ENTERTAINMENT

സിദ്ധീഖ് എഴുതുന്നു എൻ്റെ ഭ്രാന്തൻ ചിന്തകൾ…28

ലിവിങ് ടുഗതർ…2. മോളിയുടെയും കുഞ്ഞിന്റെയും ശവസംസ്കാരവും അനുബന്ധ ചടങ്ങുകളും കഴിഞ്ഞു.. മാസം ഒന്ന് രണ്ട് കഴിഞ്ഞെങ്കിലും രാജുവിന് ആ യാഥാർത്ഥ്യം ഉൾക്കൊള്ളാനായിട്ടില്ല.. രാജുവിന്റെ അപ്പനും പെങ്ങമ്മാരും ആ വിപത്തിനോട് സമരസപ്പെട്ട് പോയിരുന്നെങ്കിലും അവരുടെ അമ്മയ്ക്ക് അതൊരു ഷോക്ക് തന്നെയായിരുന്നു.. അവർക്കും ആ സങ്കടക്കടലിൽ നിന്ന് പൂർണ്ണമായും പുറത്ത് കടക്കാൻ കഴിഞ്ഞില്ല.. അമ്മയ്ക്ക് രാജുവടക്കും തന്റെ അഞ്ചുമക്കളെക്കാൾ പ്രിയം മോളിയോടായിരുന്നു. പിന്നെ കുഞ്ഞിനോടും.. മോളിയും കുഞ്ഞും മരിച്ചതിനു ശേഷം രാജു കൂടുതലും വിഷാദ ഭാവത്തിലാണ്..

കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ വേദന പതുക്കെ പതുക്കെ കുറഞ്ഞിട്ടുണ്ടാകുമെങ്കിലും മോളി നഷ്ടപ്പെട്ടതിന്റെ വേദന അവനിൽ ഉമിത്തിയെരിയുന്ന പോലെ എരിഞ്ഞുകൊണ്ടിരുന്നു.. മറ്റാരും അതറിയാതിരിക്കാൻ അവൻ പരമാവധി ശ്രമിച്ചു..കുഞ്ഞാങ്ങളക്ക്‌ വന്ന വിധിയിൽ നാലു പെങ്ങമ്മാരും ഒരുപോലെ സങ്കടപ്പെട്ടു.. രാജു കളിചിരി അഭിനയിച്ച് പറമ്പിലും വയലിലും പണിക്കാരെ വെച്ച് പണിയെടുപ്പിച്ചും സ്വയം പണിയെടുത്തും ജീവിതം മുന്നോട്ടു നയിച്ചു..വർഷം രണ്ട് കടന്നുപോയി.. അച്ഛനും അമ്മയും പെങ്ങമ്മാരും മറ്റു വേണ്ടപ്പെട്ടവരും രാജുവിന്റെ മറ്റൊരു വിവാഹത്തെ പറ്റി സംസാരിച്ചുതുടങ്ങി.. രാജു എതിർത്തെങ്കിലും വീട്ടുകാരുടെ സ്നേഹത്തിനു മുന്നിൽ അവൻ കീഴടങ്ങി.. എല്ലാ കാര്യങ്ങളും വ്യക്തമാക്കി വിവാഹാലോചനകൾ ക്ഷണിച്ച് അവർ പരസ്യം ചെയ്തു..

രണ്ടാം വിവാഹമാണെന്നും യാഥാസ്ഥിതിക കുടുംബമാണെന്നതും കൃഷിക്കാരനാണ് എന്നതും വിവാഹ കമ്പോളത്തിൽ രാജുവിന്റെ മാർക്കറ്റ് വാല്യൂ വളരെ താഴ്ത്തി.. പലതും ആലോചിച്ചില്ലെങ്കിലും ഒന്നും ശരിയായില്ല.. ഭാര്യയും കുഞ്ഞും മരിച്ചു എന്നോർത്ത് ആരെയെങ്കിലും പിടിച്ച് അവന്റെ തലയിലിടാൻ നാലു പെങ്ങന്മാരും ഒരുക്കമല്ലായിരുന്നു.. എല്ലാ മാട്രിമോണി സൈറ്റുകളും ന്യൂസ് പേപ്പർ കോളവും നാലുപേരും ഒരുപോലെ തിരഞ്ഞുകൊണ്ടിരുന്നു.. മാസങ്ങൾ പലതും പിന്നെയും കടന്നുപോയി.. അങ്ങനെയിരിക്കെ രാജുവിന്റെ സഹോദരി ഏലിയാമ്മയുടെ മൂത്തമകൾ ശ്രേയ ഒരു സുഹൃത്ത് വഴിയാണ് റോസിലിനെ കുറിച്ചറിയുന്നത്..പുൽപള്ളിയിലെ പ്രശസ്തമായ പുരാതന സമ്പന്ന കുടുംബം.. പഠിച്ചുകൊണ്ടിരിക്കുമ്പോൾ അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഒരുത്തനെ വിവാഹം കഴിച്ചു.. രണ്ടുമാസത്തോളം ഒരുമിച്ച് താമസിച്ച് വരൻ അമേരിക്കയിലേക്ക് തിരിച്ചുപോയി.. റോസിലിൻ പഠിച്ചുകൊണ്ടിരുന്ന ബാംഗ്ലൂരിലെ ഹോസ്റ്റലിൽ താമസിച്ച് റോസിലിൻ തന്റെ പഠിപ്പ് തുടർന്നു..അമേരിക്കയിലുള്ള റോസിലിന്റെ വകയിൽ ഒരു അമ്മാവൻ വഴി അവന്റെ പരസ്ത്രീ ബന്ധം അറിഞ്ഞതുകൊണ്ട് ബന്ധം വേർപെടുത്തിയതാണ്.. രണ്ടാം വിവാഹമല്ലേ എന്ന് പറഞ്ഞ് എല്ലാവരും അത് ഒഴിവാക്കാൻ പറഞ്ഞപ്പോൾ പരിഹാസ രൂപേണെയാണ് “എന്റേതും രണ്ടാമത്തെ വിവാഹമല്ലേ?” എന്ന് രാജു ചോദിച്ചത്..”അച്ചാച്ചന് രണ്ടാം വിവാഹമായത് കുഴപ്പമില്ല?”.. ചെറുതായൊന്ന് ആലോചിച്ചതിനുശേഷം രാജുവിനെക്കാൾ അഞ്ചോ ആറോ വയസ്സ് ഇളയതായ ശ്രേയ രാജുവിനോട് ചോദിച്ചു.. “എന്ത് കുഴപ്പം?”.. വീട്ടുകാർ ആ ആലോചനയുമായി മുന്നോട്ടുപോയി.. വലിയ സമ്പന്ന കുടുംബത്തിൽ നിന്ന് ഉള്ളതാണെന്നതും 22 വയസ്സ് പ്രായവും രാജുവിൽ അനിഷ്ടം ഉളവാക്കി.. കാര്യങ്ങളെല്ലാം അവന്റെ പെങ്ങമ്മാർ ശരിയാക്കി.. ആ പെങ്ങന്മാർക്കെല്ലാം രാജു ഒരു കുഞ്ഞ് അനിയൻ മാത്രമായിരുന്നില്ല, അവരുടെയൊക്കെ മകനും കൂടിയായിരുന്നു.. അവർക്കും വീട്ടുകാർക്കും പരസ്പരം ഇഷ്ടമായി..വിവാഹം നിശ്ചയിച്ചു..

പുൽപ്പള്ളിയിലെ ആളും അർത്ഥവും കൊണ്ട് മുൻപന്തിയിൽ നിൽക്കുന്ന കുടുംബമാണ് കാഞ്ഞിരമറ്റത്ത് കുടുംബം.. വല്യപ്പച്ചനും വല്യച്ഛനും ഇളയച്ഛനും കൊച്ചച്ചനും വലിയമ്മയും കുഞ്ഞമ്മയും അവരുടെ മക്കളും മക്കളുടെ മക്കളുമായി 100,150 ഏക്കറോളം സ്ഥലത്ത് താമസിക്കുന്നവരെല്ലാം കാഞ്ഞിരമറ്റത്തുകാരാണ്.. ഉന്നത ജോലിയും ഉന്നത അധികാരവും വഹിക്കുന്നവർ ഒരുപാട് ആളുകളുണ്ട് അവരുടെ കൂട്ടത്തിൽ.. 96 വയസ്സുള്ള ജോസഫ് ചേട്ടന് 11 മക്കളായിരുന്നു.. അഞ്ചാമത്തെയോ ആറാമത്തെയോ മകന്റെ മകനാണ് റോസിലിന്റെ അച്ഛൻ പിഡബ്ല്യുഡി എൻജിനീയറായ ഇമ്മാനുവൽ.. റോസിലിന് അഞ്ചു വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ ആത്മഹത്യ ചെയ്തത്.. എന്താണ് കാരണമെന്ന് വ്യക്തമായി ആർക്കും അറിയില്ലെങ്കിലും പരപുരുഷബന്ധമാണ് കാരണമെന്ന് ആരൊക്കെയോ പരസ്പരം പറഞ്ഞു.. റോസിലിന്റെ അമ്മ മരിച്ച് ആറുമാസം തികയും മുമ്പേ ഇമാനുവൽ മറ്റൊരു വിവാഹം കഴിച്ചു.. അതിൽ ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും ഉണ്ടായി.. ആളും അർത്ഥവും ആവശ്യത്തിൽ കൂടുതൽ ഉണ്ടെങ്കിലും കുഞ്ഞ് റോസിലിൻ പലപ്പോഴും ഒറ്റപ്പെട്ടു.. പലപ്പോഴും ശരിയും തെറ്റും വേർതിരിച്ചറിയാനാവാതെ, ആരും പറഞ്ഞു കൊടുക്കാനില്ലാതെ റോസിലിൻ വളർന്നു.. അവൾക്ക് വയസ്സ് അറിയിച്ചു.. പത്താം ക്ലാസിൽ പഠിക്കുന്ന അതിസുന്ദരിയായ റോസിലിൻ അവളുടെ സീനിയറായ ഡൊമിനിക്കുമായി പ്രണയത്തിലായി.. എവിടെയൊക്കെയോ നിഷേധിക്കപ്പെട്ട സ്നേഹം ഡൊമിനിക്കിൽ നിന്ന് ലഭിക്കുന്നതായി അവൾക്ക് തോന്നി.. പ്ലസ്ടുവും പ്ലസ് വണ്ണും ഒക്കെ എത്തിയപ്പോഴേക്കും, പ്രായപൂർത്തിയാകുന്നതിനു മുമ്പേ റോസിലിനും ഡൊമിനിക്കും പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു.. റോസിലിന് ഒരു നിമിഷം പോലും അതൊരു തെറ്റായി തോന്നിയില്ല.. റോസിലിന്‍റെയും ഡൊമിനിക്കിന്റെയും കൂടെ കൂടെയുള്ള കണ്ടുമുട്ടലും അവരുടെ പ്രവർത്തികളും ശ്രദ്ധിച്ച കൈതമറ്റം കുടുംബത്തിലെ ആരോ റോസിലിന്റെ അച്ഛനെ വിവരമറിയിച്ചു..പലർക്കും എന്തൊക്കെയോ കുറച്ചൊക്കെ അറിയാമായിരുന്നു..

പ്ലസ്ടുവിന് ശേഷം റോസിലിൻ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് എടുത്ത് തിരുവനന്തപുരത്തുള്ള ഒരു പ്രശസ്ത കോളേജിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ ആരംഭിച്ചു.. അവിടെയും അവളുടെ ശരീരം വട്ടമിട്ട് പറന്നിരുന്ന പല കഴുകന്മാരിൽ ഒരാളായ അനിലിന്റെ കാമുകിയായി അവർ ലിവിങ് ടുഗതർ തുടങ്ങി.. സുഖിക്കുക രമിക്കുക മരിക്കുക എന്ന ആന്റി ക്രൈസ്റ്റ് നിഷോയുടെ ചിന്തയാണ് ശരിയെന്ന് റോസിലിൻ വിശ്വസിച്ചിരുന്നു.. അങ്ങനെയല്ല എന്ന് തിരുത്തി കൊടുക്കാൻ അവൾക്ക് ആരുമില്ലായിരുന്നു.. എല്ലാവരെയും പേടിച്ചു പേടിച്ച് വളർന്ന റോസിലിൻ വളരുന്നതിനനുസരിച്ച് അവരെയെല്ലാം അവഗണിക്കാൻ തുടങ്ങി.. ഡൊമിനിക്കുമായുള്ള ബന്ധം അറിഞ്ഞത് മുതൽ പലരും റോസിലിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..അനിലുമായുള്ള ബന്ധവും വീട്ടിലറിഞ്ഞു.. ബിഎസ്സി കമ്പ്ലീറ്റ് ആകുന്നതിനു മുമ്പ് തന്നെ അമേരിക്കയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പോൾസനെ കൊണ്ട് റോസിലിന്റെ വിവാഹം നടത്തി.. പോൾസൺ അവളോട് ഡിഗ്രി ചെയ്ത് എം സി എ ചെയ്യാൻ പറഞ്ഞു.. രണ്ടുമാസം ഒരുമിച്ച് ജീവിച്ച് പോൾസൺ തിരിച്ചുപോയി.. ഡിഗ്രി കഴിഞ്ഞ റോസിലിൻ ബാംഗ്ലൂരിലെ ഒരു പ്രശസ്ത കോളേജിൽ എം സി എക്ക് ചേർന്നു.. ബാംഗ്ലൂർ ഒരു മായാലോകമായിരുന്നു.. മനുഷ്യനെ മയക്കാൻ ഉള്ളതെല്ലാം അവിടെ ഒരുക്കി വെച്ചിട്ടുണ്ട്.. റോസിലിൻ നാഗരിക ജീവിതത്തിന്റെ ആഴങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നു.. ഡാൻസും പാട്ടും പബ്ബും നൈറ്റ് ക്ലബ്ബും ഒക്കെയായി പല ആണ് സുഹൃത്തുക്കളുടെയും കൂടെ റോസിലിൻ ബാംഗ്ലൂരിൽ ജീവിച്ചു.. തന്റെ അമ്മ മുതൽ എല്ലാ സ്ത്രീകളെയും റോസിലിൻ വെറുപ്പോടെയാണ് കണ്ടിരുന്നത്. അതുകൊണ്ടുതന്നെയാവാം റോസിലിന് പെൺ സുഹൃത്തുക്കൾ ഇല്ലായിരുന്നു.. പുരുഷന്മാരെ ആകർഷിക്കാനായി അവൾ എന്തിനും തയ്യാറായി.. പോൾസൺ വിവരങ്ങളറിഞ്ഞു.. റോസിലിനെ വിവാഹമോചനം ചെയ്തു..

റോസിലിന്റെ പഠിപ്പ് നിർത്തി വീട്ടിലേക്ക്‌ കൊണ്ടുവന്നു.. വീട്ടു തടങ്കലിലായ അവളെ കുറച്ച് ദൂരെനിന്നുള്ള രണ്ടാം കെട്ടും 35 വയസ്സും കൃഷി പണിയും ഉള്ള രാജുവിനെ കൊണ്ട് വിവാഹം ഉറപ്പിച്ചത്, ദൂരെയായാൽ അവളുടെ കഴിഞ്ഞ കാലം ആരും അറിയില്ലല്ലോ എന്നോർത്താണ്.. രാജുവിന്റെയും റോസിലിന്റെയും വിവാഹം കഴിഞ്ഞു..ഇത്തവണ കല്യാണത്തിന് രാജു മുണ്ടും ജുബ്ബയും ആണ് ഉടുത്തിരുന്നത്..അവന്റെ മരിച്ചുപോയ ഭാര്യ മോളിക്ക് ഇഷ്ടപ്പെട്ട വേഷമായിരുന്നുവത്.. പിറ്റേന്ന് രാവിലെ അഞ്ചുമണിയോടുകൂടി ഉറക്കമുണർന്ന രാജു അടുക്കളയിൽ പോയി ഒരു കട്ടൻകാപ്പിയിട്ടു.. രാവിലെ വെട്ടാൻ പോകാറുള്ളതാണ്.. മോളി മരിച്ചതിനു ശേഷം അമ്മച്ചിയെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി രാജു ശീലിച്ചതാണ് രാവിലത്തെ ഈ കാപ്പിയിടൽ.. അവൾ നല്ല ഉറക്കത്തിൽ ആയതുകൊണ്ട് അവൾക്ക് കാപ്പിയിട്ടു വെച്ചാൽ തണുത്ത് പോകും..

പൊതുവേ എല്ലാ ദിവസങ്ങളിലും ജോളി മരിച്ചതിനുശേഷം ഞായറാഴ്ചയാണെങ്കിൽ പോലും കട്ടൻ കാപ്പിയും കുടിച്ച് റബർ ടാപ്പിങ്ങിനായി പണിക്കാരുടെ കൂടെ പറമ്പിലേക്ക് ഇറങ്ങുന്നതാണ് ശീലം.. പത്തുമണി പതിനൊന്നു മണിയോടെയാണ് വീട്ടിൽ തിരിച്ചെത്തുന്നത്.. അപ്പോഴത്തേക്കും അമ്മച്ചി ബ്രേക്ഫാസ്റ്റ് തയ്യാറാക്കി വെച്ചിരിക്കും.. കല്യാണം കഴിഞ്ഞ് ആദ്യ ദിവസമല്ലേ, വീട്ടിൽ നിറയെ ആളുകളുണ്ട്. രാജു മുറ്റത്തും കോലായിലും ചെലവഴിച്ചു.. പലരുടെയും റൂമിലെ ലൈറ്റ് തെളിഞ്ഞിട്ടുണ്ട്.. രാജുവിന്റെ സഹോദരി സിസിലി അടുക്കളയിലേക്ക് വന്നു.. അവൾക്ക് പുറകെ മറ്റുള്ളവരും എത്തിത്തുടങ്ങി.. സ്കൂളിൽ പോകാനുള്ളതുകൊണ്ട് പെങ്ങന്മാരുടെ മക്കളും കൊച്ചുമക്കളും ഏഴു മണിയോടെ എഴുന്നേറ്റ് കലപില കൂട്ടാൻ തുടങ്ങി.. കല്യാണവും ദീർഘയാത്രയും തലേദിവസങ്ങളിലെ ക്ഷീണവും എല്ലാം കൂടെ ഒരുമിച്ച് ഉറങ്ങി തീർക്കുകയാണ് നവ വധുവെന്ന് കരുതി ആരും റോസിലിനെ ബുദ്ധിമുട്ടിച്ചില്ല.. 9 മണിയോടടുപ്പിച്ച് റോസിലിൻ എഴുന്നേറ്റ് വന്നു.. കുട്ടികളും പുരുഷന്മാരും ബ്രേക്ഫാസ്റ്റ് നേരത്തെ കഴിച്ചിരുന്നെങ്കിലും ആ വീട്ടിലെ അമ്മയടക്കമുള്ള സ്ത്രീകൾ റോസിലിനെ കാത്തുനിൽക്കുകയായിരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ.. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.. സ്ത്രീകളോടുള്ള റോസിലിന്റെ വെറുപ്പ് എവിടെയൊക്കെയോ പൊന്തിയും താഴ്ന്നും നിൽക്കുന്നത് റോസിലിന്റെ പെരുമാറ്റത്തിൽ പ്രകടമാകുന്നത് ചുറ്റുമുണ്ടായിരുന്നവരിൽ പലരും ഒരു മിന്നായം പോലെ ശ്രദ്ധിച്ചു.. അവൾക്ക് ടൗണിൽ പോയി കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്.. രാജുവിനോട് പോവുകയല്ലേ എന്ന് ചോദിച്ചു.. കേട്ട ഉടനെ അമ്മയും പെങ്ങമ്മാരും അവനോട് പോകാൻ പറഞ്ഞു.. രാജു ഡ്രസ്സ് മാറാനായി മുറിയിൽ കയറി. അവൻ മുണ്ട് ഉടുക്കുന്നത് കണ്ട് അവൾ ചോദിച്ചു,”മുണ്ടുടുത്തിട്ടാണോ ടൗണിൽ പോകുന്നത്?”..”ഞാൻ പാന്റ്സ് ധരിക്കാറില്ല”..രാജുവും അവളും കാറെടുത്ത് ഷോപ്പിങ്ങിനു പോയി.. ബീച്ചിലും പാർക്കിലും പോയി ഷോപ്പിങ്ങും കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സമയം രാത്രി 12 മണി കഴിഞ്ഞിരുന്നു.. കാറിന്റെ ഡിക്കിയിൽ നിന്ന് വാങ്ങിയ സാധനങ്ങൾ റൂമിൽ കൊണ്ടു വച്ചു..രാജുവിന് ധരിക്കാനായി വാങ്ങിയ അര ഡസൺ വിലകൂടിയ ബ്രാൻഡിന്റെ പാന്റ്സും ഷർട്ടും ആ കൂട്ടത്തിലുണ്ടായിരുന്നു.. കഥയും പേരുകളും മരിച്ചവരുമായോ ജീവിച്ചിരിക്കുന്നവരുമായോ ഒരു ബന്ധവുമില്ല തികച്ചും സാങ്കൽപ്പികം മാത്രം തുടരും..Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com