
കോഴിക്കോട് : മലബാറിൽ വിനോദസഞ്ചാരമേഖലയിൽ വലിയ വികസനം കൊണ്ടുവരുന്ന 36 പദ്ധതികൾ അടുത്തവർഷങ്ങളിൽ പൂർത്തിയാകും. മൊത്തം 86.75 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. തീരദേശ -ഇക്കോ ടൂറിസം മെഗാപദ്ധതികൾ ഉൾപ്പെടെ എല്ലാം അഞ്ച് വർഷത്തിനുള്ളിൽതന്നെ പൂർത്തികരിക്കും. കൂടുതലും 2021-ൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഭരണാനുമതി നൽകിയ പദ്ധതികളാണ്. കോഴിക്കോട് ഓഷ്യാനസ് ചാലിയം പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങി. ഒന്നാംഘട്ടത്തിൽ 9.87 കോടിയും രണ്ടാംഘട്ടത്തിൽ 8.55 കോടിയുമാണ് ചെലവ് കണക്കാക്കുന്നത്.
കടലുണ്ടി ഫ്ളോട്ടിങ് റെസ്റ്ററന്റ്, ബേപ്പൂർ ആൻഡ് ബിയോണ്ട് ഡെവലപ്മെന്റ്, വൈക്കം മുഹമ്മദ് ബഷീർ സ്മാരകം, കടലുണ്ടി പക്ഷിസങ്കേതത്തിലെ നടപ്പാത പദ്ധതി എന്നിവ സഞ്ചാരികളെ വലിയതോതിൽ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. സരോവരം ബയോപാർക്കിന്റെ രണ്ടാംഘട്ടവികസനത്തിന് 2.19 കോടി ചെലവഴിക്കുന്നുണ്ട്. 1.74 കോടിയുടെ പദ്ധതിയാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിച്ചത്. കടലാമകൾവരുന്ന തിക്കോടി ബീച്ച് സംരക്ഷിക്കാൻ 93 ലക്ഷത്തിന്റെ പദ്ധതിവരുന്നുണ്ട്. ചാലിയാർ പുഴയുടെ തീരത്തും മണിയൂരും ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി നടപ്പാക്കും. 58.37 ലക്ഷം ചെലവ് കണക്കാക്കുന്ന മലബാർ ലിറ്റററി സർക്യൂട്ട് പദ്ധതിയും വേറിട്ടതാണ്. പേരാമ്പ്രയിൽ 3.72 കോടിയുടെ കേവ് പാർക്കിന്റെ പണി നടക്കുകയാണ്.
തീർഥാടനടൂറിസം വികസനത്തിന്റെ ഭാഗമായി വടകര ലോകനാർകാവിൽ നടപ്പാക്കിയ പദ്ധതി ഈമാസം 15-ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. തളിയിലും കുറ്റിച്ചിറയിലുമൊക്കെ നടപ്പാക്കുന്ന ഹെറിറ്റേജ് പദ്ധതിയുമായി ബന്ധപ്പെടുത്തിയുള്ളതാണിത്.
എട്ട് പ്രധാന പദ്ധതികൾ കോഴിക്കോട് ജില്ലയിൽ ടൂറിസം മേഖലയിൽ പൂർത്തിയായിട്ടുണ്ട്. വയലട ഇക്കോ-ടൂറിസം പദ്ധതി, ഭട്ട് റോഡിലെ വേൾഡ് ക്ലാസ് ടോയ്‌ലറ്റ് ബ്ലോക്ക്, സരോവരത്തെ നാച്വറൽ ലേണിങ് സെന്റർ, പെരുവണ്ണാമുഴി ഡാം ടൂറിസംവികസനം, ഭട്ട്‌റോഡ് ബ്ലിസ് പാർക്ക്, കുറ്റിച്ചിറ തടാകനവീകരണം, തളിക്ഷേത്ര നവീകരണം, ഗവ.ഗസ്റ്റ്ഹൗസ് അഡീഷണൽ ബ്ലോക്ക് നിർമാണം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കിയ പദ്ധതികളാണ്. ഏറ്റെടുക്കുന്ന പദ്ധതികൾ കാലതാമസംകൂടാതെ പ്രാവർത്തികമാക്കാനും കൂടുതൽ സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് മലബാറിന്റെ സാധ്യതകൾ കഴിയുന്നതും പ്രയോജനപ്പെടുത്താനുമാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്



