News

ഓട്ടോയിൽ കയറിയ വയോധികയെ ആക്രമിച്ച് സ്വർണ്ണം കവർന്ന പ്രതി അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിൽ നിന്ന് യാത്രക്കായി ഓട്ടോയിൽ കയറിയ വയോധികയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ പിടികൂടി. കുണ്ടായിതോട് കുളത്തറമ്മൽ വീട്ടിൽ ഉണ്ണികൃഷ്ണൻ(50) നെയാണ് ടൗൺ ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ പി.കെ.ഇബ്രായി അറസ്റ്റ് ചെയ്തത്.

ജൂലൈ മൂന്നാംതീയ്യതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴയിലെ മകന്റെ വീട്ടിൽ നിന്നും ട്രെയിൻ മാർഗ്ഗം കോഴിക്കോട്ടെത്തിയ 69 കാരി വയനാട് പുൽപ്പള്ളി സ്വദേശിനിയാണ് ആക്രമണത്തിനിരയായത്. എം.സി.സി ബാങ്ക് പരിസരത്ത് നിന്നും കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്റിലേക്ക് ഓട്ടോയിൽ കയറിയ വയോധികയെ വഴി തെറ്റിച്ച് ചിന്താ വളപ്പ്, പാവമണി റോഡ് വഴി മുതലക്കുളം ഭാഗത്ത് എത്തിച്ച ശേഷം ആക്രമിക്കുകയായിരുന്നു. ഇവരുടെ രണ്ട് പവനോളം തൂക്കം വരുന്ന സ്വർണ്ണമാല പിടിച്ചു പറിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ബലമായി പിടിച്ച് പുറത്തേക്ക് വലിച്ചിടുകയും ചെയ്തു. ഭയന്നു പോയ ഇവർ ബസ്സിൽ കയറി ഓമശ്ശേരിയിലുള്ള സഹോദരന്റെ വീട്ടിലെത്തി ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ആക്രമണത്തിൽ വയോധികയുടെ രണ്ടു പല്ലുകൾ നഷ്ടപ്പെടുകയും താടിയെല്ലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നു വരികയായിരുന്നു. കോഴിക്കോട്ടെ മാതൃകാ ഡ്രൈവർമാരന്നെ സൽപേരിന് കളങ്കമുണ്ടാക്കുന്ന തരത്തിലും സ്ത്രീ സുരക്ഷക നഗരത്തിൽ നടന്ന ഈ സംഭവത്തെ വളരെ ഗൗരവത്തിൽ എടുത്ത് ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും നഗരത്തിൽ രാത്രി ഓടുന്ന മുഴുവൻ ഓട്ടോകളുടെ ലിസ്റ്റ്  പരിശോധിച്ചും ശാസ്ത്രീയ തെളിവുകളിലൂടെയുമാണ് പ്രതിയിലേക്ക് എത്തിയത്.

സിറ്റി പോലീസ് കമ്മീഷണർ ഡി.ഐ.ജി രാജ്പാൽമീണ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഡപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാൾ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ടൗൺ അസി.കമ്മീഷണർ കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്നു പ്രതിയെ പിടികൂടിയത്. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമ്മണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം. ടൗൺ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ മുരളീധരൻ, എ.മുഹമ്മദ് സിയാദ്, ബൈജു നാഥ്.എം, സീനിയർ സിപി ഒ ശ്രീജിത്ത് കുമാർ പി, രജിത്ത്, സിപിഒ ജിതേന്ദ്രൻ എൻ, രഞ്ജിത്ത്.സി, പ്രജിത്ത് എന്നിവരും  സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com