
കോടഞ്ചേരി: ചിപ്പിലിത്തോട്ടിൽ കാട്ടാനശല്യം കൊണ്ട് ജനം പൊറുതിമുട്ടി. കോടഞ്ചേരി വില്ലേജിൽപ്പെട്ട പല വീടുകളുടെയും സമീപത്ത് രാത്രിയോടെ കാട്ടാനകൾ എത്തുകയും കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്.സണ്ണി പൊള്ളാശ്ശേരി, ജയ്സണ്‍ പൊള്ളാശേരി, സെലിൻ ഇടിയാംകുന്നേൽ, രാജു ഇടിയാംകുന്നേൽ എന്നിവരുടെ വീട്ടുമുറ്റത്ത് കഴിഞ്ഞദിവസം ആനകൾ എത്തി. വനപാലകർ ഇവിടെ എത്തുന്നില്ലെന്ന് കർഷകർക്ക് പരാതിയുണ്ട്. രാത്രി മുഴുവൻ പടക്കം പൊട്ടിച്ച് ആനയെ തുരത്താനുള്ള ശ്രമം നാട്ടുകാർ നടത്തുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ല.കുളത്തിങ്കൽ ജോജിയുടെ 150 റബർ തൈകളാണ് ആന കഴിഞ്ഞ ദിവസം നശിപ്പിച്ചത്. കൂടാതെ ബെന്നി പനക്കലിന്‍റെ തെങ്ങുകളും നശിപ്പിച്ചു. കാട്ടാനയെ പേടിക്കാതെ സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



