
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ പൊതു തെരഞ്ഞെടുപ്പിന്റെ മാതൃകയിൽ നടത്തിയ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി. ഇലക്ഷൻ വിജ്ഞാപനം, നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും സ്കൂളിൽ സംഘടിപ്പിച്ചു.
രണ്ടു ബൂത്തുകളിലായി നടന്ന പോളിങ്ങിന് സ്കൂളിലെ ജെ.ആർ.സി യൂണിറ്റ് അംഗങ്ങൾ നേതൃത്വം നൽകി. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അച്ചടിച്ച ബാലറ്റ് പേപ്പറിൽ വിദ്യാർത്ഥികൾ വോട്ടുകൾ രേഖപ്പെടുത്തി. തെരഞ്ഞെടുപ്പു പുരോഗതി വിവിധ ഭാഷകളിൽ തൽസമയം റിപ്പോർട്ടു ചെയ്യുകയുണ്ടായി.
ഉച്ചക്കു ശേഷം വോട്ടെണ്ണുകയും വൈകുന്നേരത്തോടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. ഇരുപതോളം വിദ്യാർത്ഥികൾ മാറ്റുരച്ച തെരഞ്ഞെടുപ്പിൽ ലിയോൺ ബൈജു (സ്കൂൾ ലീഡർ ),ഡെന്നി ജോസഫ്(അസിസ്റ്റന്റ് ലീഡർ ),ആദിത്യൻ എൻ. എ(ജനറൽ ക്യാപ്റ്റൻ ) എന്നിവർ വിജയികളായി.
സ്കൂളിലെ സാമൂഹ്യ ശാസ്ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇലക്ഷന് അധ്യാപകരായ ജോസ്ന എൻ.ജോയി,പിന്റോ തോമസ് എന്നിവർ നേതൃത്വം നൽകി



