ENTERTAINMENT

സിദ്ധീഖ് എഴുതുന്നു എൻ്റെ ഭ്രാന്തൻ ചിന്തകൾ

മനശാസ്ത്രജ്ഞനും മാനസികാരോഗ്യവും… ഒരു സ്കൂൾ അധ്യാപിക തന്റെ മകളെയും കൊണ്ട് ഡോക്ടറെ കാണാനെത്തി..ഡോക്ടർ എന്താണ് കാര്യം എന്ന് അന്വേഷിച്ചു.. അവരുടെ മകളുടെ വിരസതയും വിഷാദവും മാറാൻ എന്താണ് ചെയ്യേണ്ടത് എന്നറിയാനാണ് അവർ വന്നതെന്ന് അറിയിച്ചു.. രോഗിയുടെ അമ്മ ഒരു ടീച്ചറാണ് എന്ന് അറിഞ്ഞതുകൊണ്ട് ഡോക്ടർ അവരോട് മകളുടെ ജീവിതം തുടക്കം മുതൽ ലഘുവായി വിവരിക്കാൻ പറഞ്ഞു.. മകളെ അടുത്തിരുത്തി ആ ടീച്ചർ പറഞ്ഞു തുടങ്ങി..”സാറേ, ഇരുപത്തിയെട്ട് വയസ്സുള്ള എന്റെ മകൾ കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയാണ്. അവളുടെ ഭർത്താവിന് അമ്മയും രണ്ട് പെങ്ങന്മാരും മാത്രമേയുള്ളൂ”..”മരുമകന്റെ അച്ഛൻ അവൻ കുഞ്ഞായിരിക്കുമ്പോഴേ മരിച്ചതാണ്”..”സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ നിന്നുള്ള സ്ത്രീയായിരുന്ന അവർ, മറ്റൊരു വിവാഹം കഴിക്കാനുള്ള അവസരം ഉണ്ടായിട്ടും തന്റെ മക്കളുടെ ഭാവി അവതാളത്തിലാകും എന്ന് കരുതി മറ്റൊരു വിവാഹത്തിനും തയ്യാറായില്ല”..”മൂത്ത രണ്ടു പെൺകുട്ടികളെയും പഠിപ്പിച്ച് നല്ല നിലയിൽ കെട്ടിച്ചുവിട്ടു. അവരുടെ ഭർത്താക്കന്മാരും കുട്ടികളുമായി അവർ സുഖമായി ജീവിക്കുന്നു”..”ഏറ്റവും ഇളയവനായ എന്റെ മരുമകൻ പഠിപ്പിച്ച് പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായി ജോലി ചെയ്യുന്നു”..

ശാരീരികമായ അസുഖങ്ങൾക്ക് ഡോക്ടറെ കാണാൻ പോകുമ്പോൾ നമ്മൾക്ക്‌ അനുഭവപ്പെടുന്ന രോഗലക്ഷണങ്ങളും സ്റ്റെതസ്കോപ്പ് വെച്ച് ശരീരത്തിന്റെ സ്പന്ദനവും മനസ്സിലാക്കി ഡോക്ടർ രോഗം നിർണയിച്ച് നമുക്ക് മരുന്ന് തരും..പത്തുപതിനഞ്ച് മിനിറ്റിനുള്ളിൽ നമുക്ക് ഡോക്ടറെ കണ്ട് വീട്ടിൽ പോകുകയും ചെയ്യാം.. പക്ഷേ മാനസിക രോഗങ്ങളുടെ കാര്യത്തിൽ, രോഗിയുടെ യഥാർത്ഥ ചിത്രം ഡോക്ടർ മനസ്സിലാക്കാൻ സമയമെടുക്കും.. അല്ലെങ്കിൽ രോഗിയുടെ ഒരു ചിത്രം നമ്മൾ ഡോക്ടർമാരോട് പറഞ്ഞ് അവതരിപ്പിക്കണം.. എത്രത്തോളം വ്യക്തമായിട്ടാണോ നമുക്ക് ഡോക്ടറെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയുന്നത് അത്രത്തോളം എളുപ്പത്തിൽ തന്നെ രോഗശമനത്തിന് വേണ്ട ശുശ്രൂഷയും തുടങ്ങാം..നിർഭാഗ്യവശാൽ നമ്മളിൽ പലർക്കും അതിന് കഴിയാറില്ല.. നമ്മൾ ഒരു പനിക്കോ മറ്റെന്തെങ്കിലും ശാരീരിക പ്രശ്നങ്ങൾക്കോ ഡോക്ടറെ കാണുന്ന മനോഭാവത്തോടെയാണ് മാനസികാരോഗ്യ പ്രശ്നത്തിനും ഡോക്ടറെ കാണാൻ പോകുന്നത്.. അതായത് രോഗിയേയും കൊണ്ട് നമ്മൾ ഡോക്ടറെ കാണാൻ പോകുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ഡോക്ടറോട് പറയണം എന്ന് നമ്മൾ മുൻകൂട്ടി തീരുമാനിച്ചിരിക്കണം.. അതിന് കഴിഞ്ഞില്ലെങ്കിൽ പലയാവർത്തി ഡോക്ടറെ കാണേണ്ടിവരും..

ടീച്ചറുടെ സംസാരം കേട്ടപ്പോൾ തന്റെ മകളുടെ രോഗത്തിന് കാരണമായതെല്ലാം ടീച്ചർക്ക്‌ അറിയാമെന്ന് ഡോക്ടർക്ക്‌ മനസ്സിലായി.. ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ ടീച്ചർ പറയുന്നത് ഡോക്ടർ കേട്ടിരുന്നു..”ഞങ്ങൾക്ക് ആകെയുള്ളത് ഈ മകൾ മാത്രമാണ്. നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബമാണ് ഞങ്ങളുടെതും. എനിക്കും അവളുടെ അച്ഛനും ജോലിയുണ്ട്. ഞങ്ങളുടെ രണ്ട് വീട്ടുകാരും സമ്പത്തുകൊണ്ടും പ്രശസ്തി കൊണ്ടും പേര് കേട്ടവരാണ്. എന്റെ മകളെ എത്രത്തോളം സ്നേഹത്തോടെയാണ് വളർത്തിയതെന്ന് ഡോക്ടറോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?”..”പഠനം കഴിഞ്ഞ് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചതിനുശേഷമാണ് ഇവളുടെ കല്യാണം നടത്തിയത്”..”വിദ്യാഭ്യാസവും ഗവൺമെന്റ് ജോലിയും സുമുഖനും സൽസ്വഭാവിയുമായ ആളാണ് ഇവളുടെ ഭർത്താവ്”..”ഇവളും അവനും നല്ല സ്നേഹത്തിലാണ് താനും”..”പ്രശ്നം അമ്മായിയമ്മയാണ്”..”അവർക്ക് അവരുടെ മക്കളെ പോലെ എന്റെ മകളെയും ഇഷ്ടമൊക്കെയാണ്”.”എന്തായാലും മകളോളം വരില്ലല്ലോ മരുമകൾ?”..”ആ സ്ത്രീക്ക് എന്റെ മകളും ഭർത്താവും സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ എന്തോ ഒരുതരം അസ്വസ്ഥതയാണ്”..”അവർ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കുന്നത്, ഒരുമിച്ച് വാതിലടിച്ച് റൂമിൽ ഇരിക്കുന്നത്, ഒരുമിച്ച് എങ്ങോട്ടെങ്കിലും യാത്ര പോകുന്നത് എല്ലാം അവർക്ക് ഒരുതരം അസ്വസ്ഥതയാണ്”..”രാവിലെ ചെയ്തു വെക്കേണ്ട, കുട്ടികളുടെയും ഭർത്താവിന്റെയും അമ്മയുടെയും, എല്ലാ കാര്യങ്ങളും ചെയ്തിട്ടാണ് എന്റെ മകൾ സ്കൂളിൽ പഠിപ്പിക്കാൻ പോകുന്നത്”..”എട്ടുമണിയോടു കൂടി ജോലിക്കാരി വരുകയും ചെയ്യും”..”എന്റെ മകൾക്ക്‌ ആ അമ്മയെ ഇഷ്ടമാണ്. വളരെ ചെറുപ്പത്തിലെ ഭർത്താവ് മരിച്ച് ആ മൂന്ന് കുട്ടികളെയും പഠിച്ച് വലിയ നിലയിൽ എത്തിച്ച അവരോട് ബഹുമാനവുമാണ്”..”അതുകൊണ്ടുതന്നെ ഇവളുടെ ഭർത്താവുമൊത്ത് കൂടുതൽ സമയം ചിലവഴിക്കുന്നത് ആ അമ്മയ്ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നത് ഇവൾക്ക് വലിയ വിഷമമാണ്”..”അങ്ങനെയുള്ള ദിവസങ്ങളിൽ ആ സ്ത്രീ എന്റെ മകളുടെ ചെറിയ ചെറിയ തെറ്റുകൾ വരെ പെരുപ്പിച്ച് കാണിക്കും”..”ചെയ്ത തൊണ്ണൂറ്റിയൊൻപത് നല്ല കാര്യങ്ങൾ അവഗണിച്ച് മനുഷ്യസഹജമായി സംഭവിക്കുന്ന ഒരു തെറ്റ് ചൂണ്ടിക്കാണിച്ച് കുറ്റം പറഞ്ഞുകൊണ്ടേയിരിക്കും”..

ഇവളുടെ ഭർത്താവോ മൂത്ത പെൺകുട്ടികളോ വീട്ടിലുണ്ടാകുമ്പോൾ ആ സ്ത്രീ എന്റെ മകളോട് ഇങ്ങനെയൊന്നും പെരുമാറാറില്ല”..”എന്റെ മരുമകന് ഇവളെ ഇഷ്ടവും വിശ്വാസവും ഒക്കെയാണെങ്കിലും എന്റെ മകൾ പറയുന്നതുപോലെ അമ്മ അവളെ ബുദ്ധിമുട്ടാക്കുന്നത് അവൻ കണ്ടിട്ടില്ല”..”വളരെ കഷ്ടപ്പെട്ട് പലതും സഹിച്ചും ത്യജിച്ചും ആ മൂന്ന് മക്കളെയും വളർത്തി വലിയ നിലയിൽ എത്തിച്ച ആ അമ്മയോട് ആ മകന് വളരെ ഇഷ്ടവും തീർത്താൽ തീരാത്ത കടപ്പാടുമാണ്”..”ഒരിക്കൽ അമ്മ ഇവളെ എന്തിനോ വഴക്ക് പറയുന്നത് കണ്ടപ്പോൾ അത് ചോദിച്ച മകനോട് ആ അമ്മ പറഞ്ഞത് “ഇത് ഞങ്ങൾ അമ്മയും മകളും തമ്മിലുള്ള പ്രശ്നമാണ്, ഇതിൽ നീ ഇടപെടേണ്ട” എന്നാണ്..”അവരുള്ള സമയങ്ങളിലെല്ലാം ആ അമ്മ ഇവളെ വഴക്ക് പറഞ്ഞിരുന്നത്, ഇവൾ ശരിക്കും വഴക്ക് കേൾക്കേണ്ട എന്തെങ്കിലും ചെയ്യുന്നത് കൊണ്ടാണ്”. “അമ്മ സ്വന്തം മകളെ വഴക്ക് പറയുന്നതുപോലെ”..”മൂന്നാല് തവണ ഇവളുടെ കെട്ടിയോൻ അമ്മ ഇവളെ വഴക്കു പറയുന്നത് കണ്ട്, ഇവള് വഴക്ക് കേൾക്കാൻ പാകത്തിന് എന്തോ ചെയ്തു വെച്ചിട്ടാണ് എന്ന് മനസ്സിലാക്കിയത് കൊണ്ട്, ഇവള് പറയുന്നതൊന്നും അവൻ അത്രയ്ക്ക് സീരിയസ് ആയി എടുത്തില്ല”..”മകളുടെ കല്യാണം കഴിഞ്ഞിട്ട് ഏഴ് വർഷമായി. ആദ്യവർഷങ്ങളിലൊക്കെ ചിലപ്പോഴൊക്കെ എന്തൊക്കെയോ അസ്വസ്ഥത അമ്മയുടെ പെരുമാറ്റത്തിൽ കണ്ടിരുന്നെങ്കിലും അതിവൾ കാര്യമായി എടുത്തിരുന്നില്ല”..”പോകപ്പോകേ അമ്മയുടെ ചില പെരുമാറ്റങ്ങൾ ഇവളെ വിഷമിപ്പിച്ചു തുടങ്ങി”..”ഇവര് അണിഞ്ഞൊരുങ്ങി ഒരു സിനിമയ്ക്കൊ കല്യാണത്തിനൊ മറ്റെന്തെങ്കിലും പരിപാടികൾക്കോ പോകുന്നതിന്റെ മുമ്പും വന്നതിനുശേഷം, മുൻകൂട്ടി തീരുമാനിച്ച കാര്യമാണെങ്കിൽ പോകുന്നതിന്റെ മുൻ ദിവസങ്ങളിലും, ആ അമ്മ അവരുടെ അസ്വസ്ഥത എന്റെ മകളോട് പ്രകടിപ്പിക്കും”..”ഭർത്താവിനോട് വീണ്ടും വീണ്ടും പറയുന്നത് ഇവൾക്ക് അസഹനീയമായി തോന്നി”..”കഴിഞ്ഞ ആറ് ഏഴ് മാസമായി ഇവൾ ഒന്നിനും താല്പര്യമില്ലാതെ, കളി ചിരിയില്ലാതെ ആരോടും ഇടപഴകാതെ, അഞ്ചും മൂന്നും വയസ്സുള്ള ഇവളുടെ മക്കളുടെ കാര്യത്തിൽ പോലും ശ്രദ്ധിക്കാനാവാതെ വിരസതയോടെയാണ് ജീവിക്കുന്നത്”..”ഇതൊക്കെയാണ് ഏകദേശം എന്റെ മകളുടെ ജീവിത പശ്ചാത്തലം. മറ്റെന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ ഡോക്ടർ ചോദിച്ചാൽ മതി”.. ടീച്ചർ പറഞ്ഞു നിർത്തിയതിന് ശേഷം ഡോക്ടർ പറഞ്ഞു തുടങ്ങി,”എന്റെ നാൽപത്തിരണ്ട് വർഷത്തെ സർവീസിനിടയിൽ ഇത്രയും വ്യക്തമായി ഒരാളും ഒരു രോഗിയുടെയും പശ്ചാത്തലം വിവരിക്കുന്നത് ഞാൻ കേട്ടിട്ടില്ല”..”നിങ്ങളുടെ ഈ വിവരണത്തിൽ നിന്ന് എല്ലാം എനിക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു”..”നല്ല പ്രായത്തിൽ ഭർത്താവ് മരിച്ചത് കൊണ്ട്, മകന്റെയും ഇവളുടെയും ദാമ്പത്യ ജീവിതം കാണുമ്പോൾ, അവർക്ക് എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന തോന്നലിൽ നിന്ന് ഉണ്ടാകുന്ന നിരാശയാണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം”.. അമ്മ പറയുന്നത് ശ്രദ്ധിക്കുക പോലും ചെയ്യാതെ മറ്റെന്തോ ചിന്തിച്ചിരുന്ന ആ മകളുടെ നേരെ തിരിഞ്ഞ് ഡോക്ടർ പറഞ്ഞു..”മോളെ, നീ ആദ്യത്തിൽ നിന്റെ ജീവിതത്തിൽ വരുത്തേണ്ട മാറ്റം , ആ അമ്മ എന്ത് പറഞ്ഞാലും ഒന്നും പ്രതികരിക്കാതെ, താനൊരു തെറ്റും ചെയ്തിട്ടില്ല എന്ന ബോധ്യത്തോടെ, അതിനെ നിസ്സാരവൽക്കരിക്കുക”..”ഇത് നീ ശീലിച്ചാൽ നിന്റെ മാനസിക ആരോഗ്യം മെച്ചപ്പെടുകയും അവരെ വീണ്ടും അത്തരത്തിലുള്ള പ്രവർത്തി ചെയ്യാൻ നിരുത്സാഹപ്പെടുത്തുകയും ചെയ്യും”..”അവര് നിന്നെ ദേഹോദ്രവം ഏൽപ്പിക്കുകയൊന്നും ചെയ്യുന്നില്ലല്ലോ?, നീയും ഒരു അധ്യാപികയല്ലേ?, നിന്റെ ഭർത്താവ് നിന്നെ മനസ്സിലാക്കുന്നില്ലല്ലോ എന്നതൊക്കെയാണ് തന്റെ പ്രശ്നം?, അവന് അവിടെ അങ്ങിനെയേ ചെയ്യാനാവൂ”..”ഇവളുടെ ഈ പ്രശ്നങ്ങളും ഇപ്പോൾ എന്നെ കാണാൻ വന്നതും ഇവളുടെ ഭർത്താവിന് അറിയുമോ?”.. ഡോക്ടർ ടീച്ചറിന് നേരെ നോക്കി ചോദിച്ചു..

ഓ, അവന് എല്ലാം അറിയാം. സത്യത്തിൽ അവന്റെ നിർദ്ദേശപ്രകാരമാണ് ഞങ്ങൾ സാറിനെ കാണാൻ വന്നത്”.. ഡോക്ടർ മകൾക്ക് നേരെ തിരിഞ്ഞ്, “നിന്റെ ഭർത്താവിനെ ഇപ്പോൾ ഒന്ന് വിളിക്കാൻ പറ്റുമോ?, എനിക്ക് അവനോട് കുറച്ച് സംസാരിക്കാനുണ്ട്”.. ആ മകൾ ഫോൺ ഡയൽ ചെയ്ത് ഡോക്ടർക്ക് നേരെ നീട്ടി.. മറുതലക്കൽ ഫോണെടുത്ത ഉടനെ ഡോക്ടർ അദ്ദേഹത്തെ സ്വയം പരിചയപ്പെടുത്തി സംസാരിക്കാൻ തുടങ്ങി..”സഹോദരാ, ഇവൾ ഇപ്പോൾ വിഷാദരോഗത്തിന്റെ പിടിയിലാണ്. ഇനിയും ഇത് മൂർച്ഛിക്കാൻ വിട്ടാൽ നിന്റെയും നിങ്ങളുടെ മക്കളുടെയും അവളുടെയും ജീവിതം ഇരുട്ടിലാകും. താനൊരു എൻജിനീയറല്ലേ?, കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകുമല്ലോ?, ഏറ്റവും അടുത്ത ഒരു ദിവസം നീയും ഇവളും നിന്റെ അമ്മയും കൂടി എന്നെ വന്ന് ഒന്ന് കാണണം, പരസ്പരം തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇത്, നിങ്ങളുടെ അലസത കൊണ്ട് അത് മൂർച്ഛിക്കാൻ ഇട വരുത്തരുത്”.. ഇത്രയും പറഞ്ഞ് ഡോക്ടർ ഫോൺ ആ മകളുടെ അടുത്ത് കൊടുത്തു.. ആ മകളോട് ഡോക്ടർ കടുപ്പിച്ചു പറഞ്ഞു…

“നീ ശരിയാണ് എന്ന് നിനക്ക് ബോധ്യമുള്ളയിടത്തോളം കാലം ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച് വിഷമിക്കേണ്ട കാര്യം നിനക്കില്ല”..”അവര് ചെയ്യുന്ന അത്തരം പ്രവർത്തികളെല്ലാം ഒരു പ്രതികരണവും കാണിക്കാതെ നിസ്സാരമായി തള്ളിക്കളയുക”..”ഈ രണ്ടു കാര്യങ്ങൾ നീ നിർബന്ധമായും ശീലിച്ചു തുടങ്ങണം”..”നീ സന്തോഷമായി ഇരിക്കേണ്ടത് മറ്റാരെക്കാളും ആവശ്യം നിനക്കാണ് എന്ന ബോധ്യം നിനക്ക് വേണം, നിന്റെ സന്തോഷവും സങ്കടങ്ങളും നിന്നെ മാത്രം ആശ്രയിച്ചാണ് നിൽക്കുന്നത്”..”ഇങ്ങനെ ചടഞ്ഞുകൂടി കിടന്നാൽ മതിയോ, അതോ എഴുന്നേറ്റ് നിന്റെ രണ്ട് മക്കളെയും ഭർത്താവിനെയും മറ്റു വേണ്ടപ്പെട്ടവരെയും സ്നേഹിച്ച് സന്തോഷത്തോടെ ജീവിക്കണോ എന്നത് നീയാണ് തീരുമാനിക്കേണ്ടത്”..ഇത്രയും മകളോട് പറഞ്ഞതിനുശേഷം മരുന്നൊന്നും കഴിക്കേണ്ടതില്ല താൻ പറഞ്ഞതുപോലെയൊക്കെ ചെയ്താൽ മതി എന്ന് പറഞ്ഞ് ഡോക്ടർ അവരോട് പോകാൻ പറഞ്ഞു..

“യൗവനത്തിലെ ഭർത്താവ് മരിച്ച് മറ്റൊരു വിവാഹം കഴിക്കാതെ നിങ്ങളുടെ മൂന്ന് മക്കളെയും പഠിപ്പിച്ച് ഈ നിലയിൽ എത്തിച്ച നിങ്ങൾ സ്ത്രീ സമൂഹത്തിന് തന്നെ മാതൃകയാണ്”..”അതുകൊണ്ടുതന്നെ ബുദ്ധിയുടെയും കഴിവിന്റെയും കാര്യത്തിൽ നിങ്ങൾ ഒട്ടും പുറകിലായിരിക്കില്ല. ആ നിങ്ങൾ മരുമകളുടെ ചെറിയ കുറ്റവും കുറവും കണ്ടുപിടിച്ച് എപ്പോഴും പിറുപിറുത്തു കൊണ്ടിരിക്കുന്നത്, യൗവനത്തിൽ നിങ്ങൾക്ക് നഷ്ടമായ ദാമ്പത്യ ജീവിതം ഓർത്ത് നിരാശപ്പെടുന്നത് കൊണ്ടാണ്”..”അതൊക്കെ ഏതായാലും കഴിഞ്ഞു പോയി. ഒന്നും മാറ്റി എഴുതാൻ ആർക്കും സാധ്യമല്ല. നിങ്ങൾക്ക് അവളോടുള്ള ആ അനിഷ്ടം അവളെ ഒരു വിഷാദ രോഗിയാക്കി. ഇനിയും ഇത് തുടർന്നാൽ അവൾ ഒരു മാറാ രോഗിയായി മാറും”..”അവള് മിടുക്കി കുട്ടിയാണ്. മറ്റു മരുമക്കളെ പോലെ നിങ്ങൾ അവളെ വെറുക്കുന്നതിനേക്കാളും അവളെ വേദനിപ്പിക്കുന്നത് നിങ്ങൾ അവളെ സ്നേഹിക്കുന്നില്ലല്ലോ എന്നോർത്തിട്ടാണ്”..”നിങ്ങളുടെ മകളല്ലേ അവൾ, നിങ്ങളുടെ കൂടെ നിന്ന് നിങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തുതരേണ്ട മകൾ, അവൾ നിങ്ങളെ പൊന്നുപോലെ നോക്കിക്കൊള്ളും. അതിന് നിങ്ങളുടെ ഈ ദുഷിച്ച ചിന്ത മനസ്സിൽനിന്ന് മാറ്റിവെച്ചാൽ മാത്രം മതി”.. പിറ്റേദിവസം തന്നെ ആ മകളും മകനും മകന്റെ അമ്മയും ഡോക്ടറെ കാണാൻ വന്നു.. മകനെയും മകളെയും പുറത്തിരുത്തി ഡോക്ടർ ആ അമ്മയോട് സംസാരിക്കുകയാണ്.. ആ സ്ത്രീ ഡോക്ടർ പറയുന്നതെല്ലാം കേട്ട്, അവസ്ഥയുടെ തീവ്രത മനസ്സിലാക്കിയിട്ടെന്നോണം ഡോക്ടർ പറയുന്നത് സങ്കടത്തോടെയോ വിഷമത്തോടെയോ കുറ്റബോധത്തോടെയോ ഒക്കെ ഒന്നും മിണ്ടാൻ ആകാതെ തലയാട്ടി കൊണ്ടിരുന്നു.. ഡോക്ടർ അവസാനമായി ശബ്ദം മയപ്പെടുത്തി ഇങ്ങനെയും കൂടി പറഞ്ഞു..”നിങ്ങൾ ഇനിയും ഇതുപോലെ ആ കുട്ടിയെ വഴക്ക് പറയാനും ശല്യപ്പെടുത്താനും ആണ് പരിപാടിയെങ്കിൽ, ആ കുട്ടിയുടെ രോഗം മൂർച്ഛിച്ച് അവൾ വല്ല ആത്മഹത്യയോ മറ്റോ ചെയ്താൽ നിങ്ങൾ ജയിലിൽ പോയി കിടക്കേണ്ടിവരും”..”അതുകൊണ്ട് എല്ലാം ഞാൻ പറഞ്ഞതുപോലെ മനസ്സിലാക്കി ചെയ്യുക, അങ്ങിനെ ചെയ്താൽ നിങ്ങളുടെ ജീവിതം നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും സന്തോഷമായിരിക്കും”..”നിങ്ങൾ കുറച്ചുനേരം പുറത്ത് ഇരുന്നോളൂ, മകനോടും മരുമകളോടും അകത്തേക്ക് വരാൻ പറയൂ”..”ഞാൻ അമ്മയോട് കാര്യങ്ങളൊക്കെ വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങൾ ഇനി അവരോട് ഇതിനെപ്പറ്റി ഒന്നും സംസാരിക്കേണ്ട. ഇന്നലെ വന്നപ്പോൾ ഇവളോടും ഇവളുടെ അമ്മയോടും ഇവൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. അതിന് ആദ്യം ഇവൾക്ക് വേണ്ടത് ഭർത്താവായ നിന്റെ സപ്പോർട്ട് ആണ്. നീ നിന്റെ ഭാര്യയെ വിശ്വസിച്ച് ഞാനുണ്ട് തന്റെ കൂടെ എന്ന ഒരു ഉറപ്പ് കൊടുത്താൽ മാത്രം മതി, ജീവിതം സന്തോഷമാകും”..

രണ്ടു വർഷങ്ങൾക്കുശേഷം..കോഴിക്കോട് എയർപോർട്ട്.. ഒരമ്മയും അവരുടെ രണ്ട് പെൺകുട്ടികളും മകന്റെ രണ്ട് കുട്ടികളും മൂത്ത മകളുടെ ഒരു കുട്ടിയും കാറിന്റെ ഡ്രൈവറും ആകാംക്ഷയോടെ ആരെയോ കാത്ത് കാത്തു നിൽക്കുകയാണ്.. ഒരു ഭാര്യയും ഭർത്താവും ഇമിഗ്രേഷൻ ക്ലിയറൻസ് കസ്റ്റംസ് ചെക്കിങ്ങും കഴിഞ്ഞ് പുറത്തെ ഗേറ്റ് കടന്ന് വെളിയിലേക്ക് ഇറങ്ങി. ആ ദമ്പതികളെ കണ്ടയുടനെ അവരുടെ രണ്ട് കുട്ടികൾ അവരുടെ അടുത്തേക്ക് ഓടി. കൂടെ ആ കുട്ടികളുടെ അമ്മൂമ്മയും. ആ കുട്ടികളെ വാരിയെടുത്ത ആ ദമ്പതികൾ ആ അമ്മയെ, ആ അമ്മായിയമ്മയെ ചേർത്തുപിടിച്ചു കൊണ്ടാണ് മറ്റുള്ളവരോടൊപ്പം കാർപാർക്കിങ്ങിലേക്ക് നടന്നത്..Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com