
തിരുവമ്പാടി : വന്യമൃഗശല്യംകാരണം മലയോരമേഖലയിലെ കർഷകരും ആദിവാസികളും കൂടുതൽ അരക്ഷിതാവസ്ഥയിലായിരിക്കുകയാണെന്ന് എൻ.എ.പി.എം. പ്രതിനിധിസംഘം.വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കേണ്ട കേന്ദ്ര, കേരള സർക്കാരുകളും വനംവകുപ്പും പരാജയപ്പെട്ടെന്നും ഉപജീവനമാർഗമായ കാർഷികവൃത്തിതന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിവിശേഷമാണെന്നും സംഘം പറഞ്ഞു.വന്യമൃഗശല്യത്താൽ കേരളത്തിലെ കർഷകരും ആദിവാസികളും അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് പഠിക്കാനും നിർദേശങ്ങൾ സ്വീകരിക്കാനും മേധാ പട്കർ നേതൃത്വം നൽകുന്ന ജനകീയപ്രസ്ഥാനത്തിന്റെ കേരളഘടകം പ്രതിനിധിസംഘം( എൻ.എ.പി.എം) കൂടരഞ്ഞിയിലും കക്കാടംപൊയിലും നടത്തിയ സിറ്റിങ്ങിലാണ് ഇക്കാര്യമറിയിച്ചത്.വനാതിർത്തികളിൽ സൗരോർജവേലികൾ ഉടൻ സ്ഥാപിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. മലയോരജനതയുടെ അതിജീവനപ്രശ്നങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഇവർ അറിയിച്ചു.



