LOCAL NEWS

ദേശീയ പാത നവീകരണ നടപടികൾ മുന്നോട്ട്; കൊടുവള്ളിയിൽ 20 മീറ്ററിൽ ഹൈവേ

കൊടുവള്ളി: ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാകുന്ന വിധത്തിൽ കൊടുവള്ളിയിൽ 20 മീറ്ററിൽ ദേശീയ പാത നവീകരിച്ചു മുന്നോട്ടു പോകാനുള്ള നടപടികളുമായി അധികൃതർ. നഗരസഭയുടെ നേതൃത്വത്തിൽ നേരത്തെ വിളിച്ചുചേർത്ത വ്യാപാരികളുടെ യോഗത്തിൽ ഇക്കാര്യം ധാരണയായിരുന്നു. കിഫ്ബി അധികൃതർ വിശദമായ സർവേ നടത്തി തുടർ നടപടികൾ വൈകാതെ ആരംഭിക്കുമെന്നാണ് വിവരം.

24 മീറ്ററിൽ റോഡ് നവീകരിക്കണമെന്നായിരുന്നു കിഫ്ബി ആദ്യം മുന്നോട്ട് വച്ച നിർദേശം. എന്നാൽ കൂടുതൽ കെട്ടിടങ്ങൾ നീക്കേണ്ടി വരുമെന്നതിനാൽ ഇത് 22 മീറ്ററാക്കാനും ധാരണയായിരുന്നു. എന്നാൽ 20 മീറ്ററിൽ നവീകരിച്ചാൽ സഹകരിക്കാമെന്ന നിലപാടാണ് വ്യാപാരികളെടുത്തത്. ഇത് കിഫ്ബി അധികൃതർ അംഗീകരിക്കുമെന്ന പ്രതീക്ഷയാണ് നഗരസഭാധികൃതർ പങ്കുവയ്ക്കുന്നത്. പുതിയ പദ്ധതിയുടെ ഭാഗമായി കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും നഷ്ടപരിഹാരത്തുക ലഭിക്കാൻ ഇടയില്ല. വലിയ തുകയുടെ ബാധ്യതകളില്ലാതെ കൊടുവള്ളിയിൽ ഒരു പദ്ധതി നടപ്പാക്കാനാണ് കിഫ്ബിയുടെയും ശ്രമം. ദേശീയ പാത നവീകരണത്തോടൊപ്പം സിറാജ് ബൈപാസും വീതി കൂട്ടി നവീകരിച്ചാൽ മാത്രമേ പദ്ധതിയുടെ പൂർണ ഫലം ലഭ്യമാകൂ എന്നിരിക്കെ ഇതിനു ഫണ്ട് പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. പടനിലം വെണ്ണക്കാട് ഭാഗത്തു നിന്നും ദേശീയ പാത വികസന പദ്ധതി മണ്ണിൽ കടവ് ഭാഗത്തെ ബന്ധിപ്പിക്കുന്ന നടപടികളാരംഭിച്ചാൽ കൊടുവള്ളിക്ക് മറ്റു വികസന പദ്ധതികൾക്ക് സാധ്യതയുണ്ടാവില്ലെന്ന് പുതിയ പദ്ധതിയെ പിന്തുണയ്ക്കുന്നവർ പറയുന്നു. കാരാട്ട് റസാഖ് എംഎൽഎ ആയിരുന്ന കാലത്ത് കൊണ്ടുവന്ന 55 കോടിയുടെ സിറാജ് മേൽപാലം, അടിപ്പാത പദ്ധതി സ്തംഭനാവസ്ഥയിലായതോടെയാണ് പുതിയ പദ്ധതിക്ക് നീക്കമാരംഭിച്ചിരിക്കുന്നത്. നാറ്റ് പാക്ക് നടത്തിയ പഠനത്തെ തുടർന്നാണ് കിഫ്ബി പുതിയ ദേശീയ പാത നവീകരണ പദ്ധതിക്ക് നീക്കമാരംഭിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com