
കോഴിക്കോട്: ജില്ലയുടെ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് നഗരത്തിലെത്തുന്നവർ ഇരുട്ടുന്നതിന് മുമ്പ് തന്നെ വണ്ടി കയറണം.ഇല്ലെങ്കില്‍ കിട്ടുന്ന വാഹനങ്ങളില്‍ വാതിലില്‍ തൂങ്ങിപ്പിടിച്ചും തിക്കിത്തിരക്കിയും യാത്രചെയ്യേണ്ടി വരും. കുറച്ച് സമയം കൂടി കഴിഞ്ഞാല്‍ കോഴിക്കോട് നഗരത്തിലിരുന്ന് നേരം വെളുപ്പിക്കേണ്ടിയും വരും. വൈകീട്ട് ഏഴ് കഴിഞ്ഞാല്‍ ഗ്രാമങ്ങളിലേക്കും ഉള്‍നാടുകളിലേക്കും നഗരത്തില്‍ നിന്ന് പൊതുഗതാഗതമില്ല.
ഗ്രാമ പ്രദേശങ്ങളായ ബാലുശ്ശേരി, കൂരാച്ചുണ്ട്, കക്കോടി, പയമ്പ്ര, താമരശ്ശേരി, കൊടുവള്ളി, കൂട്ടാലിട തുടങ്ങിയ ഇടങ്ങളിലേക്ക് ആവശ്യത്തിന് ബസ് സർവീസുകള്‍ ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. കോവിഡ് വ്യാപന കാലഘട്ടത്തിന് മുമ്പ് രാത്രി 10നും 11നും ഇടയില്‍ നഗരത്തില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തിയിരുന്നു. എന്നാല്‍ വാഹനങ്ങള്‍ നിയന്ത്രണങ്ങളെല്ലാം മാറി ജനജീവിതം സാധാരണ ഗതിയിലേക്ക് മാറിയിട്ടും പൊതുഗതാഗതം പൂർണതോതില്‍ പുനരാരംഭിച്ചിട്ടില്ല.
ഉന്തിയും തള്ളിയും എത്ര നാള്‍
താമരശ്ശേരി – വയനാട് റൂട്ടില്‍ ആവശ്യത്തിന് സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി വിമുഖത കാണിക്കുന്നത് യാത്രക്കാരെ ചില്ലറയൊന്നുമല്ല വലയ്ക്കുന്നത്. വായുസഞ്ചാരം പോലും ഇല്ലാത്ത കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡില്‍ മണിക്കൂറുകള്‍ കാത്തിരുന്നാല്‍ മാത്രമാണ് ബസ് കിട്ടുക. അതില്‍ കയറിപ്പറ്റണമെങ്കിലോ, ജീവൻ മരണ പോരാട്ടം നടത്തണം. ബസുകള്‍ വൈകുന്നത് മൂലം കെ.എസ്.ആർ.ടി.സി ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള തർക്കവും പതിവാണ്. 7.20 വരെയാണ് കോഴിക്കോട് ഡിപ്പോയില്‍ നിന്ന് സുല്‍ത്താൻ ബത്തേരി, വയനാട്, ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. മറ്റ് ജില്ലകളില്‍ നിന്ന് വരുന്ന ബസുകള്‍ 9.30 ന് സുല്‍ത്താൻ ബത്തേരി, 10ന് മാനന്തവാടി, 10.30ന് സുല്‍ത്താൻ ബത്തേരി, 11.30ന് സുല്‍ത്താൻ ബത്തേരി എന്നിങ്ങനെ പുറപ്പെടും. അത് കഴിഞ്ഞാല്‍ പുലർച്ചെ മൂന്നിനാണ് മാനന്തവാടിയിലേക്ക് കോഴിക്കോട് നിന്ന് ബസുള്ളത്.
മാത്രമല്ല ലോക്കല്‍ സർവീസുകളെല്ലാം നേരത്തെ നിറുത്തുന്നതിനാല്‍ താമരശ്ശേരി, കുന്ദമംഗലം, കൊടുവള്ളി, അടിവാരം തുടങ്ങിയ ഭാഗത്തേക്കുള്ളവരും ആശ്രയിക്കുന്നത് വയനാട് ബസുകളെയാണ്. ഒട്ടുമിക്ക ദിവസങ്ങളിലും ബ്ലോക്ക്, അപകടം കാരണം പറഞ്ഞ് ബസുകള്‍ മുടങ്ങുന്നതോടെ യാത്രക്കാർ പെരുവഴിയിലാകുകയാണ്. ബസ് കാത്തിരിക്കാൻ കെ.എസ്.ആർ.ടി.സി ടെർമിനലില്‍ ആവശ്യത്തിന് ഇരിപ്പിടങ്ങളും സൗകര്യവുമില്ലാത്തതും യാത്രക്കാർക്ക് ഇരട്ടി ദുരിതമാവുകയാണ്.
കൈമലർത്തി ജീവനക്കാർ
ആളുകള്‍ മണിക്കൂറുകള്‍ കാത്തിരുന്ന് ക്ഷീണിച്ചാലും അടിയന്തര ലോക്കല്‍ സർവീസ് നടത്താൻ പോലും അധികൃതർ തയ്യാറാവില്ല. പരാതി പറഞ്ഞാല്‍ ജീവനക്കാർ കൈമലർത്തും. മുകളിലേക്ക് വിളിക്കൂ എന്നാവും മറുപടി. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചാല്‍ ബസ് ഇല്ല, ജീവനക്കാർ ഇല്ല എന്ന പല്ലവിയും. അതേ സമയം കോഴിക്കോട് ഡിപ്പോയില്‍ നിന്ന് മാത്രം തിരുവനന്തപുരത്തേക്ക് ഒരോ മണിക്കൂർ ഇടവിട്ട് 24 ബസുകള്‍ സർവീസ് നടത്തുന്നുണ്ട്. എന്നാല്‍ വയനാട്ടിലേക്ക് ബസ് അയക്കാൻ തയ്യറാവുന്നില്ല. അടിവാരം കഴിഞ്ഞാല്‍ ആളില്ല എന്നും നഷ്ടത്തിലാണ് എന്നുമാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്ന ന്യായം.



