വന്യമൃഗ ശല്യം; കർഷകർക്കാശ്വാസമായി സോളാർ ഫെൻസിംഗ്

മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ഉൾപ്പെടെയുള്ളവയുടെ ശല്യം മൂലം കൃഷിക്കും മനുഷ്യ ജീവനും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കർഷകർക്കാശ്വാസ നടപടിയുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. തോട്ടുമുക്കം മേഖലയിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്ന നടപടികൾക്ക് തുടക്കമായി. 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ശതമാനം സബ്സിഡി നിരക്കിലാണ് പദ്ധതി നടപ്പാക്കുന്നത്.
മേഖലയിൽ കാട്ടുപന്നിക്കൂട്ടം വലിയ തോതിൽ കൃഷി നശിപ്പിക്കുന്ന സാഹചര്യത്തിൽ സോളാർ ഫെൻസിംഗ് ഇതിനൊരു പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പട്ടാപകൽ തോട്ടുമുക്കത്ത് റിട്ട. അധ്യാപികക്ക് കാട്ടുപന്നി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
തോട്ടുമുക്കം പള്ളിക്യമാലിൽ സിനോയിയുടെ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസി. ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. മറിയംകുട്ടി ഹസ്സൻ, സിജി കുറ്റികൊമ്പിൽ, കരീം പഴങ്കൽ, കൃഷി ഓഫീസർ തുടങ്ങിയവർ സംസാരിച്ചു.