
കോഴിക്കോട് : അഞ്ചുജില്ലകളുടെ ആതുരാലയമായ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് വാഹനങ്ങൾ ഓടിക്കുന്നവർ ഇവിടത്തെ തിരക്ക് അവഗണിക്കുന്നതാണ് അപകടങ്ങൾ വർധിക്കാൻ പ്രധാനകാരണമെന്ന് പ്രദേശവാസികളും കച്ചവടക്കാരും പറയുന്നു.ആശുപത്രിയുമായി ബന്ധപ്പെട്ട് മരുന്ന്, ഭക്ഷണം, മറ്റു സാധനങ്ങൾ വാങ്ങാൻ റോഡിലെത്തുന്നവർ സ്വന്തക്കാരുടെ രോഗവും മറ്റും അലട്ടുന്ന ചിന്തയോടെ ഓടുന്നവരായിരിക്കും. അതേസമയം, പല ബസുകളും മറ്റു വാഹനങ്ങളും ആശുപത്രി പരിസരത്തിന് നൽകേണ്ട പരിഗണന ഓട്ടത്തിനിടെ ശ്രദ്ധിക്കാറില്ല. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മെഡിക്കൽ കോളേജ് ജങ്‌ഷനിൽ സീബ്രാലൈനിന്റെ സുരക്ഷിതത്വംപോലും പലപ്പോഴും കാൽനടയാത്രക്കാർക്ക് ലഭിക്കാറില്ല.
ബന്ധുവായ യുവതിയെ മാതൃ-ശിശുസംരക്ഷണകേന്ദ്രത്തിൽ സന്ദർശിച്ച് തിരിച്ചുവരുമ്പോഴാണ് ബാലുശ്ശേരി കുന്നക്കൊടി എരമംഗലം ചെട്ടിയാംകണ്ടി ഷൈനി അപകടത്തിൽപ്പെട്ട് മരിച്ചത്. തല നിലത്തടിച്ചതോടെ മുടി ബസിന്റെ ചക്രത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ട്രാഫിക് സർക്കിളിൽ സ്ഥാപിച്ച പോലീസിന്റെ ക്യാമറയ്ക്ക് മുന്നിൽവെച്ചാണ് ഇവർ റോഡ് മുറിച്ചുകടന്നത്. മുക്കം ഭാഗത്തുനിന്ന് കുന്ദമംഗലം വഴി വന്ന സ്വകാര്യ ബസാണ് ഇടിച്ചത്.
ഇവിടെ സ്ഥാപിച്ച ക്യാമറകൾ പ്രവർത്തനരഹിതമായതിനാൽ അപകടത്തിന്റെ ദൃശ്യങ്ങളും ലഭ്യമല്ലെന്ന് പോലീസ് പറയുന്നു.മെഡിക്കൽ കോളേജ് പരിസരത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 2009 ഏപ്രിൽ 23-ന് അന്നത്തെ മന്ത്രി പാലൊളി മുഹമ്മദ്കുട്ടി തറക്കല്ലിട്ട ബസ് ടെർമിനലിന്റെ തറക്കല്ല് മണ്ണിനടിയിലായിട്ട് വർഷങ്ങളായി. ബസ് ടെർമിനലിൽ താഴെ പാക്കിങ്ങും മുകളിൽ കച്ചവടസ്ഥാപനങ്ങളും വിഭാവനംചെയ്ത് കെട്ടിടം നിർമിക്കാൻ തീരുമാനിച്ചെങ്കിലും നിർമാണം അനിശ്ചിതത്വത്തിലാണ്.ബസ് ടെർമിനൽ പൂർത്തിയാകുന്നതോടെ വാഹനങ്ങളുടെ തിരക്കിനും അപകടങ്ങൾക്കും പരിഹാരമാകുമെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്.
അതിനിടെ മൂന്നുമാസംമുമ്പ് മെഡിക്കൽ കോളേജ് പരിസരത്തെ ട്രാഫിക് പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശപ്രവർത്തകൻ അബ്ദുൾ ലത്തീഫ് നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ ട്രാഫിക് റെഗുലേറ്ററി ചെയർമാനായ മേയർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, അസിസ്റ്റന്റ് കമ്മിഷണർ എന്നിവർ നോട്ടീസ് നൽകിയിരുന്നു



