LOCAL NEWSTHIRUVAMBADY

ഇരുവഞ്ഞിപ്പുഴ വരളുന്നു: കൈവഴികൾ വറ്റി‍

ഇരുവഞ്ഞിപ്പുഴ, തിരുവമ്പാടി തോട്ടത്തിൻകടവിൽനിന്നുള്ള ദൃശ്യം ചിത്രം : ഫാസിൽ തിരുവമ്പാടി

തിരുവമ്പാടി : ചാലിയാറിന്റെ പോഷകനദിയായ ഇരുവഞ്ഞിപ്പുഴയുടെ തിരുവമ്പാടി പഞ്ചായത്ത് അധീനപ്രദേശങ്ങളിൽ വരൾച്ച അതിരൂക്ഷം. പലഭാഗങ്ങളിലും പുഴ നീർച്ചാലായി മാറി. ഉത്ഭവസ്ഥലമായ വെള്ളരിമലയുടെ താഴ്‌വാരങ്ങളിൽ പുഴയിലെ ജലവിതാനം കുത്തനെ താഴ്‌ന്നു. മറിപ്പുഴ, മുത്തപ്പൻപുഴ, ആനക്കാംപൊയിൽ, പുല്ലൂരാംപാറ, തിരുവമ്പാടി, തോട്ടത്തിൻകടവ് ഭാഗങ്ങളിലെല്ലാം പുഴ നാൾക്കുനാൾ വരളുകയാണ്.

ഇരുവഞ്ഞിപ്പുഴയുടെ കൈവഴികളായ പൊയിലിങ്ങാപുഴ, കണിയാടുപുഴ, ഇടത്തറപ്പുഴ, കരിമ്പുഴ, ചാലിപ്പുഴ, കൂടരഞ്ഞി പഞ്ചായത്തിലുള്ള ചെറുപുഴ എന്നിവയെല്ലാം വറ്റുകയാണ്.പുഴകളിലേക്ക് ഒഴുകിക്കൊണ്ടിരുന്ന കൈത്തോടുകളെല്ലാം വറ്റിവരണ്ടു. ഒറ്റപ്പെട്ട മൂന്ന് വേനൽമഴകൾ മാത്രമാണ് ഇക്കുറി ലഭിച്ചത്.ചാലിയാർ പുഴയുടെ ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടർ പ്രവർത്തിക്കുന്നതിനാൽ ഇരുവഞ്ഞിപ്പുഴയുടെ കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്ത്, മുക്കം നഗരസഭ അധീനപ്രദേശങ്ങളിൽ വരൾച്ച സാരമായി ബാധിച്ചിട്ടില്ല.

മുക്കം തൃക്കുടമണ്ണ കടവുവരേയുള്ള ഭാഗങ്ങളിൽ ഈ പദ്ധതിയുടെ ഗുണംലഭിക്കുന്നുണ്ട്. ശേഷമുള്ള ഭാഗങ്ങളിലാണ് ജലവിതാനം കുത്തനെ താഴ്‌ന്നത്.തീരങ്ങളിലെ കുടിവെള്ളപദ്ധതികളും അവതാളത്തിലാകുന്ന വിധത്തിലാണ് വരൾച്ചയുടെ പോക്ക്. വീടുകളിലെ കിണറുകളിലും ജലവിതാനം കുറഞ്ഞ് പലയിടങ്ങളിലും വറ്റിത്തുടങ്ങി. മതിയായ ജലസേചനസൗകര്യം ലഭിക്കാത്തതുകാരണം വിളകൾ കരിഞ്ഞുണങ്ങുന്നതായി കർഷകർ പറയുന്നു.

മലയോരങ്ങളിലെ പ്രകൃതിദത്ത നീരുറവകളും വറ്റിവരണ്ടത് കുടിനീർപ്രശ്നം രൂക്ഷമാക്കുകയാണ്. വേനൽമഴ കനിയാത്ത സാഹചര്യത്തിൽ പുഴകളിൽ തടയണകൾ നിർമിക്കണമെന്ന ആവശ്യവുമായി തീരവാസികൾ രംഗത്തെത്തിയിട്ടുണ്ട്.മുമ്പെങ്ങുമില്ലാത്ത അത്യുഷ്ണംകാരണം മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇനിയും ഉണർന്നില്ല. ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിൽ കുളിരുതേടിയായിരുന്നു പൊതുവേ ഇവിടങ്ങളിൽ സഞ്ചാരികൾ ഒഴുകാറുള്ളത്.

കുടിവെള്ളവിതരണം തുടങ്ങിവേനലിനെ ചെറുക്കാൻ മലയോരമേഖലയിലെങ്ങും ഗ്രാമപ്പഞ്ചായത്തുകൾ ലോറികളിൽ സൗജന്യ കുടിവെള്ളവിതരണം ആരംഭിച്ചിട്ടുണ്ട്. കൂടരഞ്ഞി പഞ്ചായത്തിലെ കരിങ്കുറ്റി, പീടികപ്പാറ, കൂമ്പാറ, മരഞ്ചാട്ടി, പനക്കച്ചാൽ, കുളിരാമുട്ടി, മുതുവമ്പായി, തിരുവമ്പാടി പഞ്ചായത്തിലെ തുമ്പക്കോട്ടുമല, പാമ്പിഴഞ്ഞപാറ, കോടഞ്ചേരി പഞ്ചായത്തിലെ മീൻമുട്ടി, പാറമല, തൊഴിലാളിക്കുന്ന്, പള്ളിമല, കൊരങ്ങൻപാറ, പൊട്ടൻകോട്, മൈക്കാവ്, കല്ലൻതറമേട്, നിരന്നപാറ, കാരശ്ശേരി പഞ്ചായത്തിലെ കൊളോറൻകുന്ന്, തടപ്പറമ്പ്, തോട്ടക്കാട്, മൈസൂർപറ്റ, ഊരാളിക്കുന്ന്, കൊടിയത്തൂർ പഞ്ചായത്തിലെ കണ്ണാംപറമ്പ്, കള്ളാടിക്കുന്ന്, പാറപ്പുറം, മുറത്ത്മൂല, ഗോതമ്പ് റോഡ് എന്നിവിടങ്ങളിലെല്ലാം കുടിനീർപ്രശ്നം രൂക്ഷമായി തുടരുകയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com