നിരത്തുകളിൽ എഐ കാമറകൾ സ്ഥാപിച്ചതോടെ നിരത്തുകളിൽ നിയമലംഘനം കുറയുന്നതായി മോട്ടോർ വാഹനവകുപ്പ്

കോഴിക്കോട്: നിരത്തുകളിൽ എഐ (നിർമിതബുദ്ധി) കാമറകൾ സ്ഥാപിച്ചതോടെ നിരത്തുകളിൽ നിയമലംഘനം കുറയുന്നതായി മോട്ടോർ വാഹനവകുപ്പ്. ഇരുചക്രവാഹനത്തിലെ പിൻസീറ്റുകാർ ഉൾപ്പെടെ ഹെൽമെറ്റ് ധരിക്കാൻ തുടങ്ങിയതാണ് പ്രധാന മാറ്റം. നിരത്തുകളിൽ ചീറിപ്പായുന്ന അമിതവേഗക്കാരും അനധികൃത പാർക്കിങ്ങും കുറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഏപ്രിൽ 20നാണ് സംസ്ഥാനത്തൊട്ടാകെ എഐ കാമറ നിലവിൽ വന്നത്. ജില്ലയിൽ 33 ഇടങ്ങളിൽ കാമറ സ്ഥാപിച്ചു. കാമറയിൽ കുടുങ്ങുമെന്നായതോടെ നിയമങ്ങൾ പൂർണമായി പാലിച്ചാണ് ബഹുഭൂരിപക്ഷം പേരും റോഡുകളിലേക്ക് വാഹനങ്ങളിൽ ഇറങ്ങുന്നത്.
കാമറകൾ സ്ഥാപിച്ചതിന് ശേഷം 25 ശതമാനത്തോളം നിയമലംഘനം കുറഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ് (ആര്‍ടിഒ) കെ ബിജുമോന്‍ പറഞ്ഞു. പൊതുജനങ്ങള്‍ റോഡ് നിയമങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാകുന്നുണ്ട്. പിറകിലിരിക്കുന്നവര്‍വരെ ഹെല്‍മെറ്റ് ധരിച്ചാണ് യാത്രചെയ്യുന്നത്. ഡ്രൈവിങ്ങിനിടെയുള്ള ഫോണ്‍ ഉപയോഗവും കുറഞ്ഞു. കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ഇപ്പോള്‍ ആയിരത്തോളം വാണിങ് മെമ്മോകള്‍ അയക്കുന്നുണ്ട്. ദിവസം കഴിയുംതോറും ഇതിലും കുറവുണ്ടാകുന്നുണ്ട്. പിഴ ഈടാക്കാന്‍ ആരംഭിക്കുന്ന മുറക്ക് നിയമലംഘനങ്ങളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോർവാഹനവകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡുകളുടെ പരിശോധനയിലും നിയമ ലംഘനം കുറയുന്നതായി ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഹെൽമെറ്റ് ധരിക്കാതിരിക്കൽ, ഇരുചക്രവാഹനങ്ങളിലെ രണ്ടിൽ കൂടുതൽ പേരുടെ യാത്ര, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അപകടമുണ്ടാക്കി വാഹനങ്ങൾ നിർത്താതെ പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് എഐ കാമറ സ്വയം കണ്ടുപിടിക്കുന്നത്. മികച്ച ദൃശ്യമികവിൽ (മൾട്ടിപ്പിൾ എക്‌സ്‌പ്ലോഷർ) നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പകർത്തി കൺട്രോൾ റൂമിലേക്ക് അയക്കും. അവിടെനിന്നാണ് വാഹന ഉടമക്ക് ചിത്രങ്ങൾ ഉൾക്കൊള്ളിച്ച പിഴ നോട്ടീസ് അയക്കുക. ഇതിനായി ഓരോ ജില്ലയിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.
ഹെൽമെറ്റ് വിൽപ്പന കൂടി
എഐ കാമറകൾ പ്രവർത്തനസജ്ജമെന്ന് വാർത്ത വന്നതിന് പിന്നാലെ ഹെൽമെറ്റ് വിൽപ്പനയിലുണ്ടായത് ഇരട്ടി വർധന. കുട്ടികളുടെ ഹെൽമെറ്റുകൾക്കാണ് ആവശ്യക്കാരേറുന്നത്. ഉയർന്ന ഗുണനിലവാരമുള്ളതും ഐഎസ്ഐമാർക്കുള്ളതുമായ ഹെൽമെറ്റുകളാണ് ആളുകൾ ചോദിച്ചുവാങ്ങുന്നത്. ഇതോടൊപ്പം ബ്രാൻഡ്, ഭാരം എന്നിവയും നോക്കുന്നുണ്ട്. 1500 രൂപ വരെയുള്ള ഹെൽമെറ്റുകളുടെ വിൽപ്പനയാണ് വർധിച്ചത്. പിഴ ചുമത്തൽ തുടങ്ങുന്നതോടെ വിൽപ്പന ഇനിയും ഉയരുമെന്ന് ഹെൽമെറ്റ് വ്യാപാരി ഫസൽ പറഞ്ഞു.



