LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

എം.എൽ.എയുടെ ഇടപെടൽ ഫലം കണ്ടു; കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിലെ അപാകതകൾ പരിഹരിക്കാൻ റോഡ് നവീകരണത്തിന് തുടക്കം​

മുക്കം: അശാസ്ത്രീയ നിർമ്മാണവും അപാകതകളും മൂലം ജനങ്ങളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയ കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിലെ അപാകതകൾ പരിഹരിക്കുന്ന പ്രവൃത്തികൾക്ക് ഒടുവിൽ തുടക്കമായി. തിരുവമ്പാടി എം.എൽ.എ സി.കെ. കാസിമിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ നിർദേശപ്രകാരമാണ് കരാർ കമ്പനിയുടെ നേതൃത്വത്തിൽ അടിയന്തര പ്രവൃത്തികൾ ആരംഭിച്ചത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഈ സംസ്ഥാന പാതയിൽ പ്രവൃത്തി തുടങ്ങിയ അന്ന് മുതൽക്കേ പരക്കെ പരാതികൾ ഉയർന്നിരുന്നു. നേരത്തെ അപകടങ്ങൾ പതിവായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് നൽകിയ സംയുക്ത റിപ്പോർട്ട് മാസങ്ങളായി പൂഴ്ത്തിവെച്ചിരുന്നതിനെതിരെ എം.എൽ.എ ജില്ലാ വികസന സമിതി യോഗത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടതോടെയാണ് കളക്ടറുടെ ഇടപെടലുണ്ടായത്.

കൂടാതെ, തകരാറുകൾ പരിഹരിച്ചില്ലെങ്കിൽ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷനും കർശന മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ജൂണിൽ ചേർന്ന യോഗത്തിൽ നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും കനത്ത മഴ കാരണം വൈകിയ പണികളാണ് കഴിഞ്ഞ മൂന്ന് ദിവസമായി ലഭിച്ച ശക്തമായ വെയിലിനെ തുടർന്ന് ഇപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്നത്. റോഡിലെ മേജർ-മൈനർ ഓവുചാൽ ജോലികൾ, കത്താത്ത തെരുവ് വിളക്കുകൾ മാറ്റൽ, മാഞ്ഞുപോയ റോഡ് മാർക്കിംഗുകളും ദിശാബോർഡുകളും പുനഃസ്ഥാപിക്കൽ, റോഡരികിലെ കാടുകൾ വെട്ടിമാറ്റൽ, ഇരുചക്രവാഹനങ്ങൾക്ക് അപകടമില്ലാത്ത രീതിയിലുള്ള ബിസി ടാറിംഗ്, ഹാൻഡ് റെയിലുകൾ സ്ഥാപിക്കൽ തുടങ്ങിയ വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. ഒടുവിൽ മാസങ്ങളായുള്ള തങ്ങളുടെ ദുരിതത്തിന് ജനപ്രതിനിധിയുടെ സജീവ ഇടപെടലിലൂടെ ശാശ്വത പരിഹാരമാകുന്നതിന്റെ വലിയ ആശ്വാസത്തിലാണ് പ്രദേശവാസികളും യാത്രക്കാരും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com