ENTERTAINMENT

സിദ്ധീഖ് എഴുതുന്നു.. എൻ്റെ ഭ്രാന്തൻ ചിന്തകൾ..

അതിജീവനം… അവസാന ഭാഗം.. ഒക്കത്തും വയറ്റിലുമായി രണ്ട് കുഞ്ഞുങ്ങളെയും ചുമന്ന് റസീന കബീറിനെയും കൊണ്ട് സരോജിനി ടീച്ചറുടെയും അയൽപക്കത്തുള്ള മറ്റു പണക്കാരുടെയും പറമ്പുകളിലും വീടുകളിലും പോയി അവർ പറയുന്ന ജോലികൾ കബീറിനെ കൊണ്ട് ചെയ്യിപ്പിച്ചു..ജോലി ചെയ്യാനുള്ള കബീറിന്റെ മടി മാറി തുടങ്ങി..കല്യാണത്തിന് കിട്ടിയിരുന്ന ബാക്കി സ്വർണ്ണവും വിറ്റ് റസീന ഒരു പശുവിനെ വാങ്ങി..പശുവിനെ കുളിപ്പിക്കാനും അതിനുവേണ്ടി പുല്ലരിയാനും മറ്റുള്ളവരുടെ പറമ്പുകളിൽ കൊണ്ടുപോയി അതിനെ പുല്ല് മേയിക്കാനും റസീന കബീറിനെ പ്രാപ്തനാക്കി..

വീർത്ത വയറും വെച്ച് പറമ്പായ പറമ്പ് മുഴുവൻ കബീറിന്റെയും പശുവിന്റെയും കൂടെ നടക്കുന്ന റസീനയെ പലരും സഹതാപത്തോടെ നോക്കി..പലരും അവൾക്ക് സഹായം നൽകാനായി വന്നു.. ജനനം മുതൽ ഇതുവരെ മറ്റുള്ളവരുടെ ഔദാര്യത്തിൽ ജീവിച്ച തനിക്ക് ഇനിയെങ്കിലും തന്റെയും തന്റെ ഭർത്താവിന്റെയും അധ്വാനത്തിലൂടെ കിട്ടുന്നത് കൊണ്ട് ജീവിക്കണമെന്ന് അവളെ സഹായിക്കാൻ വന്നവരോട് അവൾ സ്നേഹത്തോടെയും നന്ദിയോടെയും പറഞ്ഞു.. അവൾ രണ്ടാമതും ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു.. ഫാത്തിമ നൂറ എന്ന പേരും നൽകി.. അതുവരെ അവൾ സ്വരൂപിച്ചിരുന്ന കാശുകൊണ്ട് പ്രസവവും പ്രസവാനന്തര ചിലവുകളും അയൽക്കാരെയും ബന്ധുക്കളെയും മറ്റ് വേണ്ടപ്പെട്ടവരെയും വിളിച്ച് കുഞ്ഞിന്റെ മുടികളയൽ ചടങ്ങും നടത്തി.. കബീർ മറ്റുള്ള പറമ്പുകളിൽ പശുവിനെ മേയ്ക്കാൻ കൊണ്ടുപോയി അവിടെ അവർ നട്ടുവളർത്തിയിരുന്ന ചില ചെടികളും മറ്റും പശു തിന്നു എന്ന ഒരു കുറവല്ലാതെ മറ്റൊന്നും എവിടെനിന്നും കേട്ടില്ല.. അവൾ കണ്ടു പരിചയിച്ച മറ്റ് പുരുഷന്മാരെ അപേക്ഷിച്ച് തന്റെ ഭർത്താവിന് ചില മാനസിക വൈകല്യങ്ങൾ ഉണ്ടെങ്കിലും തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന സത്യസന്ധനും നിഷ്കളങ്കനുമായ ഭർത്താവിനെ ലഭിച്ച താനെത്ര ഭാഗ്യവതിയാണെന്ന് റസീന ചിന്തിച്ചു..അവളും ജീവനുതുല്യം അവനെ സ്നേഹിച്ചു.. രണ്ടാമതും പെൺകുട്ടി ജനിച്ചതിൽ ഉമ്മയ്ക്ക് ചെറിയ നീരസം ഉണ്ടായിരുന്നെങ്കിലും, പെൺകുട്ടികൾ രക്ഷിതാക്കൾക്ക് ഒരു ശാപമായി തോന്നിയിരുന്ന കാലമായിരുന്നു അതെങ്കിലും, റസീനയുടെ സംസാരവും മാലാഖ കുട്ടികളെ പോലെയുള്ള ആ സുന്ദരിക്കുട്ടികളുടെ സാമീപ്യവും ഉമ്മയെയും മാറി ചിന്തിപ്പിച്ചു..

വളരെ അന്തർമുഖനായിരുന്ന കബീറിന്റെ ഉപ്പയും കുഞ്ഞുങ്ങളെ കൊഞ്ചിച്ചും കളിപ്പിച്ചും സന്തോഷിക്കുന്നത് കണ്ട് റസീന സന്തോഷിച്ചു.. അനിയൻ പത്താം ക്ലാസ് തോറ്റ് പഠനം നിർത്തി ജീപ്പിൽ ക്ലീനറായി പോയിത്തുടങ്ങി.. അനിയത്തി അഞ്ചാം ക്ലാസിലേക്ക് ജയിച്ചു.. റസീന വീട്ടിലുള്ളവർക്കെല്ലാം പ്രിയപ്പെട്ടവളായി.. അവള് പോലും അറിയാതെ ആ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും അവളിലായി.. പഠിക്കാൻ മോശമായിരുന്ന അനിയത്തിയെ പഠിപ്പിക്കാൻ റസീന വേണ്ടതെല്ലാം ചെയ്തു.. ഫാത്തിമയുടെ ഒന്നാം ജന്മദിനം കഴിഞ്ഞ് പിറ്റേ ദിവസമാണ് വീട്ടിലെ പശു ഒരു പശുക്കിടാവിന് ജന്മം നൽകിയത്.. കബീറിനെ മറ്റുള്ള ജോലികൾക്ക് അയക്കുന്നതിലും നല്ലത് സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതാണ് നല്ലതെന്ന് റസീന ചിന്തിച്ചു.. സരോജിനി ടീച്ചറുടെ ഒഴിഞ്ഞു കിടക്കുന്ന പറമ്പിൽ റസീനയും കബീറും അവരുടെ ഉപ്പയും ഉമ്മയും കൂടി കപ്പ കൃഷി തുടങ്ങി.. കോഴികളെയും താറാവുകളെയും വളർത്താനും തുടങ്ങി.. ജീവിതം സന്തോഷമായി പോയിക്കൊണ്ടിരുന്നു.. അനിയന്റെ വിവാഹം കഴിഞ്ഞു.. അയൽപക്കത്തുള്ള ഒരു കുട്ടിയുമായി പ്രണയത്തിലായിരുന്ന അവൻ ഇരുപത്തിയൊന്നാം വയസ്സിൽ വിവാഹിതനായി..

വീട്ടിൽ കിടക്കാൻ സ്ഥലമില്ലാത്തതുകൊണ്ട് റസീനയും കബീറും മക്കളും തൊട്ടടുത്തുള്ള ഒരു വാടക വീട്ടിലേക്ക് താമസം മാറി.. ആയിഷയെ സ്കൂളിൽ ചേർത്തു.. അംഗനവാടിയിലോ നഴ്സറിയിലോ തന്റെ കുഞ്ഞിനെ അയക്കാതെ എഞ്ചുവടിയും പുസ്തകങ്ങളും മറ്റും വാങ്ങി അവൾ തന്നെ തന്റെ കുഞ്ഞിനെ പഠിപ്പിച്ചു.. സ്കൂളിലെ ഒന്നാം സ്ഥാനക്കാരിയായി ആയിഷ മാറി.. റസീനയുടെ അവസ്ഥ മനസ്സിലാക്കിയ മകളുടെ അധ്യാപകരും പ്രധാന അധ്യാപികയും റസീനക്കും കുഞ്ഞിനും വേണ്ട ഉപദേശങ്ങളും സഹായങ്ങളും സന്തോഷത്തോടെ ചെയ്തുകൊടുത്തു.. ആയിഷ രണ്ടാം ക്ലാസിലേക്ക് എത്തിയപ്പോഴേക്കും ഫാത്തിമയെയും സ്കൂളിൽ ചേർത്തു.. ആയിഷയുടെ ഒന്നാം ക്ലാസിലെ പാഠങ്ങൾ അവൾക്ക് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ റസീന ഫാത്തിമയെയും പഠിപ്പിച്ചിരുന്നു…അവളും അധ്യാപകർക്കും സഹപാഠികൾക്കും പ്രിയപ്പെട്ടവളായി.. ഓരോ ക്ലാസിലും കുട്ടികൾ ഒന്നാമതായി തന്നെ പഠിച്ചുകൊണ്ടിരുന്നു.. പശുക്കളും കോഴിയും താറാവും അല്ലറ ചില്ലറ കൃഷിയും മറ്റ് പല ജോലികളും ചെയ്ത് ജീവിതം മുന്നോട്ട് നീങ്ങി.. സരോജിനി ടീച്ചറുടെയും വേലായുധൻ സാറിന്റെയും നിർദ്ദേശപ്രകാരമായിരുന്നു റസീന ചിട്ടി ആരംഭിച്ചത്.. അത് അവൾക്ക് നല്ലൊരു വരുമാനമാർഗമായി.. അടുത്ത വീടുകളിലും അങ്ങാടിയിലെ ചില കടകളിലും ചിട്ടി പിരിക്കാൻ പോയിരുന്ന റസീനയെ ആദ്യമൊക്കെ മോശമായി കാണുകയും മറ്റെന്തൊക്കെയോ ആഗ്രഹിച്ച് അവളോട് പെരുമാറുകയും ചെയ്തിരുന്ന പുരുഷ കേസരികളെല്ലാം അവളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മുട്ടുമടക്കി അവരറിയാതെ തന്നെ അവളെ ബഹുമാനിക്കാൻ തുടങ്ങി..തീയിൽ മുളച്ച താൻ എങ്ങനെയാ വെയിലേറ്റ് വാടുന്നത്?, എന്നായിരുന്നു അവളുടെ ചിന്ത..

ജീവിതത്തിലെ എന്തു പ്രശ്നത്തെയും തന്റെടത്തോടെ അവൾ നേരിട്ടു.. ആ പ്രശ്നങ്ങളും ചേർന്നതാണ് തന്റെ ജീവിതമെന്ന് അവൾ അവളുടെ വായനയിലൂടെയും അനുഭവത്തിലൂടെയും മറ്റും തിരിച്ചറിഞ്ഞിരുന്നു.. കുട്ടികൾ നാലിലും അഞ്ചിലും പഠിക്കുമ്പോൾ സ്കൂൾ ലൈബ്രറിയിൽ നിന്ന് കുട്ടികൾക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ എടുത്ത് വായിക്കാൻ റസീന മക്കളെ ശീലിപ്പിച്ചു.. കൂടെ അവളും വായിച്ചു.. ഒന്ന് തീർന്നാൽ മറ്റൊന്ന്, അങ്ങിനെ എല്ലാ ദിവസവും ഓരു അരമണിക്കൂർ വീതമെങ്കിലും വായന കുട്ടികൾക്ക് നിർബന്ധമാക്കി.. തന്റെ മക്കൾ സ്വന്തം നാടും നാട്ടുകാരും രാജ്യവും രാജ്യത്തെ ജനങ്ങളും എന്തെന്നും എങ്ങിനെയെന്നും മനസ്സിലാക്കണമെന്ന് കരുതി അവൾ വീട്ടിൽ ന്യൂസ് പേപ്പർ വരുത്താൻ ആരംഭിച്ചു.. പത്രം വായിക്കാനും അവൾ കുട്ടികളെ ശീലിപ്പിച്ചു.. അവളുടെ അത്തരത്തിലുള്ള പ്രവർത്തികൾ യാഥാസ്ഥിതികരായ ചിലയാളുകൾ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തെങ്കിലും അതൊന്നും കാര്യമാക്കാതെ അവൾ അവളുടെ ജീവിതം സന്തോഷത്തോടെ ജീവിച്ചു കൊണ്ടിരുന്നു..പതിനഞ്ചുപവനും അന്പത്തിനായിരം രൂപയും സ്ത്രീധനം കൊടുത്ത് അനിയത്തി സുഹറയെ വിവാഹം കഴിപ്പിച്ചു വിട്ടതിലും മുഖ്യപങ്ക് റസീനയുടെത് തന്നെയായിരുന്നു..

കന്നുകാലികളും കോഴിയും താറാവും കപ്പയും വാഴയും മറ്റാരുടെയും സഹായമില്ലാതെ പരിപാലിക്കാൻ കബീർ ഏറെക്കുറെ പ്രാപ്തനായിരുന്നു..അല്ല, റസീന അവനെ സ്നേഹിച്ച് അതിനെല്ലാം അവനെ പ്രാപ്തനാക്കി..എന്ത് കഷ്ടപ്പെട്ടിട്ടായാലും ദരിദ്രരായി ജീവിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല..നല്ല വസ്ത്രങ്ങൾ ധരിച്ചും ഇഷ്ടപ്പെട്ട ആഹാരം കഴിച്ചും, കുടുംബത്തോടൊപ്പം ബീച്ചിലും പാർക്കിലും അവർക്ക് ഇഷ്ടപ്പെട്ട മറ്റിടങ്ങളിലും യാത്രപോയിയും അവർ ജീവിതം സന്തോഷമാക്കി.. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി.. ആയിഷ പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങി സയൻസ് എടുത്ത് പ്ലസ്ടുവിന് ചേർന്നു.. എംബിബിഎസ് എടുത്ത് ഒരു ഡോക്ടർ ആകുകയാണ് അവളുടെ ലക്ഷ്യം.. അതിനുവേണ്ട എല്ലാ സാഹചര്യങ്ങളും റസീന ഒരുക്കി കൊടുത്തു..

2023 മെയ് 19 ആം തീയതി എസ്എസ്എൽസി റിസൾട്ട് വന്നു.. തട്ടേക്കാട് സ്കൂൾ മൈതാനിയിൽ അവിടത്തെ ഒരു പ്രാദേശിക ക്ലബ്ബായ സ്റ്റാർ ക്ലബ്ബിന്റെ പന്ത്രണ്ടാം വാർഷികം ആഘോഷിക്കുകയാണ്.. ആഘോഷത്തിന്റെ ഭാഗമായി ഒരു വൺഡേ സെവൻസ് ടൂർണമെന്റാണ് അവിടെ നടക്കാൻ പോകുന്നത്.. ഉദ്ഘാടനത്തിന് മുമ്പ് സാംസ്കാരിക സമ്മേളനവും തട്ടേക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് നേടിയവരെ അനുമോദിക്കൽ ചടങ്ങും നിശ്ചയിച്ചിട്ടുണ്ട്..മുഖ്യാതിഥിയായി നാട്ടിലെ പൗരപ്രമുഖനായ ബഷീർ ഹാജിയും മറ്റ് അതിഥികളായി പഞ്ചായത്ത് പ്രസിഡണ്ടും വേലായുധൻ മാഷും ആ നാട്ടിലെ കലാകായിക സാംസ്കാരിക മേഖലകളിലെ പ്രമുഖരും സ്റ്റേജിൽ സന്നിഹിതരായി.. ക്ലബ്ബ് സെക്രട്ടറി ജാഫർ തട്ടേക്കാട് സ്വാഗതം പറയാൻ ആരംഭിച്ചു..”പ്രിയരേ, കഴിഞ്ഞ കുറേ വർഷങ്ങളായി തട്ടേക്കാടിന്റെ ജീവവായുവായി, കലാകായിക സാംസ്കാരിക രംഗങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന സ്റ്റാർ ക്ലബ്ബിന്റെ പന്ത്രണ്ടാം വാർഷികാഘോഷവും അതോടനുബന്ധിച്ചുള്ള വൺഡേ ടൂർണമെന്റും നമ്മുടെ സ്കൂളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്യുന്ന ചടങ്ങാണ് ഇപ്പോൾ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. സ്റ്റാർ ക്ലബ് തട്ടേക്കാട് നിവാസികളെ എത്രത്തോളം സ്വാധീനിച്ചു എന്നതിന് തെളിവാണ് എനിക്ക് മുമ്പിലുള്ള ഈ ആൾക്കൂട്ടം”.. ക്ലബ്ബിനെ പറ്റിയും ക്ലബ്ബിന്റെ പ്രവർത്തനത്തെപ്പറ്റിയും കുറച്ചുകൂടെ സംസാരിച്ച് ജാഫർ സ്വാഗതം പറയാൻ ആരംഭിച്ചു..”നമ്മുടെ ക്ഷണം സ്വീകരിച്ച് പ്രായാധിക്യം പോലും വകവെക്കാതെ ഈ ചടങ്ങ് ധന്യമാക്കാൻ എത്തിയിരിക്കുന്ന നമുക്കെല്ലാവർക്കും പ്രിയങ്കരനായ തട്ടേക്കാടിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ച ശ്രീ ബഷീർ ഹാജിയെ ഈ വേദിയിലേക്ക് ഞാൻ സ്വാഗതം ചെയ്യുന്നു”..

പഞ്ചായത്ത് പ്രസിഡണ്ടിനെയും വേലായുധൻ മാഷിനെയും മറ്റ് അതിഥികളെയും സ്വാഗതം ചെയ്ത ശേഷം ജാഫർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ ആരംഭിച്ചു..”കഴിഞ്ഞദിവസം എസ്എസ്എൽസി യുടെ റിസൾട്ട് പുറത്തുവന്നത് മുതൽ തട്ടേക്കാട് നിവാസികൾ അത്ഭുതത്തോടും ആശ്ചര്യത്തോടും അഭിമാനത്തോടും പറഞ്ഞുകൊണ്ടിരിക്കുന്ന പേരാണ് റസീന കബീർ തട്ടേക്കാട്. എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ഒരു വീട്ടമ്മ. വളരെ നിർബന്ധിച്ചിട്ടാണ് അവർ ഈ പരിപാടിക്ക് വന്നത്. അവരെ ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. അവരുടെ മകൾ ഫാത്തിമ നൂറയെയും ഉന്നത വിജയം നേടിയ മറ്റു കുട്ടികളെയും ഞാനീ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ പരിപാടി വൻ വിജയമാക്കി തീർക്കാൻ ഇവിടെ ഒത്തുകൂടിയിരിക്കുന്ന നല്ലവരായ നാട്ടുകാരെയും ഞാനീ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു”.. അധ്യക്ഷസ്ഥാനത്തേക്ക് രാജീവൻ കുഴിമണ്ണിലിനെ ക്ഷണിച്ച് ജാഫർ മൈക്ക് രാജീവന് കൈമാറി.. സ്റ്റേജിലുള്ള എല്ലാവരെയും പേരെടുത്തു പറഞ്ഞ് അഭിവാദ്യം അർപ്പിച്ചതിനു ശേഷം ക്ലബ്ബിനെ പറ്റിയും ക്ലബ്ബിന്റെ പ്രവർത്തനത്തെപ്പറ്റിയും ലഘുവായി സംസാരിച്ചതിനു ശേഷം രാജീവൻ പറഞ്ഞു തുടങ്ങി..”നമ്മുടെ ഈ തട്ടേക്കാട് ഗ്രാമത്തിൽ ശ്രീമതി റസീന കബീറിനെ അറിയാത്തവർ ആരും ഉണ്ടാകില്ല. പറമ്പിലും വയലിലും പശുക്കളെ മേച്ചും പശുവിന് പുലരിഞ്ഞും കപ്പ കൃഷിയും വാഴ കൃഷിയും ചെയ്ത് കുടുംബത്തിന്റെ മുഴുവൻ ഭാരവും ചുമലിലേറ്റി ജീവിതം നയിക്കുന്ന അവരെ നമ്മൾക്കെല്ലാവർക്കും അറിയുന്നതാണ്.. അവരുടെ മൂത്ത മകളെ കഴിഞ്ഞവർഷം നമ്മളും മറ്റു പല സംഘടനകളും ഉന്നതമാർക്ക് നേടി വിജയിച്ചതിന് അനുമോദിച്ചിരുന്നു. ഇന്നിപ്പോൾ ഇതാ അവരുടെ രണ്ടാമത്തെ മകളും അവരും എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി നമ്മൾ തട്ടേക്കാട്ടുകാർക്ക് അഭിമാനമായി മുന്നിൽ നിൽക്കുന്നു. ജീവിതത്തിലെ ഓരോ പ്രതിസന്ധിയും അവസരങ്ങളാക്കി മാറ്റിയ അവർ ഓരോ സ്ത്രീകൾക്കും മാതൃകയാണ്. അവരെ എത്ര കണ്ട് പ്രശംസിച്ചാലും മതിയാവില്ല.

ഒരുപാട് കഷ്ടതകൾക്ക് ശേഷം കൈവന്ന ഈ വിജയം ഇനിയങ്ങോട്ടുള്ള പല വിജയങ്ങളുടെയും തുടക്കമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, എന്തെങ്കിലും രണ്ടു വാക്ക് സംസാരിക്കാനായി നമ്മുടെയെല്ലാം പ്രിയങ്കരനായ ബഷീർ ഹാജിയെ ക്ഷണിക്കുന്നു”.. കസേരയിൽ നിന്ന് മറ്റൊരാളുടെ കൈപ്പിടിച്ച് എഴുന്നേറ്റ് വന്ന ബഷീർ ഹാജിക്ക് രാജീവൻ മൈക്ക് കൈമാറി.. ഒരു മുഖവുരയും ഇല്ലാതെ അദ്ദേഹം പറഞ്ഞു തുടങ്ങി.. “പ്രായാധിക്യം കാരണം ഞാനിപ്പോൾ ഒരു പരിപാടിക്കും പോകാറില്ല. സ്റ്റാർ ക്ലബ്ബിന്റെ ഭാരവാഹികൾ വന്ന് എന്നെ ക്ഷണിച്ചപ്പോൾ ആദ്യം നിരസിച്ച ഞാൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ, പ്രത്യേകിച്ച് റസീനയെ അനുമോദിക്കുന്ന ചടങ്ങ് കൂടിയുണ്ട് എന്നറിഞ്ഞിട്ട് വന്നതാണ്”..”ഞാനിവിടെ ഒരു ക്ഷമാപണം നടത്തേണ്ടതിന്റെ ആവശ്യമുണ്ട് എന്ന് എനിക്ക് തോന്നുന്നു”..”തട്ടേക്കാട് ജാമിയത്തുൽ ഉലമ യത്തീംഖാനയിൽ അനാഥരായ ആൺകുട്ടികൾക്ക് താമസിക്കാനും പഠിക്കാനുമുള്ള സൗകര്യങ്ങൾ തുടക്കം മുതലേ ഉണ്ടായിരുന്നു. പിന്നീടാണ് അനാഥരായ പെൺകുട്ടികളേയും നിരാലംബരും മറ്റാരും നോക്കാനില്ലാത്ത പ്രായം ചെന്ന സ്ത്രീകളേയും ഉൾപ്പെടുത്തി സ്ത്രീകൾക്ക് താമസ സൗകര്യം ഒരുക്കിയത്”..”ഒന്ന് രണ്ട് ചെറിയ പെൺകുട്ടികളും പ്രായംചെന്ന മറ്റ് രണ്ടുമൂന്ന് സ്ത്രീകൾക്കും ഇടയിലേക്കാണ് കൗമാരക്കാരിയായ റസീന കടന്നുവന്നത്”..”മുസ്ലിം സമുദായത്തിലുള്ള പെൺകുട്ടികൾ എട്ടാം ക്ലാസിലോ പത്താം ക്ലാസിലോ പഠനം നിർത്തി വിവാഹം കഴിപ്പിച്ചു വിടുന്ന ഒരു രീതിയായിരുന്നു ഓരോ രക്ഷിതാക്കളും സ്വീകരിച്ചിരുന്നത്”..”റസീനക്കും വിവാഹ പ്രായമായി. എന്റെ എസ്റ്റേറ്റിലെ ജോലിക്കാരനായ കുഞ്ഞമ്മദിന്റെ മകൻ കബീറുമായി അവളുടെ വിവാഹം നിശ്ചയിച്ചത് ഞാൻ മുൻകൈ എടുത്തിട്ടാണ്”..”എനിക്ക് കബീറിനെ നേരത്തെ അറിയാമായിരുന്നു. അവന്റെ ഉപ്പയെ പോലെ ഒരു അന്തർമുഖൻ. അതല്ലാതെ മറ്റാർക്കും അവനെപ്പറ്റി ഒരു കുറ്റവും പറയാനുണ്ടായിരുന്നില്ല”..”വളരെ മോശം സാഹചര്യത്തിൽ നിന്ന് വന്ന റസീനയെ, സ്ത്രീധനം കൊടുമ്പിരി കൊണ്ടിരുന്ന ആ കാലത്ത്, വിവാഹം കഴിക്കാൻ ഒരാളെ കണ്ടെത്തുക അത്രയ്ക്ക് എളുപ്പമായിരുന്നില്ല”..”തൊട്ടാൽ പൊട്ടുന്ന പ്രായക്കാരിയായ അവളെ സംരക്ഷിക്കുന്ന കാര്യത്തിൽ യത്തീംഖാന ഭാരവാഹികൾക്ക് ഭീതിയും ഉണ്ടായിരുന്നു”..”അങ്ങനെയാണ് ഞാനും യത്തീംഖാന ഭാരവാഹികളും ചേർന്ന് ആ കല്യാണം ഉറപ്പിക്കുന്നത്”..”എനിക്ക് ക്ഷമ പറയണം എന്ന് പറഞ്ഞത്, ആ വിവാഹം നടത്തി കൊടുത്തതിൽ അല്ല. ഒമ്പതാം ക്ലാസിൽ റസീനയെ പഠിപ്പിച്ച അവളുടെ അധ്യാപകൻ അബ്ദുറഹിമാൻ അവൾ പഠിക്കാൻ മിടുക്കിയാണ് എന്ന് എന്നോട് പറഞ്ഞിരുന്നു. അതന്ന് ഞാൻ മുഖവുരയ്ക്കെടുത്തില്ല. അന്ന് ഒരുപക്ഷേ ഞാനവളെ തുടർന്നു പഠിക്കാൻ അനുവദിച്ചിരുന്നെങ്കിൽ ഇന്നവൾ എവിടെയോ എത്തുമായിരുന്നു”..”എല്ലാം പടച്ചവന്റെ തീരുമാനങ്ങളാണ്. അതെന്തായാലും നടന്നേ തീരൂ”..

“പല സമയങ്ങളിലും എന്തെങ്കിലും സഹായം വേണോ എന്ന് ഞാൻ അവളോട് ചോദിച്ചപ്പോൾ ഒരു സഹായവും സ്വീകരിക്കാതെ സ്നേഹത്തോടെ നിരസിക്കുകയാണ് അവൾ ചെയ്യാറ്”..”അവളോട് ഇഷ്ടവും സ്നേഹവും ഒക്കെയാണെങ്കിലും അതിലുപരി അവളോട് എനിക്ക് ബഹുമാനമാണ് തോന്നുന്നത്”..”അവൾക്കും അവളുടെ മക്കൾക്കും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സ്റ്റാർ ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഇപ്പോൾ നടക്കാൻ പോകുന്ന ഫുട്ബോൾ ടൂർണമെന്റിനും എല്ലാവിധ വിജയങ്ങളും ആശംസിച്ചുകൊണ്ട് ഞാൻ നിർത്തുന്നു”.. രാജീവൻ രണ്ടു വാക്ക് സംസാരിക്കാനായി ഓരോരുത്തരേയും ക്ഷണിച്ചുകൊണ്ടിരുന്നു.. എല്ലാവരും റസീനയുടെ മഹത്വം പറയാനാണ് കൂടുതലും സമയം ചിലവഴിച്ചത്.. വേലായുധൻ മാഷും അവളെപ്പറ്റി പറഞ്ഞു..”മരിച്ചുപോയ എന്റെ ഭാര്യ സരോജിനിക്ക് റസീന ഒരു മകളെ പോലെയായിരുന്നു. സ്വന്തം അമ്മയെപ്പോലെ തന്നെയായിരുന്നു റസീന അവളെ കണ്ടിരുന്നത്. ഞാനും ഭാര്യയും എന്റെ രണ്ടുമക്കളും അധ്യാപകരായിരുന്നതിനാൽ, റസീന തന്റെ കുട്ടികളുടെ പഠനത്തിനാവശ്യമായ എന്ത് സംശയങ്ങളും ഞങ്ങളോട് ചോദിക്കുമായിരുന്നു. എന്റെ മക്കളുടെ നിർദ്ദേശപ്രകാരമാണ് അവൾ എസ്എസ്എൽസി പരീക്ഷ എഴുതിയത്”..”ബഷീർ ഹാജി പറഞ്ഞതുപോലെ, ഞാനും അവൾക്ക് പല സഹായങ്ങളും ( സാമ്പത്തികം) വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നുപോലും സ്വീകരിക്കാതെ വളരെ സന്തോഷത്തോടെ നിരസിക്കുകയാണ് അവൾ ചെയ്തിരുന്നത്”..”എല്ലാ സ്ത്രീകൾക്കും മാതൃകയും അഭിമാനവുമാണ് റസീന. ഏതൊരു പുരുഷനും അവളെപ്പോലുള്ള ഒരു സ്ത്രീയെ ബഹുമാനിക്കാതിരിക്കാൻ ആവില്ല, എനിക്കും”.. ക്ലബ്ബിനും റസീനയ്ക്കും മറ്റും ആശംസകൾ നേർന്ന് വേലായുധൻ മാഷും പ്രസംഗം നിർത്തി.. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും മറ്റും വിതരണം ചെയ്തതിനുശേഷം റസീനയോട് രണ്ടു വാക്ക് സംസാരിക്കാനായി രാജീവൻ അവരെ സ്റ്റേജിലേക്ക് ക്ഷണിച്ചു..”പ്രസംഗിച്ചൊന്നും എനിക്ക് മുൻ പരിചയമില്ല. എന്നിരുന്നാലും ശ്രമിച്ചാൽ എന്തും സാധ്യമാകും എന്ന് ഞാൻ വിശ്വസിക്കുന്നു”..”എല്ലാവർക്കും നന്ദിയുണ്ട്. എന്റെ പിതൃത്വം അംഗീകരിക്കാൻ തയ്യാറാവാത്ത എന്റെ പിതാവിനും, എന്നെ പ്രസവിച്ച് രണ്ടുവർഷം തികയുന്നതിന് മുമ്പ് മരിച്ചുപോയ എന്റെ മാതാവിനും, ബാല്യത്തിൽ സുഖവും സന്തോഷവും എന്തെന്ന് അനുഭവിക്കാൻ എനിക്ക് അവസരം തരാതെ എന്നെ വളർത്തിയ ഞാൻ ജനിച്ച നാട്ടിലെ എല്ലാ വീട്ടുകാർക്കും, യത്തീംഖാനയിലെത്തി ഒരു സഹോദരന്റെ രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് എന്നെ സ്നേഹിച്ച എന്റെ പ്രിയ അധ്യാപകൻ അബ്ദുറഹിമാൻ സാറിനും, എന്റെ വിവാഹത്തിനും അതിലൂടെ എന്റെ പൊന്നോമന മക്കളെ എനിക്ക് ലഭിക്കാനും കാരണക്കാരനായ ബഷീർ ഹാജിക്കും, എന്നെ ഒരു മകളെപ്പോലെ സ്നേഹിച്ച സരോജിനി ടീച്ചർക്കും വേലായുധൻ സാറിനും ഒരു കൂടപ്പിറപ്പിനെ പോലെ കണ്ട അവരുടെ രണ്ട് മക്കൾക്കും, പിന്നെ എന്റെ പ്രശ്നങ്ങളോടും എനിക്ക് എന്നും നന്ദി മാത്രമേയുള്ളൂ”.. ഒന്ന് നെടുവീർപ്പിട്ടതിനു ശേഷം റസീന ഇങ്ങനെ പറഞ്ഞു..”എന്റെ ജനനം എന്റെ തീരുമാനമല്ല, പക്ഷേ ഞാൻ എങ്ങനെ മരിക്കണം എന്നത് എന്റെ മാത്രം തീരുമാനമാണ്”..” എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി”..

അന്ന് വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിലും മറ്റും പ്രധാന ചർച്ചാവിഷയം റസീനയും റസീനയുടെ ജീവിതവുമായിരുന്നു.. റസീനയുടെ പ്രസംഗവും ജീവിതവും തട്ടേക്കാട് കാരനായ ഒരു വ്ലോഗർ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അപ്‌ലോഡ് ചെയ്തു.. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും റസീനയെ അഭിനന്ദിച്ചും അനുമോദിച്ചും സഹായങ്ങൾ വാഗ്ദാനം ചെയ്തും പലരും വന്നു.. റസീനയുടെ ഫെയ്സ്ബുക്ക് പേജും വാട്സപ്പും അഭിനന്ദനങ്ങൾ കൊണ്ടും സഹായവാഗ്ദാനങ്ങൾ കൊണ്ടും നിറഞ്ഞു.. റസീന തന്റെ ഫോൺ മകളെ ഏൽപ്പിച്ച് എല്ലാവർക്കും നന്ദി അറിയിക്കാനും സഹായങ്ങൾ ഒന്നും വേണ്ട എന്ന് സ്നേഹത്തോടെ നിരസിക്കാനും പറഞ്ഞേൽപ്പിച്ചു .. തനിക്കിനിയും എന്തൊക്കെയോ ചെയ്തുതീർക്കാനുണ്ട് എന്ന് ചിന്തിച്ച് പശുവിനെ കുളിപ്പിക്കുകയും തൊഴുത്തിൽ നിന്ന് ചാണകവും മൂത്രവും വടിച്ച് ചാണക്കുഴിയിലേക്ക് നീക്കി തൊഴുത്ത് കഴുകി വൃത്തിയാക്കുന്ന തിരക്കിലുമായിരുന്നു അവളപ്പോൾ.. അവസാനിച്ചു.. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം idhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com