
ഒരു ചെറിയ കഥ….വിദ്യാഭ്യാസം..മൂന്നാം ക്ലാസിൽ പഠിക്കുന്ന രശ്മി പുതുതായി ചേർന്ന ജ്യോതി വന്നപ്പോൾ ക്ലാസിലെ രണ്ടാം സ്ഥാനക്കാരിയായി.. വീട്ടിലെത്തിയ അവൾ അവളുടെ അച്ഛനോടും അമ്മയോടും സങ്കടം പറഞ്ഞു,”ആ ജ്യോതിക്ക് എന്തെങ്കിലും പറ്റുകയോ മരിച്ചു പോകുകയോ ചെയ്തിരുന്നെങ്കിൽ ഞാൻ തന്നെയാകുമായിരുന്നു ക്ലാസിൽ ഫസ്റ്റ് “.. ആ കുഞ്ഞിന്റെ സംസാരം കേട്ട് ഞെട്ടിത്തരിച്ച ആ പിതാവ് അവളെ ചേർത്തുപിടിച്ച് പറഞ്ഞു,”മോളെ, പഠിച്ച് ഒന്നാമതോ രണ്ടാമതോ എത്തുക എന്നതിലുപരി നീ നല്ലൊരു മനുഷ്യൻ ആവുക എന്നതാണ്. അതിന് നിനക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയണം. മറ്റുള്ളവരെയും മറ്റുള്ളവരുടെ കഴിവിനെയും ബഹുമാനിക്കാനും അംഗീകരിക്കാനും അഭിനന്ദിക്കാനും കഴിയണം. നീയും ജ്യോതിയും മത്സരിച്ച് പഠിച്ചോളൂ, അവളെ പിന്നിലാക്കിക്കോളൂ. പക്ഷേ അതൊന്നും അവളെ നിന്റെ ശത്രുവാക്കിയിട്ട് ആവരുത്, മിത്രമാക്കിയിട്ടായിരിക്കണം”..
ആ മൂന്നാം ക്ലാസുകാരിക്ക് തന്റെ അച്ഛൻ പറഞ്ഞത് പൂർണ്ണമായും മനസ്സിലായില്ലെങ്കിലും ജ്യോതി തന്റെ ശത്രുവല്ലായെന്ന് മനസ്സിലായി.. ഒരു മാസത്തിനു ശേഷം പിടിഎ മീറ്റിങ്ങിന് സ്കൂളിൽ ചെന്ന ആ പിതാവിന്റെ അടുത്തേക്ക് മറ്റൊരു കുട്ടിയുടെ കൈപ്പിടിച്ച് വന്ന് രശ്മി പറഞ്ഞു,”അച്ഛാ, ഇതാണ് ജ്യോതി , ഞങ്ങളിപ്പോൾ കൂട്ടുകാരാ”..Sidhique Patta…



