KERALA NEWS

അയോഗ്യത നടപടി നേരിട്ടതിന് ശേഷം രാഹുൽഗാന്ധി ഇന്ന് വയനാട്ടിൽ; കൽപറ്റയിൽ ഗതാഗത നിയന്ത്രണം

കൽപറ്റ : അയോഗ്യത നടപടി നേരിട്ടതിന് ശേഷം രാഹുൽഗാന്ധി നാളെ മണ്ഡലത്തിലെ വോട്ടർമാരെ കാണാൻ ഇന്ന് കൽപറ്റയിലെത്തും. പരിപാടിയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമെത്തും. ആയിരങ്ങൾ അണിനിരക്കുന്ന റോഡ്‌ ഷോ ഉച്ചയ്ക്ക് ശേഷം 3 മണിയോടെ കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിക്കും.

റോഡ്‌ഷോയിൽ പാർട്ടി കൊടികൾക്ക് പകരം ദേശീയപതാക ആയിരിക്കും ഉപയോഗിക്കുക. സത്യമേവ ജയതേ എന്ന പേരിൽ നടക്കുന്ന റോഡ്‌ ഷോയിലേക്ക് രാഹുലും പ്രിയങ്കയും എത്തിച്ചേരും. റോഡ്‌ ഷോയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകർ പങ്കാളികളാവും.

തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗിക്കും. രാഹുൽ ഗാന്ധിയോയൊപ്പം സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, മോൻസ് ജോസഫ് എംഎൽഎ, എൻ.കെ. പ്രേമചന്ദ്രൻ എംപി, സി.പി. ജോൺ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി യുഡിഎഫ് നേതാക്കൾ അറിയിച്ചു. ലോക്‌സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ കത്ത് വിതരണം ചെയ്യുന്ന പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്. കൽപറ്റയിൽ വാഹന ഗതാഗത ക്രമീകരണം ഉണ്ടാകുമെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎൽഎ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, കൺവീനർ കെ.കെ. വിശ്വനാഥൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവർ അറിയിച്ചു.

കൽപ്പറ്റ ടൗണിൽ ഗതാഗത നിയന്ത്രണം

ഇന്ന് 12.00 മണി മുതൽ കൽപ്പറ്റ മുൻസിപ്പൽ ഓഫിസിനും കൈനാട്ടി ബൈപാസ് ജംഗ്ഷനും ഇടയിൽ ടൗണിലൂടെ ഒരു വാഹനങ്ങൾക്കും ഗതാഗതം അനുവദിക്കുന്നതല്ല.ബത്തേരി -മാനന്തവാടി ഭാഗങ്ങളിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൈനാട്ടി ബൈപാസ്സ് ജംഗ്ഷൻ വഴി കടന്ന് പോകേണ്ടതാണ്.കോഴിക്കോട് ഭാഗത്ത് നിന്നും ബത്തേരി മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ നിന്നും ബൈപ്പാസ് വഴി കടന്ന് പോകേണ്ടതാണ്.ബത്തേരി മാനന്തവാടി ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ കൈ നാട്ടിബൈപ്പാസ്സ് ജംഗ്ഷനിൽ നിന്നും ബൈപ്പാസ്സ് വഴി പുതിയ ബസ് സ്റ്റാൻറിൽ പ്രവേശിച്ച് ആളുകളെ ഇറക്കി ശേഷം പഴയ സ്റ്റാൻറ് വരെ വന്ന് യാത്രക്കാരെ കയറ്റി തിരിച്ച് ജനമൈത്രി ജഗ്ഷൻ വഴി ബൈപ്പാ സിലൂടെ തന്നെ തിരികെ പോകേണ്ടതാണ്.കോഴിക്കോട് ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ പുതിയ ബസ് സ്റ്റാൻറിൽ പ്രവേശിച്ച് ആളുകളെ ഇറക്കി ശേഷം പഴയ സ്റ്റാൻറ് വരെ വന്ന് യാത്രക്കാരെ കയറ്റി തിരിച്ച് തിരികെ ജനമൈത്രി ജംഗ്ഷൻ വഴി ബൈപ്പാസിലൂടെ കടന്ന് പോകേണ്ടതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com