വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

ദുബായ്∙ പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം. രാമചന്ദ്രൻ (അറ്റ്ലസ് രാമചന്ദ്രൻ–80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ഇന്നലെ (ഞായർ) രാത്രിയോടെയാണ് അന്ത്യം.
സംസ്കാരം തിങ്കളാഴ്ച വൈകിട്ട് ദുബായിൽ.തൃശൂർ മുല്ലശ്ശേരി മധുക്കര സ്വദേശിയായ അദ്ദേഹം ബാങ്ക് ജീവനക്കാരനായാണ് ഒൗദ്യോഗിക ജീവിതമാരംഭിച്ചത്. ബിസിനസിന്റെ പല മേഖലകളിലേക്ക് വിജയകരമായി പടർന്നു പന്തലിച്ച രാമചന്ദ്രൻ ഗൾഫിലെ പ്രമുഖ മലയാളികളുടെ മുൻനിരയിലേക്ക് താമസിയാതെ ഉയർന്നു.
‘ജനകോടികളുടെ വിശ്വസ്തസ്ഥാപനം ’ എന്ന പരസ്യവാക്യത്തിലൂടെ അദ്ദേഹം നാട്ടിലും പ്രശസ്തി നേടി.മൂന്നു പതിറ്റാണ്ടു മുൻപ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ കൂടാതെ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ അൻപതോളം ശാഖകളുണ്ടായിരുന്നു. യുഎഇയിൽ മാത്രം 12 ഷോറൂമുകൾ പ്രവർത്തിച്ചു. കേരളത്തിലും ശാഖകളുണ്ടായിരുന്നു. ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്ര നിർമാണ മേഖലകളിലും അറ്റ്‌ലസ് സാന്നിധ്യമറിയിച്ചിരുന്നു.ഹെൽത്ത്കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്ര നിർമാണ മേഖലകളിലും നിക്ഷേപം നടത്തി.സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്റെ പേരിൽ 2015ൽ ദുബായിൽ തടവിലായ അദ്ദേഹം 2018 ജൂണിലാണു മോചിതനായത്. വൈശാലി, വാസ്തുഹാര, ധനം, സുകൃതം, തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. അറബിക്കഥ, മലബാർ വെഡിങ്, 2 ഹരിഹർ നഗർ തുടങ്ങി ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഭാര്യ : ഇന്ദിര, മക്കൾ: ഡോ.മഞ്ജു, ശ്രീകാന്ത്



