
കോടഞ്ചേരി : വട്ടച്ചിറ ആദിവാസി കോളനിയിലെ സാംസ്കാരിക നിലയത്തിൽ വെച്ച് അന്തർദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി നടന്ന ” സ്ത്രീ ശാക്തീകരണസെമിനാറും മെഡിക്കൽ ക്യാമ്പും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാസ് സുബൈറിന്റെ അധ്യക്ഷത ചേർന്ന യോഗത്തിൽ ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ മെഹറൂഫ് എം. കെ. മുഖ്യപ്രഭാഷണം നടത്തി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ലീലാമ്മ കണ്ടത്തിൽ, ഊരുമൂപ്പൻ അയ്യപ്പൻ വട്ടച്ചിറ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്ത്രീകളുടെയും കുട്ടികളുടെയും നിയമപരിരക്ഷ സംബന്ധിച്ച് ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് അഫ്സൽ, പട്ടികവർഗ്ഗ വികസന വകുപ്പിന്റെ വിവിധ പദ്ധതികൾ സംബന്ധിച്ച് ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് സീനിയർ ക്ലർക്ക് അബ്ദുൾ റഹീം എന്നിവർ ക്ലാസുകൾ എടുത്തു.പട്ടികവർഗ്ഗ വകുപ്പിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. വട്ടച്ചിറയിലെ സാംസ്കാരിക നിലയത്തിൽ എത്തിച്ചേർന്ന രോഗികളെ പരിശോധിച്ചു മരുന്നുകൾ നൽകി. കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീഷ് എസ്. സ്വാഗതവും എസ് ടി പ്രമോട്ടർ ശ്യാംകിഷോർ നന്ദിയും പറഞ്ഞു.



