
കോഴിക്കോട് : ജില്ലയിൽ സ്ഥിരമായി അതിവേഗവും അലക്ഷ്യമായുമൊക്കെ ബസ് ഓടിച്ച് അപകടം വരുത്തിവെക്കുകയും നിയമലംഘനങ്ങൾ നടത്തുകയും ചെയ്ത ഡ്രൈവർമാർക്ക് പൂട്ട്. കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ആർ. രാജീവിന്റെ നിർദേശപ്രകാരം കോഴിക്കോട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. കെ. ബിജുമോനാണ് 35 ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.കഴിഞ്ഞമാസം കുറ്റിക്കാട്ടൂരിൽ ഡോർ അടയ്ക്കാത്തതിനെത്തുടർന്ന് യുവതി പുറത്തേക്കുവീണ് അപകടം സംഭവിച്ച ബസിന്റെ ഡ്രൈവറുടെയും പറയഞ്ചേരിയിൽ ബൈക്ക് യാത്രക്കാരായ ദമ്പതിമാർ ബസ് തട്ടി വീണപ്പോൾ കാലിനുമുകളിലൂടെ ബസ് കയറിയിറങ്ങിയ അപകടത്തിലെ ബസിന്റെ ഡ്രൈവറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
യാത്രക്കാരുടെ മരണത്തിനിടയാക്കിയ ചില ബസ്സപകടങ്ങളിലെ ഡ്രൈവർമാരുടെ ലൈസൻസും സസ്പെൻഡ് ചെയ്തിട്ടുണ്ട്.അടുത്തിടെനടന്ന സംഭവങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഡ്രൈവർമാരുടെ ലൈസൻസാണ് കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തത്
സിഗ്നൽ വെട്ടിച്ച് അതിവേഗം പോകുക, ഡോർ തുറന്നിട്ട് ബസ് ഓടിക്കുക, മത്സര ഓട്ടം തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ ഡ്രൈവർമാരുടെ ലൈസൻസാണ് പ്രധാനമായും എൻഫോഴ്സ്‌മെന്റ് വിഭാഗം സസ്പെൻഡ് ചെയ്തത്.സസ്പെൻഡ് ചെയ്ത ഡ്രൈവർമാർ നിർബന്ധമായും എടപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ നടക്കുന്ന മൂന്നുദിവസത്തെ പരിശീലക്ലാസിൽ പങ്കെടുക്കണം.35 പേരുള്ളതിനാൽ ഘട്ടംഘട്ടമായാണ് പങ്കെടുക്കേണ്ടത്. ഇവരുടെ ആദ്യബാച്ച് ബുധനാഴ്ച ആരംഭിക്കുംക്ലാസിൽ പങ്കെടുക്കുന്നതിനായി 3000 രൂപയാണ് ചെലവ്. ഇത് ഡ്രൈവർമാർ വഹിക്കണം. ഇതിനുപുറമേ അഞ്ചുദിവസം ജില്ലയിലെ ഏതെങ്കിലും പാലിയേറ്റീവ് സെന്ററിൽ സേവനമനുഷ്ഠിക്കണമെന്നും ഡ്രൈവർമാരോട് മോട്ടോർവാഹനവകുപ്പ് നിർദേശിച്ചിട്ടുണ്ട്



