LOCAL NEWS

ഒരു പഴയ രക്തദാന അപാരത.അസ്കർ സർക്കാർ എഴുതുന്നു

രാവിലെ വന്ന ഒരു ഫോൺകാൾ…. മുക്കത്തെ ഹോസ്പിറ്റലിലെ ഒരു ജീവനക്കാരനാണ് വിളിക്കുന്നത്. നാലു യൂണിറ്റ് A പോസിറ്റീവ് രക്തം വേണം…
കേസിന്റെ ഡീറ്റെയിൽസ് ചോദിച്ചപ്പോ മറുപടി ഇങ്ങനെ…’പ്രായമായ ഒരു ഉപ്പയാണ് അദ്ദേഹത്തിന്റെ ഭാര്യക്ക് വേണ്ടിയാണ് എന്തോ സർജറി ആവശ്യത്തിന് വേണ്ടിയാണ്. ആ പാവത്തിന്റെ അവസ്ഥ കണ്ടപ്പോൾ നിന്നെയൊന്നു വിളിച്ചു പറയണം ന്ന് തോന്നി….’_ Ok അവരുടെ നമ്പർ അയക്ക് ഞാൻ റെഡിയാക്കിക്കോളാം എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്തു. 

എന്റെ രക്തം A പോസിറ്റീവ് തന്നെയാണ്. അത് കൊണ്ട് തന്നെ മുൻപ് എന്റെ കൂടെ രക്തം നൽകാൻ വന്നവരുടെ നമ്പറൊക്കെയെടുത്തു വിളി തുടങ്ങി. ഒരാൾ മുക്കത്ത് തന്നെ ഉണ്ടായിരുന്നു അവനോട് ഹോസ്പിറ്റലിലേക്കെത്താൻ പറഞ്ഞു രണ്ടു പേരെ കൂടി റെഡിയാക്കി ഞാനും ഹോസ്പിറ്റലിലേക്ക് തിരിച്ചു. 

ഹോസ്പിറ്റലിൽ ബ്ലഡ്‌ ബാങ്കിന് മുൻപിൽ എഴുപതിനോടടുത്ത് പ്രായമുള്ള ആ മനുഷ്യനെ പെട്ടെന്ന് തിരിച്ചറിഞ്ഞു കാരണം ആ പ്രായത്തിൽ മറ്റാരും അവിടെയുണ്ടായിരുന്നില്ല. ഞാൻ ചെന്നു കാര്യം പറഞ്ഞു. സർജറിയെ കുറിച്ചൊക്കെ ചോദിച്ചു. ശേഷമാണ് സ്ഥലം ചോദിച്ചത്. മുക്കത്ത് നിന്നും പത്തു കിലോമീറ്റർ മാത്രം ദൂരമുള്ള അദ്ദേഹത്തിന്റെ വീട്ടുകാരെ കുറിച്ചായി എന്റെ അടുത്ത ചോദ്യം. അപ്പോഴേക്കും എനിക്ക് മുൻപേയെത്തിയ പ്രിയപെട്ടവൻ രക്തം നൽകാനായി ബ്ലീഡിങ് റൂമിലേക്ക് കയറിയിരുന്നു.

അദ്ദേഹം കുടുംബത്തെ കുറിച്ചു പറഞ്ഞു… അത് കേട്ട എനിക്ക് വല്ലാതെ അരിശം കയറി… അദ്ദേഹത്തിന് ആറ് മക്കൾ ഒരു പെണ്ണും അഞ്ച് ആണും മകൾ സർജറി നടക്കുന്ന ഓപ്പറേഷൻ തിയേറ്റർ ന് മുൻപിലുണ്ട് ആൺ മക്കളിൽ ഏറ്റവും ഇളയവൻ ഗൾഫിൽ ജോലി ചെയ്യുന്നു. മൂത്തയാൾ അരീക്കോട് ഒരു ഹോട്ടൽ നടത്തുന്നു. രണ്ടാമത്തെയാൾ ബസ്സിൽ കണ്ടക്ടർ, മൂന്നാമത്തെയാൾ  മറ്റൊരു ബസ്സിൽ ഡ്രൈവർ, നാലാമത്തെയാൾ ടൈൽസ് ജോലിക്കാരൻ….. ഞാൻ നേരെ അദ്ദേഹത്തിന്റെ മകളുടെ അടുത്തേക്ക് പോയി. ആൺ മക്കളുടെ നമ്പർ വാങ്ങി ഓരോരുത്തരെയായി വിളിക്കാൻ തുടങ്ങി, നാലുപേരും നാട്ടിലുണ്ട് *നാലുപേരും A പോസിറ്റീവ് (പെറ്റുമ്മാക്ക് ആവശ്യമുള്ള രക്തം),* എനിക്ക് വന്ന ദേഷ്യം അടക്കാൻ ഞാൻ ഒരുപാട് പാട്പെട്ടു… നാലു പേരെയും ഉമ്മാക്ക് ഗുരുതരമാണെന്ന് കള്ളം പറഞ്ഞു ഹോസ്പിറ്റലിലേക്ക് വിളിപ്പിച്ചു. പക്ഷെ അപ്പോഴും മൂന്ന് പേരെ എത്തിയിരുന്നുള്ളൂ. എന്റെ ദേഷ്യം തീർക്കാൻ കുറച്ചു നേരം അവരുമായി വഴക്കിട്ടു. വന്ന മൂന്നു പേരോടും ബ്ലഡ്‌ കൊടുക്കനാവശ്യപ്പെട്ടു ഒരാൾ ബി പി ഇഷ്യൂ കാരണം reject ആയെങ്കിലും രണ്ടു പേരുടെ ബ്ലഡ്‌ എടുത്തു. ഒപ്പം ഞാനും നൽകി… മക്കളിൽ മൂത്തയാൾ എന്റരികിൽ വന്ന് കുറെ മാപ്പൊക്കെ പറഞ്ഞു. മാപ്പ് പറയാൻ ആ പാവം എഴുപതുകാരൻ പിതാവിനെ ചൂണ്ടി കാണിച്ചു കൊടുത്തു ഞാൻ ഹോസ്പിറ്റലിൽ നിന്നും തിരിച്ചു പോന്നു…….

ഇതാണ് പലയിടത്തെയും അവസ്ഥ…  ആ കുടുംബത്തിലെ ഗൾഫിൽ ജോലി ചെയ്യുന്ന മകൻ പെങ്ങൾ നമ്പർ നൽകിയത് പ്രകാരം പിന്നീട് എന്നെ വിളിച്ചു  കുറെ സംസാരിച്ചു. അന്ന് സമൂഹ മാധ്യമങ്ങളിൽ ഈ ദുരനുഭവം എഴുതണമെന്ന് കരുതിയിരുന്നു പക്ഷെ ആ ഇളയ മകന്റെ റിക്വസ്റ്റ് പ്രകാരം മാറ്റിവെച്ചു. പക്ഷെ ഇതിപ്പോഴും പലയിടത്തും തുടരുന്നത് കാണുമ്പോൾ എഴുതാതിരിക്കാനാവില്ല…

രക്തം ആവശ്യമായി വന്നാൽ അത് റെഡിയാക്കി തരാൻ ഒരുപാട് ആളുകൾ കാത്തിരിക്കുന്നുണ്ടെന്നാണ് പലരുടെയും വിചാരം. അത് അവരുടെ ചുമതലയാണ് എന്ന് കരുതുന്നവർ വേറെയും.


രക്തത്തിന് ആവശ്യം വരുന്നവർ ആദ്യം സ്വന്തം വീട്ടിൽ പിന്നീട് കുടുംബത്തിൽ, അതു കഴിഞ്ഞ് നാട്ടിൽ, അതും കഴിഞ്ഞേ ഒരു ബ്ലഡ്‌ കോർഡിനേറ്ററുടെ നമ്പർ തിരയാവൂ……

അത്യാവശ്യ സാഹചര്യങ്ങളിൽ ബ്ലഡ്‌ കോർഡിനേറ്റർമാരെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ബന്ധപ്പെടാം. പക്ഷെ അത് അങ്ങനെയുള്ള കേസ് ആയിരിക്കണം. അല്ലാത്തപക്ഷം മറ്റൊരു രോഗിയോട് ചെയ്യുന്ന ക്രൂരത യാവുമത്…_

@ashker sarkar________

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com