
സഹധർമ്മിണി…6. അവസാന ഭാഗം.
“ഞാൻ അന്ന് പറഞ്ഞത് നിങ്ങൾ വീണ്ടും പറഞ്ഞ് ഓർമ്മിപ്പിച്ചപ്പോൾ ഞാൻ എന്തൊക്കെയോ ഓർത്തുപോയി”.. “അത് നിയന്ത്രിക്കാനാവാതെ ഞാൻ കരഞ്ഞതുകൊണ്ടാണോ നിങ്ങൾക്ക് ഉറക്കം വരാത്തത്?”..താൻ കാരണം തന്റെ ഭർത്താവിന്റെ ഉറക്കം നഷ്ടമായി എന്ന വിഷമത്തോടെ സജിന സലീമിനോട് ചോദിച്ചു..”ഹേയ്, അതുകൊണ്ടൊന്നുമല്ല”..”ആയിരക്കണക്കിന്, ലക്ഷക്കണക്കിന് വർഷങ്ങളെടുത്ത് , മഞ്ഞും മഴയും വെയിലും കൊണ്ട് കാടും മലയും പുഴയും താണ്ടി പലതിനേയും അതിജീവിച്ചാണ് രത്നങ്ങളും വജ്രങ്ങളും ഉണ്ടാകുന്നതെന്ന് കേട്ടിട്ടുണ്ട്”.. “ഉപ്പാക്ക് ആക്സിഡന്റ് ആയതും കൗമാരത്തിലെ കുടുംബഭാരം ചുമന്ന് പ്രവാസിയായി കഷ്ടപ്പെടേണ്ടി വന്നതും, “നീ” എന്ന രത്നത്തെ എനിക്ക് ലഭിക്കാൻ വേണ്ടിയായിരുന്നുവെന്ന് എനിക്കിപ്പോൾ തോന്നുന്നു”.. സലീമിന്റെ സംസാരവും ആ ഉപമയും കേട്ട് സജിനക്ക് ചിരി വന്നു..കുറേ വർഷങ്ങളായി താൻ അനുഭവിച്ച ദുരിതങ്ങളും കഷ്ടപ്പാടും, ജീവനുതുല്യം തന്നെ സ്നേഹിക്കുന്ന തന്റെ ഭർത്താവിനെ തനിക്ക് ലഭിക്കാൻ വേണ്ടിയായിരുന്നോ എന്ന് സജിനയും ചിന്തിച്ചുപോയി സലീമിന്റെ ആ ഉപമ കേട്ടപ്പോൾ..
ഒന്നര വർഷം മുമ്പ് വെക്കേഷന് നാട്ടിൽ വന്നപ്പോഴാണ് സജിന അനുഭവിച്ചിരുന്ന കഷ്ടപ്പാടുകൾ സലിം മനസ്സിലാക്കുന്നത്.. സലിമിന്റെ വിവാഹം കഴിഞ്ഞ് ഖത്തറിലേക്ക് പോയി നാലഞ്ച് മാസങ്ങൾക്ക് ശേഷമാണ് അവന്റെ ഉപ്പയ്ക്ക് ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.. വെന്റിലേറ്ററിൽ കിടക്കുന്ന ഉപ്പയുടെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കാൻ ഉമ്മയെയോ അനിയനെയോ വിളിച്ചിട്ട് കാര്യമുണ്ടായിരുന്നില്ല.. അവരുടെ മനസ്സിൽ നിന്നെല്ലാം ഉപ്പ എന്നോ മരിച്ച് പോയപോലെയാണ് സലീമിന് അവരോട് സംസാരിച്ചപ്പോൾ തോന്നിയത്.. അവരുടെ ആ സ്വഭാവം കുറച്ചൊക്കെ സലീമിന് നേരത്തെ അറിയുന്നതുമാണ്.. അവൻ സജിനയെ വിളിച്ചു.. എന്തിനും ഏതിനും.. ഉപ്പയ്ക്ക് സുഖമായി, വീട്ടിൽ തിരിച്ചെത്തി.. മൂന്നാല് മാസമായി എന്തെങ്കിലും ആവശ്യങ്ങൾക്ക് മാത്രം വിളിച്ചിരുന്ന സലീം സജിനയെ ദിവസവും വിളിക്കാൻ തുടങ്ങി.. സജിനക്ക് യുദ്ധം ജയിച്ച രാജാവിനെ പോലെ തോന്നി.. സലിം സലീമിനെ പറ്റി എല്ലാം പറഞ്ഞു..സങ്കടങ്ങളും സന്തോഷങ്ങളും കഷ്ടപ്പാടുകളും അനുഭവങ്ങളും ദുരനുഭവങ്ങളും പ്രശംസിച്ചതും കുറ്റപ്പെടുത്തിയതും, അങ്ങനെ എല്ലാം.. സജിനയും പറഞ്ഞു, അവളുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും.. വീട്ടിലെ സകല ജോലികളും ഉപ്പയെ പരിചരിക്കലും തന്റെ മാത്രം ഉത്തരവാദിത്തമായി മാറിയതോന്നും സജിന സലീമിനോട് പറഞ്ഞില്ല.. ചെറുപ്പം മുതലേ വീട്ടിലും എല്ലാ ജോലികളും ചെയ്തിരുന്ന സജിനക്ക്, തന്റെ ഭർത്താവ് തന്നോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ, സ്നേഹിക്കാൻ തുടങ്ങിയപ്പോൾ, ഉപ്പയെ പരിചരിക്കലും മറ്റ് ജോലികളും ഒന്നും ഒരു ബുദ്ധിമുട്ടായി തോന്നിയതേയില്ല.. സലീമിന് ജോലിസ്ഥലത്ത് എന്തെങ്കിലും വിഷമങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ഉടൻ അവൻ സജിനയെ വിളിക്കും. അവളോടൊരു രണ്ടു മിനിറ്റ് സംസാരിച്ചാൽ അവൻ സന്തോഷവാനാകും .. സജിന തനിക്ക് നല്ലൊരു ഭാര്യയും സുഹൃത്തും അമ്മയും അധ്യാപികയും ഒക്കെയാണെന്ന് സലീമിന് പലപ്പോഴായി തോന്നി..ഏതു വിഷമഘട്ടത്തിലും സന്തോഷവാനായി ജീവിക്കാൻ സലീം ശീലിച്ചു തുടങ്ങി.. സജിന അവനെ അതിനു പ്രാപ്തനാക്കി എന്ന് പറയുന്നതാവും കൂടുതൽ ശരി.. തന്റെ ഭർത്താവിന്റെ സ്നേഹം നേടിയ സജിന സ്വർഗ്ഗത്തിലെന്നപോലെ സന്തോഷിച്ചു.. സജിനയെ പോലെ സന്തോഷിച്ച ഒരാൾ കൂടിയുണ്ടായിരുന്നു ആ വീട്ടിൽ, സലീമിന്റെ ഉപ്പ.. ദിവസങ്ങൾ പിന്നെയും കടന്നുപോയി..
ഗർഭിണിയായിരുന്ന മൂത്ത പെങ്ങൾ പ്രസവാനന്തരം തറവാട്ട് വീട്ടിലേക്ക് വന്നു.. അവളെയും കുഞ്ഞിനെയും പരിചരിക്കുന്നതും സജിനയുടെ ജോലിയായി.. സ്ഥിരമായി സംസാരിക്കുന്ന സലീമിനോട് തന്റെ ഒരു വിഷമവും സജിന പറഞ്ഞില്ല.. സൽമത്തും കുഞ്ഞും അവളുടെ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ച് പോയതിനുശേഷം, രണ്ടുമാസമായിക്കാണും, സാഹിറ ഗർഭം ധരിച്ച്, ഡോക്ടർമാർ ബെഡ് റസ്റ്റ് പറഞ്ഞത് കൊണ്ട് അവളുടെ ഭർത്താവിന്റെ വീട്ടുകാരുടെ സമ്മതപ്രകാരം ഇവിടെ തറവാട്ടിൽ വന്നു നിന്നു .. മൂത്തവൾ അവളുടെ കാര്യങ്ങളെങ്കിലും ചെയ്തിരുന്നെങ്കിൽ ഇളയവൾ അതുപോലും ചെയ്തില്ല.. ഡോക്ടർ ബെഡ് റസ്റ്റ് പറഞ്ഞത് ഒരു ആശ്വാസമായി കൊണ്ട് നടക്കുകയാണ് അവൾ..അതൊക്കെ സജിനയുടെ ജോലിയാണ് എന്ന ഭാവത്തോടെയായിരുന്നു അവൾ പെരുമാറിയത്..സാഹിറയുടെ ഭർത്താവിന്റെ വീട്ടിലെ ജോലിക്കാരി, സാഹിറ അവരെ കഷ്ടപ്പെടുത്തുന്നതിനെപ്പറ്റി പലരോടും പറഞ്ഞ്, ഇവിടെയും ആരൊക്കെയോ പറയുന്നത് സജിന കേട്ടിട്ടുണ്ട്.. സാഹിറയുടെ ( സലീമിന്റെ) ഉപ്പയുടെയും ഉമ്മയുടെയും എല്ലാ കാര്യങ്ങളും ഒരു കുറവ് പോലും വരുത്താതെ നോക്കിയതും അവളുടെ അടിവസ്ത്രം വരെ ഒരു മടിയും കൂടാതെ അലക്കിയതുമൊന്നും സജിനക്ക് ഒരു വിഷമമായി തോന്നിയിരുന്നില്ല.. അവളുടെ ഉമ്മയുടെ സ്ഥാനത്തുള്ള, ജേഷ്ഠത്തിയമ്മയായ തന്നെ ഒരു വേലക്കാരി എന്ന നിലയിലേക്ക് തരം താഴ്ത്തുന്നത് സജിനക്ക് താങ്ങാൻ കഴിഞ്ഞില്ല.. തൂവെള്ള നിറമുള്ള സാഹിറ കണ്ണെഴുതി ചുണ്ട് ചുമപ്പിച്ച് മോസ്റ്റ് മോഡേൺ ഡ്രസ്സുമണിഞ്ഞ് ഡോക്ടറെ കാണിക്കാൻ പോയപ്പോൾ അവളുടെ കൂടെ അവൾക്ക് സഹായത്തിനായി ഹോസ്പിറ്റലിൽ പോയപ്പോൾ കറുപ്പ് നിറവും സാധാരണ രീതിയിൽ വസ്ത്രവും ധരിച്ച സജിന തന്റെ ജ്യേഷ്ഠത്തിയമ്മയാണ് എന്ന് മറ്റുള്ളവരോട് പറയാൻ സാഹിറ മടിക്കുന്നത് സജിനയെ വിഷമിപ്പിച്ചു.. വല്ലപ്പോഴുമൊക്കെ സജിനയെ വിളിച്ചിരുന്ന സലീം, ദിവസം രണ്ടും മൂന്നും തവണ വിളിക്കുന്നത് കണ്ട് സാഹിറ അസ്വസ്ഥതയായി.. കൂടപ്പിറപ്പുകളോ നാട്ടുകാരോ കൂടെയില്ലാതെ ആയിരക്കണക്കിന് മയിലുകൾക്കപ്പുറത്ത് കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന തന്റെ ഭർത്താവ് വിഷമിക്കും എന്നോർത്ത് സജിന ഇതൊന്നും സലീമിനോട് പറഞ്ഞില്ല.. സലീമിന്റെ സ്നേഹത്തിൽ അവൾ സംതൃപ്തയായിരുന്നു..മറ്റൊന്നും അവൾക്കൊരു പ്രശ്നമേ ആയിരുന്നില്ല..സാഹിറ പ്രസവിച്ചു..സിസേറിയനായിരുന്നു..ഹോസ്പിറ്റലും വീടും സാഹിറയും ഉപ്പയുമായി സജിന ശരിക്കും കഷ്ടപ്പെട്ടു.. പ്രസവാനന്തരം, സാഹിറയുടെ വീട്ടിലെ അവസ്ഥയും മറ്റും മനസ്സിലാക്കിയ റൗഫിന്റെ ഉപ്പ സാഹിറയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി..മാസങ്ങളായി യന്ത്രത്തെപ്പോലെ ജോലി ചെയ്തിരുന്ന സജിനിക്ക് അതൊരു ആശ്വാസമായിരുന്നു..
മാസങ്ങൾ പിന്നെയും കടന്നുപോയി.. സലീം പോയിട്ട് ഒന്നരവർഷത്തോളമായി.. ഉപ്പയെ ദേഹാസ്വസ്ഥ്യം കാരണം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു..ശ്വാസതടസ്സം കാരണം വെന്റിലേറ്ററിലാണ്.. ഇനി അധികം ദിവസങ്ങളില്ല, കാണാനുള്ളവരോട് വന്ന് കാണാൻ ഡോക്ടർമാർ നിർദ്ദേശിച്ചു..എമർജൻസി ലീവെടുത്ത് സലീം നാട്ടിൽ വന്നു.. വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ കിടക്കുന്ന ഉപ്പയെ സലീം കണ്ടു.. അടുത്ത രണ്ട് ദിവസവും ഉപ്പയ്ക്ക് ഒരു മാറ്റവുമില്ലാതെ തുടർന്നു.. അതിനടുത്ത ദിവസം ഡോക്ടർ സജിനയെ വിളിച്ച്, കൂടെ ഉണ്ടായിരുന്ന സലീമിനോടുമായി പറഞ്ഞു.. ഇനി ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവില്ല..ഡോക്ടർ അന്തിമ വിധി പറഞ്ഞു.. ജീവന്റെ ഒരു നേരിയ അംശം ബാക്കിയുണ്ട്. വെന്റിലേറ്റർ ഒഴിവാക്കിയാൽ മരണം സുനിശ്ചിതം.. അടുത്ത ദിവസം രാവിലെ ഉപ്പ മരിച്ചു.. മരണാനന്തര ചടങ്ങുകളും സംസ്കാരവും കഴിഞ്ഞ് ആളുകൾ പിരിഞ്ഞുപോയി.. കുടുംബാംഗങ്ങളെ കൊണ്ട് വീട് നിറഞ്ഞു.. സലീമുപോലും പലപ്പോഴും ആ മരണം ആഗ്രഹിച്ചിരുന്നു.. ദുഃഖാർദ്രമായ ഒരു അന്തരീക്ഷമൊന്നും അവിടെ ഉണ്ടായിരുന്നില്ല.. എല്ലാവരുടെയും കാര്യങ്ങൾ നോക്കി, ഓരോരുത്തർക്കും വേണ്ടത് ചെയ്ത് സജിന ഓടി നടക്കുന്നുണ്ട്.. കണ്ണൂക്കിന് ( മൂന്ന് ) ശേഷം എല്ലാവരും പിരിഞ്ഞുപോയി. ഉമ്മയും സലീമും സജിനെയും അനിയനും മാത്രമായി.. വണ്ടിയിൽ പോകുന്ന അനിയൻ രാത്രിയേ മടങ്ങിവരൂ.. ഉമ്മ അയൽവക്കത്തോ മറ്റോ ഉമ്മയ്ക്ക് തോന്നിയയിടത്തൊക്കെ പോകും..സലീമും സജിനയും മാത്രമായിരുന്നു വീട്ടിൽ അധികവും.. ഉപ്പ മരിച്ചതുകൊണ്ട് ആഘോഷങ്ങൾക്കോ ഔട്ടിങ്ങിനോ പോയില്ലെങ്കിലും അവർ പരസ്പരം സ്നേഹിച്ചു, എല്ലാ അർത്ഥത്തിലും.. ലീവ് കഴിഞ്ഞ് സലീം തിരിച്ചുപോയി.. സജിന ഗർഭിണിയായി.. ഉപ്പ മരിക്കുന്നതിന് മുമ്പേ നിശ്ചയിച്ചിരുന്ന അനിയന്റെ വിവാഹം, ഉപ്പ മരിച്ച് രണ്ടുമാസത്തിന് ശേഷം ആളും ആരവുമില്ലാതെ നടത്തി.. മൂന്നുമാസം ഗർഭിണിയായ സജിന പൂർണ്ണ ആരോഗ്യവതിയായിരുന്നു..സാഹിറയുടെ മറ്റൊരു പതിപ്പായിരുന്നു സൽമാന്റെ ഭാര്യ റെജീനയും.. ചേരേണ്ടതേ ചേരൂ എന്ന് പറഞ്ഞതുപോലെ സാഹിറയും റെജീനയും പെട്ടെന്നടുത്തു.. വീട്ടുജോലികളൊന്നും ചെയ്ത് ശീലമില്ലാത്ത റെജീന, അവൾക്ക് ചെയ്യാൻ പറ്റുന്നത് എന്തെങ്കിലും ചെയ്ത് തനിക്കൊരു ആശ്വാസമാകുമെന്ന് സജിന ആഗ്രഹിച്ചു.. ജീവിതയാഥാർത്ഥ്യത്തിലേക്ക് കയറിയിട്ടില്ലാത്ത ഫാഷന് പുറകെ പോകുന്ന 18 വയസ്സ് തികഞ്ഞ ആ പെൺകുട്ടി മറ്റൊന്നും പഠിച്ചിരുന്നില്ല, ശീലിച്ചിരുന്നില്ല.. ഇന്നല്ലെങ്കിൽ നാളെ ശരിയാകും എന്ന് സജിന ആഗ്രഹിച്ചു.. അവരുടെ ഹണിമൂണും ടൂറും ഷോപ്പിംഗും സൽക്കാരവും ഒക്കെയായി ദിവസങ്ങൾ കടന്നുപോയി.. കണ്ടറിഞ്ഞ് അവൾ എന്തെങ്കിലും ചെയ്തു തന്നെ സഹായിക്കും എന്ന് പ്രതീക്ഷിച്ച സജിനക്ക്, സാഹിറ മുമ്പ് പ്രകടിപ്പിച്ച, തന്നെ തരംതാഴ്ത്തിയുള്ള മുഖഭാവവും പെരുമാറ്റവുമാണ് റെജീനയിൽ നിന്നും അനുഭവപ്പെട്ടത്.. സ്ഥിരമായി മിനിറ്റുകളോളം സംസാരിക്കുന്ന തന്റെ ഭർത്താവിനോട് സജിന അതും പറഞ്ഞില്ല.. സജിന പൂർവാധികം സന്തോഷവതിയാണ് എന്ന് തോന്നിയത് കൊണ്ട് സലീം സജിനിയോട് നിനക്ക് സുഖമാണോ എന്ന് ചോദിക്കാറുമില്ല.. സജിന അവളുടെ വീട്ടിൽ പോയി നാലോ അഞ്ചോ ദിവസം നിന്ന് തിരിച്ചുവരുമ്പോഴേക്കും വീടും പരിസരവും കാട് പിടിച്ചു കിടക്കും..
ദിവസങ്ങളും ആഴ്ചകളും കടന്നുപോയി.. സജിന ഒരു പെൺകുട്ടിക്ക് ജന്മം നൽകി.. സുഖപ്രസവമായിരുന്നു.. സലീം പോയി ഒരു വർഷം തികഞ്ഞപ്പോൾ രണ്ട് മാസത്തെ ലീവിന് നാട്ടിൽ വന്നു.. ബാപ്പ മരിച്ച ദിവസങ്ങളിൽ ഓടി പിടഞ്ഞ് ജോലി ചെയ്യുന്ന സജിനയെ കണ്ടപ്പോൾ സലീമിന് തന്റെ ഭാര്യയിൽ അഭിമാനം തോന്നിയിരുന്നു.. മറ്റുള്ളവരൊക്കെ മാറി നിന്നത് ഉപ്പ മരിച്ച വിഷമം കൊണ്ടാണ് എന്ന് സലീം കരുതുകയും ചെയ്തു.. അന്ന് വളരെ ചുരുങ്ങിയ ദിവസം കൊണ്ട് വീട്ടിലെ അവസ്ഥ ( സജിനയുടെ ) ശരിക്കും സലീമിന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.. ഉപ്പ മരിച്ചു എന്ന ഒരു വിഷമം അല്ലാതെ സജിന എപ്പോഴും ഹാപ്പി ആയതുകൊണ്ട് സലീം മറ്റൊന്നും ശ്രദ്ധിച്ചതുമില്ല.. വന്ന് മൂന്നാല് ദിവസങ്ങൾ കൊണ്ട് സലീം മനസ്സിലാക്കിയിരിക്കുന്നു, തന്റെ പ്രിയപ്പെട്ട ഭാര്യ മറ്റുള്ളവരുടെയൊക്കെ വെറും വേലക്കാരിയാണ് എന്ന്.. തന്നോട് ഒരിക്കലും ഒരു സങ്കടവും പറഞ്ഞിട്ടില്ലാത്ത തന്റെ ഭാര്യയുടെ അവസ്ഥ മനസ്സിലാക്കിയ സലീം വിഷമവും സങ്കടവും സഹിക്കവയ്യാതെ സജിനയോട് കോപപെട്ട് നടന്നതെല്ലാം ചോദിച്ചു.. സജിന സലീമിനോട് എല്ലാം പറഞ്ഞു.. ഓരോന്ന് പറയുമ്പോഴും അവള് സലീമിനോട് പറയുന്നുണ്ട് “നിങ്ങളവരോട് കോപപ്പെടരുത്, ചോദിക്കരുത്, എനിക്കതിൽ സങ്കടമൊന്നുമില്ല” എന്നൊക്കെ.. അവൾ അനുഭവിച്ച ദുരിതങ്ങളെല്ലാം കേട്ട സലീമിന് എല്ലാവരോടും കോപപ്പെടാനും വഴക്കിടാനും അടിച്ചുപൊളിക്കാനും തോന്നിയെങ്കിലും സജിന അവനെ സ്നേഹത്തോടെ തടഞ്ഞു.. എന്തോ തീരുമാനിച്ചുറപ്പിച്ച സലീം ആരോടും ഒന്നും ചോദിച്ചില്ല.. വീട്ടിലെ എല്ലാ പണിയും തന്റെ ഭാര്യ തന്നെ ചെയ്യുന്നത് സലീമിനെ വിഷമിപ്പിച്ചു കൊണ്ടിരുന്നു.. സലീം വീടിനടുത്തുള്ള ഒരു വാടക വീട്ടിലേക്ക് താമസം മാറി..മറ്റൊരു വഴിയില്ല എന്ന് എല്ലാ അർത്ഥത്തിലും സലിം മനസ്സിലാക്കിയിരുന്നു..
ഉമ്മയെയും സഹോദരങ്ങളെയും ചേർത്തുപിടിച്ചു തന്നെ സലീമും സജിനയും സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി.. ഇപ്പോൾ സലീമിന് സജിനയുടെ ഒരു മൂളലിന്റെ അർത്ഥം പോലും മനസ്സിലാക്കാൻ കഴിയും..രണ്ടുമാസത്തെ ലീവിന് ശേഷം, സജിനയെ വീണ്ടും ഗർഭിണിയാക്കി സലീം ഖത്തറിലേക്ക് പോയി.. ഒഴിവുകൾ സമയങ്ങളിൽ സ്ത്രീകളുടെ തുണിമണികളും മറ്റും തയ്ച്ച്, സജിന ആളുകളുടെ പ്രിയപ്പെട്ട തയ്യൽക്കാരിയായി മാറിയിരുന്നു.. ഒന്നരവർഷം ആയപ്പോഴേക്കും സലീമിന്റെ കടം ഏറെക്കുറെ വീട്ടിക്കഴിഞ്ഞു..ബിസിനസ് കുറഞ്ഞ് കമ്പനിയുടെ മോശം സമയമായിരുന്നു അത്..സലീം ജോലി ഒഴിവാക്കി നാട്ടിൽ തിരിച്ചുവന്നു..വന്നിട്ട് ഒരാഴ്ച്ചയേ ആയുള്ളൂ.. എന്തിനാ വെറുതെ നിൽക്കുന്നത് എന്ന് കരുതിയാണ് വന്ന് ഒരാഴ്ച തികയും മുമ്പേ, ഇന്നലെ, വീടുകളൊക്കെ പെയിന്റിംഗ് കരാറെടുത്ത് ചെയ്യുന്ന തന്റെ സുഹൃത്ത് റാഫിക്കിന്റെ കൂടെ തന്റെ ഒരു സഹപാഠിയുടെ വീട് പെയിന്റ് ചെയ്യാൻ സലിം പോയത്..സമയം മൂന്നു മണിയോടടുക്കുന്നു.. സലീമിന്റെയും സജിനയുടെയും മനസ്സ് കാർമേഘമൊഴിഞ്ഞ വാനം പോലെ തെളിഞ്ഞിരുന്നു.. അവർ ഒരു പുതപ്പിനടിയിൽ സ്നേഹിച്ചു..ഇനിയുള്ള ഓരോ പുലരികളും അവരുടെതാണ് എന്ന് ചിന്തിച്ച്.. അവസാനിച്ചു…Sidhique Patta.



