
കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽ പെട്ട് കാണാതായ ഈസ്റ്റ് മലയമ്മ പൂലോട്ട് നിസാറിന്റെ മകൻ ഹുസ്നി മുബാറക്നു വേണ്ടിയുള്ള തിരച്ചിൽ ഇന്നലെ വൈകിട്ടോടെ നിർത്തി വെച്ചിരുന്നു .
പോലീസ്, ഫയർ ഫോഴ്സ്, എൻ.ഡി. ആർ.എഫ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയ്തെങ്കിലും ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നത് കാരണം ഭാഗികമായ തിരച്ചിൽ മാത്രമാണ് ഇന്നലെ നടത്താൻ സാധിച്ചത്.
കോഴിക്കോട് സബ് കളക്ടർ സി ചെൽസാ സിനി, താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫ് തെങ്ങിലകണ്ടി, കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്. ഒ പ്രവീൺകുമാർ, എസ്.ഐമാരായ അഭിലാഷ് കെ.സി, സാജു സി, താമരശ്ശേരി തഹസിൽദാർ സി. സുബൈർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, മുക്കം ഫയർ ഫോഴ്സ് ഓഫീസർ ഷംസുദ്ദീൻ എന്നിവരും സ്ഥലത്ത് എത്തി._
എന്റെ മുക്കം സന്നദ്ധസേന, എ.ആർ.ടി കൂരാച്ചുണ്ട്, കർമ്മ ഓമശ്ശേരി, യൂത്ത് ലീഗ് വൈറ്റ് ഗാർഡ്, കയാങ്ങ്, രാഹുൽ ബ്രിഗേഡിയർ, പാസ്കോ പെരില്ലി, കർമ്മ സേന മുറമ്പാത്തി, നസ്രാ റെസ്ക്യൂ ഫോഴ്സ് കോഴിക്കോട്, മുക്കം സിവിൽ ഡിഫൻസ്, ടാസ്ക് ഫോഴ്സ് കോടഞ്ചേരി, പുനർജനി ആനക്കാംപൊയിൽ, സാന്ത്വനം ഓമശ്ശേരി തുടങ്ങിയ സന്നദ്ധ സംഘടന പ്രവർത്തകരും തിരച്ചിലിന് വേണ്ടി സ്ഥലത്ത് എത്തിയിരുന്നു.
ഇന്ന് രാവിലെ 8:00 മണിക്ക് വീണ്ടും തിരച്ചിൽ ആരംഭിച്ചു.ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. അതേസമയം ഇന്നും കനത്ത മഴയാണ് മലയോര മേഖലകളിൽ പെയ്യുന്നത്.
തിരച്ചിലിന് ഇറങ്ങുന്ന സന്നദ്ധ സംഘടനകൾ എൻ ഡി ആർ എഫ്, ഫയർഫോഴ്സ്, പോലീസ് എന്നിവരെ അറിയിക്കണമെന്നും ഒറ്റയ്ക്ക് ആരും ഇറങ്ങരുത് എന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു. പഞ്ചായത്തിലെ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ, ഇരുതുള്ളി പുഴ എന്നീ പുഴകളിൽ കനത്ത മഴവെള്ളപ്പാച്ചിൽ ഉണ്ടാകാനിടയുള്ളതുകൊണ്ട് മൺസൂൺ ടൂറിസം നിരോധിച്ചതായും അറിയിച്ചു.



