
മുക്കം: ഹയർ സെക്കൻഡറി പരീക്ഷാ ഡ്യൂട്ടിക്ക് പ്രൈമറി അധ്യാപകരെ നിയമിച്ച വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് വിവാദമാകുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ നടത്തിപ്പിനായാണ് മുക്കം ഉപജില്ലയിലെ ഹൈസ്കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ അധ്യാപകരെ കൂടി ഇൻവിജിലേഷൻ ഡ്യൂട്ടിക്കായി നിയോഗിച്ച് കഴിഞ്ഞദിവസം എഇഒ ഉത്തരവിറക്കിയത്. ഇത് പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങള്‍ കൂടി താളം തെറ്റാൻ ഇടയാക്കുമെന്നും ആക്ഷേപമുണ്ട്.
ഇൻവിജിലേഷൻ ഡ്യൂട്ടിക്കായി നിയോഗിച്ച അധ്യാപകരുടെ ലിസ്റ്റും ഉത്തരവിനൊപ്പം ചേർത്തിട്ടുണ്ട്. ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. എല്‍പി, യുപി അധ്യാപകരെ ഹൈസ്കൂള്‍, ഹയർ സെക്കൻഡറി പരീക്ഷകള്‍ക്ക് നിയോഗിക്കരുതെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ടായിട്ടും മുക്കം ഉപജില്ലയില്‍ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് പ്രൈമറി അധ്യാപകരെ നിയമിച്ചതായാണ് ആരോപണം.
പ്രൈമറി വിദ്യാലയങ്ങളില്‍ വാർഷിക പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. അക്കാദമിക വർഷാവസാനത്തില്‍ പഠനോത്സവം, അനുബന്ധ പഠന പ്രവർത്തനങ്ങള്‍, വാർഷിക പരിപാടികള്‍ എന്നിവയും നടക്കാനുണ്ട്. ഇത്തരം പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ പ്രൈമറി അധ്യാപകർക്ക് അധികഭാരം നല്‍കിയെന്നാണ് ആക്ഷേപം.
ഹയർ സെക്കൻഡറി, ഹൈസ്കൂള്‍ പരീക്ഷ നടത്തിപ്പിന് ആവശ്യമായ അധ്യാപകർ ഈ മേഖലയില്‍ നിന്നും ലഭ്യമാവുന്ന സാഹചര്യം നിലവിലുണ്ടായിട്ടും എന്തിനാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചതെന്ന് വ്യക്തമാകുന്നില്ലെന്നും പ്രൈമറി അധ്യാപകരെ നിയമിച്ച നടപടി പിൻലിക്കണമെന്നും കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയൻ മുക്കം ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.



