
തിരുവമ്പാടി: മലബാറിന്റെ അഭിമാന പദ്ധതിയായ കോഴിക്കോട്–വയനാട് തുരങ്കപ്പാത നിർമാണത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. 1643.33 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ആനക്കാംപൊയിൽ –കള്ളാടി – മേപ്പാടി ഇരട്ട തുരങ്കപ്പാത നിർമാണത്തിനായി കൊങ്കൺ റെയിൽവേ ടെൻഡർ ക്ഷണിച്ചു. ഒരു വർഷം നീണ്ട പരിസ്ഥിതി ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇരുജില്ലകളിലെയും ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി സ്വരൂപിച്ചു കഴിഞ്ഞാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കും. ഫെബ്രുവരി 23 ആണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. 2024 മാർച്ചോടെ നിർമാണക്കമ്പനിയെ കണ്ടെത്തി പദ്ധതി ഏൽപിക്കാനാണു കൊങ്കൺ റെയിൽവേയുടെ ശ്രമം. നാലു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനും ലക്ഷ്യമിടുന്നു.
ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. 40 കോടി ചെലവിൽ അറുപതോളം പേരുടെ 11 ഹെക്ടർ സ്വകാര്യ ഭൂമിയാണ് കോഴിക്കോട് ജില്ലയിൽ ഏറ്റെടുക്കുന്നത്. വിലനിർണയവും ഭൂഉടമകളുമായുള്ള ചർച്ചകളും ഇന്നലെ പൂർത്തിയാക്കി. വയനാട്ടിലേതു വരും ദിവസങ്ങളിൽ നടക്കും.



