെയും കുറിച്ച് തന്നെയായി.. പിറ്റേന്ന് വെള്ളിയാഴ്ചയായിരുന്നു.. അന്ന് പള്ളിയിൽ ജുമുഅക്ക് ശേഷം റസീനയുടെ കല്യാണത്തിന് വേണ്ടിയുള്ള പിരിവ് നടന്നു.. ഒരു യത്തീം കുട്ടിയുടെ വിവാഹത്തിന് അല്ലേ എന്ന് കരുതി ആളുകൾ അവരവർക്ക് കഴിയുന്നത് നൽകി.. ഒന്ന് രണ്ട് പണക്കാർ ഒന്ന് രണ്ട് പവനും കൊടുക്കാമെന്നേറ്റു… അന്ന് അവൾ ജനിച്ചു വളർന്ന നാട്ടിലെ പള്ളിയിലും അവളുടെ കല്യാണത്തിന് വേണ്ടിയുള്ള പിരിവുണ്ടായിരുന്നു.. തലേന്ന് രാത്രി ചിന്തകൾ കാട് കയറി എപ്പോഴാണ് ഉറങ്ങിയത് എന്ന് റസീനയ്ക്ക് അറിയില്ലായിരുന്നു.. അന്നും അവൾ പതിവുപോലെ സ്കൂളിൽ പോയി.. അന്ന് മുഴുവൻ വിഷാദ ഭാവമായിരുന്നു അവൾക്ക്.. വൈകുന്നേരം സ്കൂൾ വിട്ടു വന്നപ്പോൾ വാർഡനാണ് അവളോട് പറഞ്ഞത് അടുത്ത ബുധനാഴ്ചയാണ് അവളുടെ വിവാഹം എന്ന്.. അവളോട് അവൾക്ക് എടുക്കാനുള്ളത് എന്തൊക്കെയാണോ അതെല്ലാം പാക്ക് ചെയ്തു വെക്കാനും നാളെ മുതൽ സ്കൂളിൽ പോകണ്ട എന്നും ഇന്നോ നാളെയോ ആരെങ്കിലും വന്ന് ബഷീർ ഹാജിയുടെ വീട്ടിലേക്ക് കൊണ്ടുപോകും എന്നും അതിനായി ഒരുങ്ങി ഇരിക്കാനും വാർഡൻ അവളോട് പറഞ്ഞു.. അവൾക്ക് പാക്ക് ചെയ്തു വെക്കാനായി കുറച്ച് പുസ്തകങ്ങളും ആരൊക്കെയോ കൊടുത്ത പഴയ കുറച്ച് വസ്ത്രങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ജീവിതത്തിൽ ഒന്നോ രണ്ടോ തവണ ആരോ വാങ്ങിക്കൊടുത്ത വിലകുറഞ്ഞ ഡ്രസ്സുകളല്ലാതെ പുതിയ ഡ്രസ്സുകൾ അവൾ ധരിച്ചിരുന്നില്ല. ആരൊക്കെയോ ഒഴിവാക്കിയ വസ്ത്രങ്ങളായിരുന്നു അവൾ ധരിച്ചിരുന്നത്.. എങ്കിലും അത് അവൾക്ക് പ്രിയപ്പെട്ടതായിരുന്നു. അവളതും പാക്ക് ചെയ്തു.. ശനിയാഴ്ച രാവിലെ പത്തുമണിയോട് കൂടി ബഷീർ ഹാജിയുടെ ഡ്രൈവർ കാറും കൊണ്ടുവന്ന് അവളെ ബഷീർ ഹാജിയുടെ വീട്ടിലേക്ക് കൊണ്ടുപോയി.. അവളുടെ പ്രിയപ്പെട്ട അധ്യാപകൻ അബ്ദുറഹിമാൻ സാറിനോട് യാത്ര പറയാൻ കഴിയാത്തതിൽ മാത്രം അവൾക്ക് വിഷമം തോന്നി.. ബഷീർ ഹാജിയുടെ മൂന്ന് ആൺമക്കളും നാല് പെൺകുട്ടികളും വിവാഹിതരായിരുന്നു. അവർക്ക് മക്കളും ചിലരുടെ മക്കൾക്ക് മക്കളും ആയിരുന്നു.. അണു കുടുംബ വ്യവസ്ഥിതി അത്രയ്ക്ക് സജീവമല്ലാത്ത കാലമായതുകൊണ്ട് കൂട്ടുകുടുംബമായായിരുന്നു അവർ താമസിച്ചത്.. റസീന ബഷീർ ഹാജിയുടെ വീട്ടിൽ എത്തി.. അവൾക്ക് മാത്രമായി ഒരു റൂമും തരപ്പെടുത്തി കൊടുത്തു.. അവിടെ അവളോട് ആരും തന്റെ ഭൂതകാലത്തെക്കുറിച്ച് ചോദിച്ചില്ല. വീട്ടിലുണ്ടായിരുന്ന പതിനഞ്ചോളാം അംഗങ്ങൾ അവരിൽ ഒരുവളായി അവളെ കണ്ടു..പിഴച്ചു പെറ്റ അവളെ പോലെയുള്ള ഒരു അനാഥയെ ഇങ്ങനെ പരിഗണിക്കുന്നത് അവളുടെ ആദ്യത്തെ അനുഭവമായിരുന്നു.. ഒന്ന് രണ്ട് ദിവസങ്ങൾക്കകം തന്റെ ഭർത്താവാകാൻ പോകുന്നയാൾ ക്രൂരനോ ആക്രമ സ്വഭാവമുള്ളവനോ അല്ല എന്നും മറ്റെന്തോ ചെറിയ പ്രശ്നമേയുള്ളൂ എന്നും ബഷീർ ഹാജി വളരെ നല്ലവനായ ഒരു മനുഷ്യനാണെന്നും അവൾ മനസ്സിലാക്കി.. ബഷീർ ഹാജിയുടെ വീട്ടിലെ മൂന്നാല് ദിവസത്തെ ജീവിതം, ജീവിതം എന്താണ് എന്ന് അവൾ അനുഭവത്തിലൂടെ അറിഞ്ഞു.. ബഷീർ ഹാജിയുടെ ഭാര്യ അവളെ സ്വന്തം മകളെ പോലെ സൽക്കരിച്ചു.. അവർക്ക് കബീറിനെ ( വരൻ ) വളരെ ചെറുപ്പം മുതലേ അറിയാമെന്നും നിഷ്കളങ്കനും ശുദ്ധനും പാവവുമാണ് അവനെന്നും എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അവന് അറിയൂവെന്നും അവർ റസീനയോട് പറഞ്ഞു.. ബഷീർ ഹാജിയുടെ വീട്ടിലെ കളിയും ചിരിയും തമാശയും കുട്ടികൾ തമ്മിലുള്ള വഴക്കും അതു പരിഹരിക്കാൻ മുതിർന്നവരുടെ ഇടപെടലും റസീനയെ ഒരുപാട് സന്തോഷിപ്പിച്ചു.. തന്നെ കെട്ടാൻ പോകുന്നവൻ ഭ്രാന്തനായാലും വേണ്ടിയില്ല, ഒരുപാട് അംഗങ്ങളുള്ള ഒരു കുടുംബത്തിലേക്ക് താനും എത്തുമല്ലോ എന്ന് അവൾ ആശ്വസിച്ചു.. തന്റെ വൈവാഹിക ജീവിതമോ അതിലെ വിജയ പരാജയങ്ങളോ അവൾക്കൊരു പ്രശ്നമായി തോന്നിയില്ല.. ചൊവ്വാഴ്ച വൈകുന്നേരം ആരൊക്കെയോ ബഷീർ ഹാജിയുടെ വീട്ടിൽ വരുകയും എന്തൊക്കെയോ ചർച്ച ചെയ്യുകയും വന്നവരിൽ ചിലർ റസീനയ്ക്ക് സ്വർണ്ണവും പൈസയും കൊടുക്കുകയും അവളെ ആശ്വസിപ്പിക്കുകയും ആശിർവദിക്കുകയും ചെയ്തു.. ബുധനാഴ്ച രാവിലെ പത്തുമണിയോടുകൂടി വീട്ടുകാരും അയൽക്കാരും റസീനയ്ക്ക് പരിചയമുള്ള അവൾ ജനിച്ചു വളർന്ന നാട്ടിലെ ചില ആളുകളും ബഷീർ ഹാജിയുടെ വീട്ടിൽ ഹാജരായി..പതിനൊന്ന് മണിയോടുകൂടി ഒരു ജീപ്പിൽ വരനും വരന്റെ ആൾക്കാരുമായി ഏഴോളം പേർ ഹാജിയാരുടെ വീട്ടിൽ എത്തി.. വരനും കൂട്ടരും വണ്ടിയിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് വരുന്ന വഴി മുറിയുടെ ജനവാതിലിലൂടെ ആരോ ചൂണ്ടിക്കാണിച്ച് കൊടുത്തിട്ടാണ് റസീന തന്റെ പ്രതിശ്രുത വരനെ ആദ്യമായി കാണുന്നത്.. സുന്ദരനും സുമുഖനും ആരോഗ്യവാനുമായ ഒരു യുവാവ്.. അവന്റെ നടത്തത്തിലോ പെരുമാറ്റത്തിലോ എന്തെങ്കിലും കുറവ് കാണാൻ റസീനയ്ക്ക് കഴിഞ്ഞില്ല.. റസീന തന്റെ വരനെ കുറിച്ച് ചിന്തിച്ച് മനക്കോട്ട കെട്ടിവെച്ചിരുന്ന വിഷമങ്ങളെല്ലാം അലിഞ്ഞില്ലാതായി.. വധുവിന്റെ രക്ഷിതാവായി ബഷീർ ഹാജിയായിരുന്നു വരന് കൈക്കൊടുത്ത് അവളെ അവന് നിക്കാഹ് ചെയ്ത് കൊടുത്തത്.. നിക്കാഹ് കഴിഞ്ഞതിനുശേഷം ബഷീർ ഹാജിയോടും അദ്ദേഹത്തിന്റെ ഭാര്യയോടും മക്കളോടും ചിരിച്ചും കളിച്ചും കുശലം പറഞ്ഞും ജീപ്പിൽ കയറി പോകുന്ന നിഷ്കളങ്കനായ തന്റെ ഭർത്താവിനെ കണ്ട് റസീന സന്തോഷിച്ചു.. കുറച്ച് സമയങ്ങൾക്ക് ശേഷം വരന്റെ പെങ്ങളും മറ്റ് കുറച്ച് സ്ത്രീകളും വന്ന് റസീനയെ അണിയിച്ചൊരുക്കി ആഭരണങ്ങളണിയിച്ച് അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി.. അപ്പോഴും അവൾക്കറിയില്ലായിരുന്നു തന്റെ ഭർത്താവിന്റെ ആ നിഷ്കളങ്കതയാണ് അയാളുടെ രോഗമെന്ന്… തുടരും…. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം idhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com