
തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിവൽ 2026-ന്റെ പ്രീ-ഇവന്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സൺഡേ ഫൺ റൈഡ്’ ജൂലൈ 26-ന് രാവിലെ 7.30-ന് കോഴിക്കോട് ബീച്ചിൽ നിന്ന് ആരംഭിക്കും. കോഴിക്കോട് നോർത്ത് എംഎൽഎ അഡ്വ. കെ. ജയന്ത് ഫ്ലാഗ് ഓഫ് ചെയ്യുന്ന റൈഡ് കുന്നമംഗലം, ആർ.സി.സി, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കക്കാടംപൊയിൽ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പുലിക്കയം വഴി കോടഞ്ചേരി അങ്ങാടിയിൽ സമാപിക്കും.
റൈഡിന്റെ ഭാഗമായി കോടഞ്ചേരി ടൗണിൽ സി.കെ. കാസിം എം.എൽ.എ റൈഡിന് സ്വീകരണം നൽകും. മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണവും ജില്ലയിലെ സാഹസിക വിനോദസഞ്ചാര സാധ്യതകൾ ജനങ്ങളിലെത്തിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (KATPS), ഡി.ടി.പി.സി കോഴിക്കോട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിക്ക് കാലിക്കറ്റ് ബുള്ളറ്റ് ക്ലബ്ബ് ഉൾപ്പെടെയുള്ള സംഘടനകൾ പിന്തുണ നൽകുന്നുണ്ട്. സാഹസിക ടൂറിസം പ്രേമികളും ബൈക്ക് റൈഡർമാരും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.



