
കോഴിക്കോട് : വേതനപാക്കേജ് പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് വ്യാപാരികൾ നടത്തിയ കടയടപ്പ് സമരത്തിനുശേഷം റേഷൻകടകൾ ഇന്ന് തുറന്നു പ്രവർത്തിക്കുന്നു. അവധിയും സമരവുമായി നാലുദിവസം റേഷൻകടകൾ അടഞ്ഞു കിടന്നു. ശനിയാഴ്ച കണക്കെടുപ്പ് പ്രമാണിച്ചുള്ള അവധിയും ഞായറാഴ്ച പൊതു അവധിയുമായിരുന്നു.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റേഷൻ ഡീലേഴ്‌സ് കോഡിനേഷൻ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാപകൽ ഉപവാസം നടത്തി. കടകളടച്ചുള്ള പ്രതിഷേധം ഒഴിവാക്കാനായി സംഘടനാ പ്രതിനിധികളുമായി മന്ത്രിതല ചർച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല.
ജൂലായിൽ റേഷൻ വിതരണം തുടങ്ങിയ സമയത്തുതന്നെ സമരം നടത്തിയത് പൊതുജനങ്ങളെ സാരമായി ബാധിച്ചു. പലരും കടയടച്ചതറിയാതെ സാധനങ്ങൾ വാങ്ങാനെത്തി തിരിച്ചുപോവേണ്ടിവന്നു. ജില്ലയിലെ 964 റേഷൻ കടകളും സമരത്തിന്റെ ഭാഗമായെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി പറഞ്ഞു.കോവിഡ് കാലത്ത് നൽകിയ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ കമ്മിഷൻ നൽകണമെന്ന കോടതിവിധി നടപ്പാക്കുക, ഭക്ഷ്യഭദ്രതാ നിയമത്തിൽ കേന്ദ്രാവഗണന അവസാനിപ്പിക്കുക, ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കുക, ആരോഗ്യ ഇൻഷുറൻസും പെൻഷനും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം.ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ (അടൂർ വിഭാഗം), കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്‌സ് അസോസിയേൻ (കൃഷ്ണപ്രസാദ് വിഭാഗം), കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) എന്നീ സംഘടനകളാണ് സമരം നടത്തിയത്.അടഞ്ഞുകിടക്കുന്ന കുരിയാൽ ലെയ്‌നിലെ പൊതുവിതരണകേന്ദ്രം


