പുന്നക്കലിൽ അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് മോഷണം; രണ്ടര പവൻ സ്വർണവും ക്യാമറയും കവർന്നു.

തിരുവമ്പാടി : പുന്നക്കൽ വഴിക്കടവിൽ അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ക്യാമറയും കവർന്നു. വഴിക്കടവ് താഴത്ത് വീട്ടിൽ നോയലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം.അഞ്ച് യുവാക്കളടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായത്. വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് സംഘം അകത്തുകടന്നത്. പിൻവശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ സംഘം വീട്ടിലേക്ക് എത്തുന്നതും വാതിൽ തകർത്ത് അകത്തുകടക്കുന്നതുമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.സംഘത്തിലെ ചിലർ മുഖംമൂടി ധരിച്ചിരുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീട്ടുടമയും കുടുംബവും നിലവിൽ അമേരിക്കയിലായതിനാൽ വീട് അടഞ്ഞുകിടക്കുന്നതായി അറിയാവുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. വീടിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. സംഭവമറിഞ്ഞ് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.



