സരോജിനിക്കും ഗോപിക്കും വീട് രേഖകൾ ഉടൻ നൽകണമെന്ന് കളക്ടർക്ക് മനുഷ്യാവകാശ കമ്മിഷൻ നോട്ടീസ്

തിരുവമ്പാടി : പ്ലാസ്റ്റിക്‌ഷീറ്റുകൊണ്ട് മറച്ച ഷെഡ്ഡിൽ താമസിക്കുന്ന എസ് സിഎസ് സി കുടുംബങ്ങൾക്ക് വീട് നിർമിക്കാനാവശ്യമായ റവന്യൂരേഖകൾ ഉടൻ ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശംനൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഗ്രാമപ്പഞ്ചായത്തിലെ പത്താംവാർഡിൽ കുടുംബങ്ങൾ കൈവശംവെച്ചിരിക്കുന്ന ഭൂമിയ്ക്ക് രേഖകൾ നൽകുന്നതിനാവശ്യമായ നടപടിക്രമങ്ങൾ ത്വരപ്പെടുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകണമെന്നാണ് ഉത്തരവ്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് കളക്ടർ രണ്ടുമാസത്തിനകം മനുഷ്യാവകാശ കമ്മിഷൻ മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കണമെന്നും കേസ് തീർപ്പാക്കിക്കൊണ്ടുളള ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.താഴെ തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്തെ വീടുകളിലാണ് എസ് സി കുടുംബങ്ങൾ കാലങ്ങളായി നരകതുല്യജീവിതം നയിക്കുന്നത്. അറുപതുവർഷംമുമ്പാണ് കുടികിടപ്പാവകാശം വഴി രണ്ടുകുടുംബങ്ങൾക്ക് സമീപത്തെ തുറയൻകുടുംബം പത്തുസെന്റ് വീതം ഭൂമിനൽകുന്നത്. പ്രധാന റോഡരികിലായി മൂന്നുവീടുകളാണുള്ളത്. ആദ്യവീട്ടിൽ താമസിച്ചിരുന്നത് കുനിയിൽപറമ്പത്ത് മാരനും കുടുംബവുമായിരുന്നു.
ഓടിട്ട ഈ വീട് പൂർണമായും തകർന്നനിലയിലാണ്. മാരന്റെ മരണശേഷം സഹോദരിയുടെ മകൾ സരോജിനി തൊട്ടടുത്ത് കൂരകെട്ടി താമസിക്കുന്നു. മതിയായ രേഖകളുടെ അഭാവംമൂലം വീട് അറ്റകുറ്റപ്പണികൾക്കോ പുനർനിർമാണത്തിനോ ഒരുവിധ സഹായവും ലഭ്യമല്ലാത്ത ഇവരുടെ ദുരിതം കഴിഞ്ഞ വർഷം നവംബർ 24-ന് വാർത്ത വന്നിരുന്നു.ഇതേത്തുടർന്ന് പൊതുപ്രവർത്തകനായ സെയ്തവലി ആനടിയിൽ നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ പ്രത്യേക ഉത്തരവ്. വാർത്തയെത്തുടർന്ന് ലാൻഡ് ട്രിബ്യൂണലിൽ അപേക്ഷ സമർപ്പിക്കാൻ നേരത്തേ വില്ലേജ് ഓഫീസർ കുടുംബങ്ങൾക്ക് നിർദേശംനൽകിയിരുന്നു. രേഖകൾ ലഭ്യമാകുന്ന മുറയ്ക്ക് ഭവനനിർമാണത്തിന് സഹായധനം നൽകുന്നതാണെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയും മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.



