
കൃഷിഭവനുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് സംസ്ഥാനത്തെ കാർഷികരംഗത്തെ പറ്റി മനസ്സിലാക്കാനും ക്രോപ്പ് പ്ലാനിങ് ആൻഡ് കൾട്ടിവേഷൻ, മാർക്കറ്റിംഗ്, വിജ്ഞാന വ്യാപനം , അഡ്മിനിസ്ട്രേഷൻ, അനുബന്ധ മേഖലകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നേടാനും അവസരമൊരുക്കുന്ന ഇന്റേൺഷിപ്പ് പദ്ധതിയിലേക്കു കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കൃഷി മേഖലയിലേക്ക് കടന്നു ചെന്ന് “ഞങ്ങളും കൃഷിയിലേക്ക്” എന്ന പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കും കർഷകരുമായി സംവദിക്കാൻ താല്പര്യമുള്ള വർക്കുമാണ് അവസരം. കാർഷിക പ്രവൃത്തികളുമായി ബന്ധപ്പെട്ട വിവരശേഖരണം ഇന്റേൺഷിപ്പിൽ ഒരു ഘടകമായിരിക്കും. ശേഖരിക്കാനുദ്ദേശിക്കുന്ന വിവരങ്ങളുടെ വിശദാംശങ്ങൾ keralaagriculture.gov.in/en/internship ൽ നൽകിയിട്ടുണ്ട്. കൂടാതെ ഓഫീസുമായി ബന്ധപ്പെട്ട ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, ഡേറ്റാ അപ്ഡേഷൻ /ഡേറ്റാ എൻട്രി എന്നിവയെക്കുറിച്ചറിയാനും ഓഫീസുമായി ബന്ധപ്പെട്ട എക്സ്റ്റൻഷൻ പ്രവർത്തനങ്ങൾക്ക് സഹായം നൽകാനും അവസരമുണ്ടാകും.
യോഗ്യത – അഗ്രികൾച്ചറിൽ വൊ ക്കേഷണൽ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ (വി എച്ച് എസ് ഇ) സർട്ടിഫിക്കറ്റ് നേടിയവരോ അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് ഡിപ്ലോമ ഉള്ളവരോ ആകണം. പ്രായം 01.08. 2018 ന് 18 നും 41 നും ഇടയ്ക്ക്. അപേക്ഷ keralaagriculture.gov.in/en/internship
വഴി ജൂലൈ 20 വരെ നൽകാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രോത്സാഹനസമ്മാനമായി പ്രതിമാസം 2500 രൂപ നൽകും. പരമാവധി 180 ദിവസമായിരിക്കും (6 മാസം) ഇന്റേൺഷിപ്പ്. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർമാർ സർട്ടിഫിക്കറ്റ് നൽകും. പ്രവൃത്തിപരിചയ സാക്ഷ്യപത്രമായി ഇത് ഉപയോഗിക്കാം.
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ഫാം ഇൻഫർമേഷൻ ബ്യൂറോ



