
കോഴിക്കോട് :വിൽപനയ്ക്കു സൂക്ഷിച്ച ബൈക്ക് ഷോറൂമിന്റെ ഗേറ്റും ഗ്ലാസ് വാതിലും തകർത്തു മോഷ്ടിച്ച യുവാവിനെ മണിക്കൂറുകൾക്കകം മറ്റൊരു ആക്രമണക്കേസിൽ പൊലീസ് പിടികൂടി. കുരുവട്ടൂർ പറയിൽ പറമ്പിൽ കിരൺചന്ദ് (27) നെയാണ് വടകരയ്ക്കടുത്ത് പുതുപ്പണം പെട്രോൾ പമ്പിൽ നിന്നു പിടികൂടിയത്. ഇന്നലെ പുലർച്ചെ അഞ്ചരയ്ക്ക് നടക്കാവ് കണ്ണൂർ റോഡിലെ കെടിഎം ബൈക്ക് ഷോറൂമിലാണ് സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി ബൈക്ക് മോഷ്ടിച്ചു കടത്തിയത്.
ഗേറ്റ് ചാടിക്കടന്ന പ്രതി സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി ഇരുമ്പ് വടിയെടുത്ത് ഷോറൂമിന്റെ ഗ്ലാസ് വാതിൽ എറിഞ്ഞു തകർത്തു. ഉള്ളിൽ കയറി രണ്ടര ലക്ഷത്തോളം വിലവരുന്ന രണ്ടു ബൈക്കുകൾ പുറത്തെടുത്തു. പിന്നീട് ഗേറ്റ് തകർത്തു. ഒരു ബൈക്ക് എടുത്തു കടന്നുകളയുകയായിരുന്നു. സുരക്ഷാ ജീവനക്കാരന്റെ പരാതിയിൽ നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധിച്ചു. പ്രതിക്കായി ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനിലും സന്ദേശം കൈമാറി. ഇതിനിടയിൽ മോഷ്ടിച്ച ബൈക്കിൽ ഇന്ധനം തീർന്നതോടെ രാവിലെ ആറരയോടെ പ്രതി വടകര പുതുപ്പണം ‘മാധവം’ പെട്രോൾ പമ്പിൽ എത്തിബൈക്കിൽ ഫുൾ ടാങ്ക് ഇന്ധനം നിറച്ചു. ജീവനക്കാരനായ വെസ്റ്റ് ബംഗാൾ സ്വദേശി ധനഞ്ജയ് റോയ് പ്രതിയോട് പണം ആവശ്യപ്പെട്ടതിൽ പ്രതി ജീവനക്കാരന്റെ മുഖത്ത് ഇടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ പമ്പിലെ മറ്റു ജീവനക്കാരും സ്ഥലത്തുള്ളവരും പ്രതിയെ പിടികൂടി വടകര പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണു നടക്കാവ് ഷോറൂം തകർത്ത് മോഷ്ടിച്ച ബൈക്കാണെന്നു കണ്ടെത്തിയത്. പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ചതിൽ വടകര പൊലീസ് പ്രതിക്കെതിരെ കേസെടുത്തു. ആക്രമണം നടത്തി ബൈക്ക് മോഷ്ടിച്ചതിനു നടക്കാവ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു



