
കോടഞ്ചേരി:CRIF പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഓമശ്ശേരി-ശാന്തിനഗർ – കോടഞ്ചേരി -പുലിക്കയം-പള്ളിപ്പടി റോഡ് പ്രവർത്തിയുമായി ബന്ധപ്പെട്ട് എം.എൽ.എ ലിന്റോ ജോസഫിന്റെ നേതൃത്വത്തിൽ കോടഞ്ചേരി പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു.
CRIF പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പ്രസ്തുത റോഡിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചതിനാൽ വന്ന ഡി എൽ പി നിലനിൽക്കുന്നതിനാൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടി വന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ നിലയിൽ തെറ്റായ പ്രചരണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ആണ് യോഗം ചേർന്നത്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളും രാഹുൽ ഗാന്ധി എം.പി യുടെ ഓഫീസ് പ്രതിനിധിയും, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, പി.ഡബ്ല്യു.ഡി,ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയേഴ്‌സ്,ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, റോഡ് ജാഗ്രത സമിതി അംഗങ്ങളും പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് ഡി.എൽ. പി നിലനിൽക്കുന്ന ഭാഗം ഡി.എൽ.പിയിൽ നിന്ന് ഒഴിവാക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് സംസ്ഥാന ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നതിനും, ഡി.എൽ.പി ഒഴിവാക്കുന്ന മുറക്ക് പ്രസ്തുത റോഡിൻറെ ടെൻഡർ സേവിങ് ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ പുലിക്കയം മുതൽ മുരിക്കുംചാൽ വരെ പ്രവർത്തി നടത്താനും എസ്റ്റിമേറ്റിൽ മാറ്റമില്ലാതെ ആവശ്യമായ ക്രമീകരണങ്ങൾ വരുത്താനും റോഡ് നിർമ്മാണത്തിൽ അപാകതകൾ ഉണ്ടെങ്കിൽ പരിശോധിക്കാൻ പിഡബ്ല്യുഡി, എൻ.എച്ച് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. പരാതികൾ ഉയർന്നു വന്ന സ്ഥലങ്ങളിലെ 4 പഞ്ചായത്ത് മെമ്പർമാരും , ജാഗ്രത സമിതി ഭാരവാഹികളുടെ നേതൃത്വത്തിലും, എൻജിനീയേഴ്സിന്റെ നേതൃത്വത്തിൽ പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു.പരാതി ഉണ്ടായിരുന്ന വലിയകൊല്ലി പ്രദേശം എംഎൽഎ സന്ദർശിച്ചു.



