ENTERTAINMENT

സിദ്ദീഖ് എഴുതുന്നു.. എൻ്റെ ഭ്രാന്തൻ ചിന്തകൾ ..

അതിജീവനം..കഴിഞ്ഞ പന്ത്രണ്ട് വർഷമായി കബീറും ഭാര്യയും അവരുടെ രണ്ട് കുട്ടികളും വാടക വീട്ടിലാണ് താമസിക്കുന്നത്..അനിയന്റെ കല്യാണം കഴിഞ്ഞതിനുശേഷം മൂത്തവനായ കബീർ മറ്റൊരു വീട്ടിലേക്ക് മാറി താമസിച്ചതാണ്..റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളിയായ കബീറിന്റെ ഉപ്പ കുഞ്ഞമ്മദ്ക്കയും ഉമ്മ ഹാജറാത്തയും കബീറും അവന്റെ കുടുംബവും കബീറിന്റെ അനിയനും അനിയത്തിയും എല്ലാവരും കൂടി രണ്ടു മുറികളുള്ള പാടിയിലായിരുന്നു താമസിച്ചിരുന്നത് .. കബീറും കബീറിന്റെ ഭാര്യയും ചെറിയ മകളും ഒരു റൂമിലും അവന്റെ ഉപ്പയും ഉമ്മയും അനിയത്തിയും കബീറിന്റെ മൂത്തമകളും മറ്റൊരു റൂമിലും ഇളയവൻ ഡൈനിങ് ഹാളിലുമായിരുന്നു അന്തിയുറങ്ങിയത്.. നിഷ്കളങ്കനും അന്തർമുഖനും കാര്യപ്രാപ്തി കുറഞ്ഞവനുമായ കബീറിനെ തങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നത് ആ മാതാപിതാക്കൾക്ക് സങ്കടകരമായിരുന്നു.. സത്യസന്ധനും നിഷ്കളങ്കനുമായ കബീന് കൊച്ചു കുട്ടികളുടെ മനസ്സാണ്..അതുതന്നെയാണ് അവന്റെ ബലഹീനതയും..ഒന്നിലും ശരിയായ പക്വത പുലർത്താനാവില്ല..അല്ലെങ്കിലും അനിയന്റെ വിവാഹം കഴിഞ്ഞാൽ മൂത്തവൻ മാറി താമസിക്കുക എന്നത് ഒരു നാട്ടുനടപ്പും ആണല്ലോ..

കബീറിന്റെ ഭാര്യ റസീന.. അബ്ദുറഹ്മാൻ സാഹിബിന്റെ വീട്ടുജോലിക്കാരിയായ കദീജ പിഴച്ചു പെറ്റ മകളാണ് റസീന.. അവളുടെ ഉമ്മയാണോ പിഴച്ചത് മറ്റാരോ പിഴപ്പിച്ചതാണോ എന്നൊന്നും ആർക്കും അറിഞ്ഞുകൂടാ.. റസീനയ്ക്ക് രണ്ടുമൂന്നു വയസ്സുള്ളപ്പോളാണ് അവളുടെ ഉമ്മ മരിച്ചത്. ജന്മനാ ബാപ്പ ഇല്ലാത്ത അവൾ തീർത്തും അനാഥയായി.. അനാഥാലയങ്ങൾ ഒന്നും ഇന്നത്തോളും സജീവമല്ലാതിരുന്ന ആ കാലത്ത് പെൺകുട്ടികളെ അനാഥാലയങ്ങളിൽ പാർപ്പിച്ചിരുന്നില്ല.. പള്ളി കമ്മിറ്റി അവളുടെ രക്ഷകർതൃത്വം ഏറ്റെടുത്തു. ഹാജിയന്മാരുടെയും മൊയ്ല്യാന്മാരുടെയും മറ്റു പണക്കാരുടെയും വീട്ടിൽ പിയ്യം വിടാത്ത റസീന വളരാൻ തുടങ്ങി.. സ്നേഹമെന്തെന്നോ സന്തോഷമെന്തെന്നോ അറിയാതെ അവൾ വളർന്നു.. സ്കൂളിലും മദ്രസിലും അഞ്ചിലോ ആറിലോ ഒക്കെയെത്തി.. അവൾക്ക് വയസ്സ് അറിയിച്ചു.. തങ്ങൾക്ക് സ്വന്തം ഒരു പെൺകുട്ടി ജനിക്കുന്നത് പോലും വിഷമത്തോടും പേടിയോടും കണ്ടിരുന്ന ആ കാലത്ത് ആർക്കോ പിഴച്ചുണ്ടായ ഒരു പെൺകുട്ടി തങ്ങൾക്കൊരു ബാധ്യതയാകുമോ എന്ന് പലരും ഭയപ്പെട്ടു.. അവളുടെ ഉമ്മയ്ക്ക് പറ്റിയത് അവൾക്ക് പറ്റുമോ എന്നും ചിലർ ഭയപ്പെട്ടു..

നാട്ടുകാരും പള്ളി കമ്മിറ്റിയും കൂടി പെൺകുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന ദൂരെയുള്ള ഒരു യത്തീംഖാനയിൽ അവളെ കൊണ്ടുപോയാക്കി.. അതുവരെ ബാല്യത്തിത്തിന്റെ പരിഗണന അനുഭവിച്ചിരുന്ന റസീന കാമത്തിന്റെ തീഷ്ണമായ നോട്ടവും അനുഭവിച്ചു തുടങ്ങി.. അവൾ ആ യത്തീംഖാനയിൽ എത്തുന്നതിന് മുമ്പ് തന്നെ അവളുടെ ഉമ്മ അവളെ പിഴച്ച് പെറ്റതാണെന്ന് അവിടെയുള്ള തൂപ്പുകാരിക്ക് വരെ അറിയാമായിരുന്നു.. ആ ഒരു അവഗണനകൊണ്ട് പലരും കാമകണ്ണോടയാണ് തന്നെ നോക്കുന്നതെന്ന് റസീന മനസ്സിലാക്കി.. തന്റെ ഉമ്മയുടെ ജീവിതം ഇല്ലാതാക്കിയ തന്റെ പിതൃത്വം അംഗീകരിക്കാൻ കഴിയാത്ത അവളുടെ ബാപ്പയെ അവൾ അങ്ങേയറ്റം വെറുത്തിരുന്നു.. നാലും അഞ്ചും വയസ്സുള്ളപ്പോഴൊക്കെ പല പുരുഷന്മാരും അവളെ സ്പർശിച്ചിരുന്നത് ദുരുദ്ദേശപരമായിരുന്നു എന്ന് അന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും പിന്നീടത് മനസ്സിലാക്കാൻ തുടങ്ങിയതു മുതൽ എല്ലാ പുരുഷന്മാരോടും അവൾക്ക് വെറുത്തുപ്പായി..

അവൾ ഒരു കാമക്കണ്ണിനേയും വകവയ്ക്കാതെ ആരോഗ്യപരമായി സംസാരിക്കേണ്ട ഇടത്ത് ആരോഗ്യകരമായി സംസാരിച്ചും പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചും അവളാ യത്തീംഖാനയിൽ നിന്ന് പഠിച്ചു.. ചെറുപ്പകാലത്ത് നിന്നിരുന്ന വീടുകളിൽ നിന്ന് ആ വീട്ടിലെ കുട്ടികൾക്ക് വാങ്ങുന്ന കഥ ബുക്കുകളും ന്യൂസ് പേപ്പറിലെ ചില ഭാഗങ്ങളും റസീന വായിക്കുമായിരുന്നു.. എഴിലും എട്ടിലും ഒമ്പതിലും റസീന ആ യത്തീംഖാനയിൽ നിന്നാണ് പഠിച്ചത്.. ആ മൂന്ന് വർഷം കൊണ്ട് ആ യത്തീംഖാനയിൽ ഉണ്ടായിരുന്ന ഖുർആനും മറ്റ് മതപരമായതും അല്ലാത്തതുമായ എല്ലാ പുസ്തകങ്ങളും റസീന വായിച്ചിരുന്നു..വായനയെ അവൾ മറ്റെന്തിനേക്കാളും കൂടുതൽ സ്നേഹിച്ചു.. സ്നേഹം സഹനഭൂതി കാരുണ്യം ദയ എന്നതൊക്കെ മനുഷ്യനിലുള്ള സന്തോഷം നൽകുന്ന ഒരു വികാരമാണ് എന്ന് റസീന തിരിച്ചറിഞ്ഞത് ആ വായനയിലൂടെ ആയിരുന്നു.. ജനിച്ചത് മുതൽ എല്ലാവരുടെയും അവഗണനയും പരിഹാസവും സഹിച്ച് ആരുടെയൊക്കെയോ ഔദാര്യത്തിൽ ജീവിച്ച റസീന അത്തരത്തിലുള്ള വികാരങ്ങളൊന്നും ആരുടെ അടുത്തു നിന്നും അനുഭവിച്ചറിഞ്ഞിരുന്നില്ല.. അവൾ യാഥാർത്ഥ്യ ജീവിതം എന്താണെന്ന് മനസ്സിലാക്കി തുടങ്ങി..

ആറാം ക്ലാസ്സിൽ മദ്രസ നിർത്തി ( അന്ന് ആറാം ക്ലാസ് വരെയായിരുന്നു പെൺകുട്ടികൾക്ക് മദ്രസ പഠനം) ഏഴാം ക്ലാസിൽ സ്കൂളിൽ പോയിക്കൊണ്ടിരുന്നു.. അതുവരെ എന്തിനാണ് പഠിക്കുന്നത് എങ്ങനെയാണ് പഠിക്കുന്നത് എന്നൊന്നും അറിയാതിരുന്ന റസീന പഠനത്തിൽ മികവ് പുലർത്തി തുടങ്ങി.. എട്ടിലും ഒൻപതിലും എത്തിയപ്പോഴേക്കും റസീന പഠനത്തിൽ മുൻപന്തിയിലെത്തി..ഉറ്റവരും ഉടയവരും സുഹൃത്തുക്കളും ഇല്ലാതിരുന്ന റസീനയ്ക്ക് ആകെയുള്ള സന്തോഷം വായനയായിരുന്നു..ഒമ്പതാം ക്ലാസ് കാരിയായ അവൾ ഗാന്ധിജിയെയും എബ്രഹാം ലിങ്കനെയും നെൽസൺ മണ്ടേലയെയും മാർട്ടിൻ ലൂഥർ കിങ്ങിനെയും പഠിച്ചു.. അതുവരെ ജീവിതത്തിന് ഒരു ലക്ഷ്യവും ഇല്ലാതിരുന്ന അവൾക്ക് ജീവിതത്തിന് എന്തൊക്കെയോ ലക്ഷ്യങ്ങളുണ്ട് എന്ന് തോന്നിത്തുടങ്ങി.. വളരെ ഉയർന്ന മാർക്കോടെ അവൾ പത്താം ക്ലാസിലേക്ക് ജയിച്ചു.. ബഷീർ ഹാജി ആ യത്തീംഖാനയുടെ പ്രസിഡണ്ടാണ്. ആ പ്രദേശത്തെ തന്നെ വലിയ സമ്പന്നനും പൗര പ്രമുഖനും രാഷ്ട്രീയത്തിൽ പിടിപാടും ഉള്ളയാൾ.. ബഷീർ ഹാജിയുടെ എസ്റ്റേറ്റിലെ വർഷങ്ങളായുള്ള ജോലിക്കാരനാണ് കുഞ്ഞമ്മദ്ക്ക..കുഞ്ഞമ്മദ്ക്കയുടെ ഭാര്യയും മക്കളെയുമൊക്കെ ബഷീർ ഹാജി അടുത്ത് അറിയുകയും ചെയ്യും.. അന്നൊക്കെ യത്തീംഖാനയിൽ അനാഥരോ നിരാലംബരോ ആയ ആൺകുട്ടികൾക്ക് മതപരമായ കാര്യങ്ങൾ പഠിക്കാനുള്ള സാഹചര്യമാണ് ഉണ്ടായിരുന്നത്..

ബഷീർ ഹാജി പ്രസിഡണ്ടായ ആ യത്തീംഖാനയിൽ അനാഥരും നിരാലംബരുമായ പെൺകുട്ടികളെ താമസിപ്പിച്ചിരുന്നത് വിവാഹ പ്രായം എത്തുന്നത് വരെ എന്തെങ്കിലുമൊക്കെ പഠിച്ച് വിവാഹ പ്രായമെത്തിയാൽ ആർക്കെങ്കിലും വിവാഹം കഴിപ്പിച്ച് കൊടുത്ത് ഒരു ജീവിതം ഉണ്ടാക്കിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു..അന്ന് അത് തന്നെ വളരെ വലിയ ഒരു കാര്യമായിരുന്നു.. സ്ത്രീധനം കൊടുമ്പിരി കൊണ്ടിരുന്ന കാലമാണത്.. പത്താം ക്ലാസിലേക്ക് ജയിച്ച റസീനയെ ( പതിനറോ പതിനേഴോ വയസ്സ് ആയിക്കാണും ) കുഞ്ഞമ്മദ്ക്കയുടെ മാനസിക വൈകല്യമുള്ള മകൻ കബീറിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഹാജിയാരും യത്തീംഖാന ഭാരവാഹികളും അവളെ യത്തീംഖാനയിലേക്ക് അയച്ച പള്ളി കമ്മിറ്റിക്കാരും ചേർന്ന് തീരുമാനിച്ചു… തുടരും….കഥയും കഥാപാത്രങ്ങളും പേരുകളും തികച്ചും സാങ്കല്പികം മാത്രം Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com