News

ഭിന്നശേഷിക്കാർക്ക് സുഗമമായി ക്ഷേത്രദർശനം : വഴികാണിച്ച് തളി മഹാക്ഷേത്രം

കോഴിക്കോട് : ഭിന്നശേഷിക്കാർക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശിച്ച് സുഗമമായി ദർശനം നടത്താൻ സൗകര്യമൊരുക്കി തളി മഹാക്ഷേത്രം. പ്രജിത്ത് ജയപാലാണ് ക്ഷേത്രത്തിലൊരുക്കിയ റാമ്പിലൂടെ ചക്രക്കസേരയിലെത്തി ദർശനം നടത്തി ഈ സൗകര്യം ഉദ്ഘാടനം ചെയ്തത്.

കഴുത്തിനു കീഴെ ശരീരം തളർന്ന് ചക്രക്കസേരയിലായിട്ടും സ്വയം കാറോടിച്ച് ഭാരതയാത്ര നടത്തി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ നേരിട്ടവതരിപ്പിച്ച വ്യക്തിയാണ് ജയപാൽ. ക്ഷേത്രപ്രതിഷ്ഠാവാർഷികദിനത്തിൽ മഴയൊഴിഞ്ഞുനിന്ന് പ്രഭാതത്തിലായിരുന്നു ചടങ്ങ്.

ക്ഷേത്രത്തിന്റെ വടക്കെ ഗോപുരവാതിലിലൂടെ ചക്രക്കസേര ഉപയോഗിച്ച് ഭിന്നശേഷിക്കാരായ ഭക്തർക്ക് പ്രവേശിക്കാനാവുംവിധമാണ് സംവിധാനമൊരുക്കിയത്. ഭിന്നശേഷിക്ഷേമത്തിനുവേണ്ടിയുള്ള ‘സക്ഷമ’ എന്ന സംഘടനയുടെ അഭ്യർഥന പരിഗണിച്ചാണ് തളി ദേവസ്വം അധികൃതർ ക്ഷേത്രം ഭിന്നശേഷിസൗഹൃദമാക്കാൻ നടപടിയെടുത്തത്.

ചക്രക്കസേരയിൽ ഇരുന്നുകൊണ്ട് ശ്രീകോവിലുകൾ പ്രദക്ഷിണം ചെയ്യാൻ സൗകര്യമുണ്ടാകുമാറ് ഇരുമ്പുകൊണ്ടുള്ള രണ്ട് റാമ്പ് റെയിലുകൾ ‘സക്ഷമ’ നിർമിച്ചുസമർപ്പിച്ചു. ചക്രക്കസേരയും നൽകി. ചക്രക്കസേരയുടെ സുഗമസഞ്ചാരത്തിനുതകുംപടി ക്ഷേത്രത്തിലെ പ്രദക്ഷിണവഴി നിരപ്പുള്ളതാക്കി.

‘ജീവിതത്തിലെ അനർഘമുഹൂർത്തമാണിതെ’ന്ന് ദർശനത്തിനുശേഷം പ്രജിത്ത് ജയപാൽ പ്രതികരിച്ചു. ‘‘ഭിന്നശേഷിക്കാരെ സംബന്ധിച്ച് രണ്ടാം ക്ഷേത്രപ്രവേശനവിളംബരമാണിത്. ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തൊട്ടടുത്തുതന്നെ സൗകര്യമുണ്ടാകണം’’ -അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാർക്ക് മറ്റാരുടെയും സഹായമില്ലാതെ സ്വയം ചക്രക്കസേരയിൽ സുഗമദർശനത്തിന് സൗകര്യമുണ്ടാകുന്ന ആദ്യസംഭവമാണിതെന്ന് സംഘാടകർ പറഞ്ഞു. മറ്റു ക്ഷേത്രങ്ങളിലും ഇത്തരം സൗകര്യമുണ്ടാക്കാൻ ഇത് പ്രചോദനമാകണമെന്ന് ‘സക്ഷമ’ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ഉദ്ഘാടനച്ചടങ്ങിൽ തളി ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ പി.എം. മനോജ് കുമാർ അധ്യക്ഷനായി.

ക്ഷേത്രത്തിലേക്ക് ‘സക്ഷമ’ നൽകുന്ന ചക്രക്കസേര സംസ്ഥാന വർക്കിങ് പ്രസിഡന്റ് ആർ. രാമചന്ദ്രൻ, ജില്ലാ രക്ഷാധികാരി കെ. രവീന്ദ്രൻ എന്നിവരിൽനിന്ന് സാമൂതിരിയുടെ നിയമോപദേഷ്ടാവായ ഗോവിന്ദ് ചന്ദ്രശേഖർ ഏറ്റുവാങ്ങി. ‘സക്ഷമ’ ജില്ലാ പ്രസിഡന്റ് എ. വിനോദ്, പി. പ്രകാശൻ, കെ. പുഷ്പരാജ് എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com