
ഓമശ്ശേരി : എ.ഐ. ക്യാമറയിൽപ്പെടാതിരിക്കാൻ നടപ്പാത കൈയേറുന്നത് പതിവായതോടെ സഹികെട്ട നാട്ടുകാർ രംഗത്തിറങ്ങി. ഓമശ്ശേരി ഇല്ലപ്പടി വളവിനോടുചേർന്ന് സ്ഥാപിച്ച എ.ഐ. ക്യാമറയിൽ പെടാതിരിക്കാൻ ഇരുചക്രവാഹനയാത്രക്കാർ മാസങ്ങളായി നടപ്പാതവഴി സഞ്ചരിച്ചതിനാണ് നാട്ടുകാർ തടയിട്ടത്. കഴിഞ്ഞദിവസം ഈ വഴി അവർ അടച്ചു.
കൊയിലാണ്ടി-എടവണ്ണ സംസഥാനപാതയിൽ ഓമശ്ശേരിയിൽ സ്ഥാപിച്ച എ.ഐ. ക്യാമറയിൽനിന്ന് രക്ഷപ്പെടാൻ ഒട്ടേറെ ഇരുചക്രവാഹനയാത്രക്കാർ കോൺക്രീറ്റ് സ്ലാബിട്ട് മൂടിയ നടപ്പാതയുടെ മുകളിലൂടെയായിരുന്നു സഞ്ചാരം. ക്യാമറക്കണ്ണ് റോഡിലേക്കുമാത്രമാണ് എന്നതായിരുന്നു ഇവർ നടപ്പാത കൈയേറാൻ കാരണം. നിലത്തുറയ്ക്കാത്ത സ്ലാബിന് മുകളിലൂടെ അർധരാത്രിയിലും ബൈക്കുകൾ പോകുമ്പോഴുണ്ടാകുന്ന ശബ്ദം അയൽവാസികളുടെ ഉറക്കംകെടുത്തിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ പലതവണ ഇരുചക്രവാഹനയാത്രക്കാരെ തടഞ്ഞുനിർത്തി മുന്നറിയിപ്പ് നൽകിയെങ്കിലും ഒരുഫലവും ഉണ്ടായില്ല. ഒടുവിൽ സഹികെട്ടാണ് നടപ്പാതയ്ക്ക് കുറുകെ തെങ്ങിൻമുട്ടികൾ വെച്ച് വഴിയടച്ചത്. ആദ്യദിവസം മുട്ടികൾമാറ്റിയും ചിലർ ഇതുവഴി പോയെങ്കിലും പിന്നീട് കൂടുതൽ തെങ്ങിൻമുട്ടികൾ നിരത്തിവെച്ചതോടെയായാണ് അൽപ്പം ശമനമുണ്ടായതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു
അപകടം പതിവ്
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ മങ്ങാടിനും ഓമശ്ശേരിക്കും ഇടയിൽ ഏറ്റവുംകൂടുതൽ അപകടങ്ങളുണ്ടാകുന്ന സ്ഥലമാണ് ഇല്ലപ്പടി വളവ്. ഓമശ്ശേരി ഭാഗത്തേക്കും തിരിച്ചും വരുന്ന ഇരുചക്രവാഹനക്കാർ ക്യാമറക്കണ്ണ് വെട്ടിക്കാൻ ഒരേവശത്തെ നടപ്പാതയാണ് ഉപയോഗിച്ചിരുന്നത്. താമരശ്ശേരി ഭാഗത്തേക്ക് പോകുന്നവർ ക്യാമറയുടെ ദൂരപരിധി കഴിഞ്ഞ് ഇതേവളവിൽനിന്ന് തിടുക്കത്തിൽ റോഡിന്റെ ഇടതുവശത്തേക്ക് നീങ്ങുന്നതും അപകടസാധ്യത ഉയർത്തുന്നു



