
തിരുവമ്പാടി തോട്ടത്തിൻകടവ് പാലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്ന പി.സി. അഹമ്മദ് എന്ന പീസിയാക്ക (ഫയൽ ഫോട്ടോ)
തിരുവമ്പാടി : തോട്ടത്തിൻകടവ് പാലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇനി പീസിയാക്കയില്ല. നീണ്ട 50 വർഷമായി തോട്ടത്തിൻകടവ് പാലത്തെ കാത്തുസൂക്ഷിക്കുന്ന പി.സി. മുക്ക് പുതുക്കുംചാലിൽ പി. സി. അഹമ്മദ് (88) ഓർമയായി. കാടും മേടുമായി കിടന്നിരുന്ന മലയോര, കുടിയേറ്റ മേഖലയെ പുറംലോകവുമായി ബന്ധിപ്പിച്ച തോട്ടത്തിൻകടവ് പാലത്തിന്റെ ചരിത്രത്തോടൊപ്പം ചേർത്തുവെക്കേണ്ട നാമമാണ് ഈ വയോധികന്റത്.
മഴ പെയ്യുന്നതോടെ കുത്തിയൊലിച്ചെത്തുന്ന മണ്ണും കല്ലും പാലത്തിൽ അടിഞ്ഞുകൂടി വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. പരിസരവാസിയായ പീസിയാക്ക എന്ന പി.സി. അഹമ്മദ് ഒരു ബാധ്യതയെന്നോണമാണ് ഇക്കാലമത്രയും തന്റെ ഊന്നുവടികൊണ്ട് ഇവ വൃത്തിയാക്കി പാലം പരിപാലിച്ചുപോന്നിരുന്നത്. ഇദ്ദേഹം രണ്ടുവർഷം മുമ്പ് കിടപ്പിലായതോടെ വെള്ളക്കെട്ട് ഒഴിയാബാധയായിരുന്നു.അസുഖം ഭേദമായതോടെ വീണ്ടും പാലത്തിൽ എത്തി തന്റെ സേവനം തുടർന്നു. കഴിഞ്ഞദിവസവും ഇദ്ദേഹം ഊന്നുവടിയുമായെത്തി പാലത്തിലെ തടസ്സങ്ങൾ നീക്കിയതായി അയൽവാസികൾ പറഞ്ഞു. മനുഷ്യൻ സഞ്ചരിക്കുന്ന വഴികൾ സുഗമമാക്കുന്ന ഈ സേവനം വലിയ ആത്മസംതൃപ്തി നൽകുന്നതാണെന്നാണ് ഇദ്ദേഹം പറയാറുള്ളത്.
ചെങ്കുത്തായുള്ള തോട്ടത്തിൻകടവ് ഭാഗത്തുനിന്നാണ് മഴവെള്ളത്തിന്റെ കുത്തിയൊഴുക്കിൽ പാലത്തിൽ ചപ്പുചവറുകൾ അടിഞ്ഞുകൂടുന്നത്. വെള്ളക്കെട്ട് കാൽനടയാത്രികർക്കും ഇരുചക്രവാഹനങ്ങൾക്കും ചില്ലറ ദുരിതമല്ല വരുത്തിവെക്കുന്നത്. ചെറുമഴ പെയ്താൽപോലും ഇവിടെ വെള്ളം തളംകെട്ടിക്കിടക്കും



