LOCAL NEWS

ഡ്രോൺ ലൈറ്റ് ഷോ: വിസ്മയക്കാഴ്ചയുടെ സാങ്കേതിക രഹസ്യം ഇങ്ങനെ- വീഡിയോ

കോഴിക്കോട് : സൂപ്പർ ! ആകാശത്ത് വർണവെളിച്ചം വിതറി വിസ്മയക്കാഴ്ചതീർത്ത ഡ്രോൺ ലൈറ്റ് ഷോ കണ്ടവർക്ക് ഏകസ്വരം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ബേപ്പൂർ ഫെസ്റ്റിലായിരുന്നു കേരളത്തിലാദ്യമായി ഡ്രോൺ ഷോ അരങ്ങേറിയത്. ഡൽഹി ഐ.ഐ.ടി.യിൽനിന്ന് പഠിച്ചിറങ്ങിയ മൂന്നുപേരടങ്ങിയ സ്റ്റാർട്ടപ്പ് തുടക്കമിട്ട ഡ്രോൺ ഷോ ഇപ്പോൾ ബോട്ട് ലാപ് ഡൈനാമിക്സ് എന്ന സ്ഥാപനമാണ് നയിക്കുന്നത്.

വെൽക്കം ടു ബേപ്പൂർ, ഇന്ത്യയുടെ ഭൂപടം, ചലിക്കുന്ന മത്സ്യം, തുറക്കുന്ന പുസ്തകം, ഓളപ്പരപ്പിലെ ബോട്ട്, കേരള ടൂറിസം ലോഗോ, കഥകളി രൂപം, നൃത്തം തുടങ്ങിയവയാണ് ബേപ്പൂരിലെ രാത്രി ആകാശത്ത് വർണവെളിച്ചത്തിൽ വിരിഞ്ഞത്. 250 ഡ്രോണുകളാണ് ബേപ്പൂരിൽ ഉപയോഗിച്ചത്. അഞ്ചുകിലോമീറ്റർ അകലെനിന്നുവരെ ഈ വിസ്മയക്കാഴ്ച കാണാമായിരുന്നു. കരിമരുന്നുപ്രയോഗവും മറ്റും പോലെ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നില്ലെന്നതാണ് ഈ പ്രദർശനത്തിന്റെ പ്രത്യകത.

ഡ്രോണുകളുടെ അടിയിൽ ഘടിപ്പിച്ചിരിക്കുന്ന വിവിധനിറങ്ങളിലുള്ള എൽ.ഇ.ഡി. ലൈറ്റ് പാനലിലൂടെയാണ് ദൃശ്യവിസ്മയം ഒരുക്കുന്നത്. ടു.ഡി. , ത്രീ-ഡി കാഴ്ചകളുടെ ആകാശവെളിച്ചം ഒരുക്കാനും കഴിയും. ത്രീഡി ദൃശ്യങ്ങൾക്ക് കൂടുതൽ എണ്ണം ഡ്രോണുകൾ ഉപയോഗിക്കും. ‘ആദ്യം ആനിമേഷൻ ചെയ്ത് ദൃശ്യങ്ങളുടെ വിശദാംശം തയ്യാറാക്കും. അതിനുശേഷം നിശ്ചിത കോഡിലേക്ക് ഇത് മാറ്റും. ആ കോഡ് ഡൗൺലോഡ് ചെയ്താണ് പ്രദർശന ഡ്രോണുകളിൽ ഉപയോഗിക്കുന്നത്. ഇതിന്റെ സോഫ്‌റ്റ് വേറും ഹാർഡ്‌വേറും സ്വയംവികസിപ്പിച്ചതാണ്’- 14 യുവ ടെക്കികളുടെ ടീമിലെ ചീഫ് ഡ്രോൺ ഓപ്പറേറ്റർ അമിതാഭ് ഗോയൽ പറഞ്ഞു.

ഗ്രൗണ്ടിൽ നിരത്തുന്ന നിശ്ചിത ഫ്രീക്വൻസികളിലുള്ള ഡ്രോൺ പറത്താൻ മാസ്റ്റർ സ്വിച്ചിട്ട് ആരംഭിച്ചാൽ പിന്നെ മനുഷ്യസഹായം ഒട്ടും ആവശ്യമില്ല. എമർജൻസി ലാൻഡിങ്‌ ആവശ്യമായാൽ മാത്രമേ ഓപ്പറേറ്റർമാർ വേണ്ടിവരൂ. എവിടെവരെ പോകണം, എത്ര ഉയരത്തിൽ എങ്ങനെ വിന്യസിക്കണം എന്നതെല്ലാം മുൻകൂട്ടി നിശ്ചയിച്ച് ഫീഡ് ചെയ്തിരിക്കുന്നതിനാൽ അപകടസാധ്യതയുമില്ല. രാജ്യത്തും പുറത്തുമായി നൂറിലേറെ ഷോകൾ ഇതിനകം ഇവർ നടത്തിയിട്ടുണ്ട്.

5000 ഡ്രോൺവരെ ഉപയോഗിച്ചുള്ള പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ, 3000 ഡ്രോണുകളുപയോഗിച്ച് രാഷ്ട്രപതിഭവനിൽ പ്രദർശനം നടത്താൻ കഴിഞ്ഞതാണ് അഭിമാനാർഹമായ നേട്ടമെന്ന് ഡൽഹി സ്വദേശിയായ അമിതാഭ് ഗോയൽ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com