ആവേശക്കൊടുമുടിയിലേറി കൊട്ടിക്കലാശം; രാഹുലിനെയും പ്രിയങ്കയേയും കാണാനെത്തിയത് ആയിരങ്ങൾ

തിരുവമ്പാടി : ആവേശം കൊടുമുടിയിലേറ്റി യു.ഡി.എഫിന്റെ കൊട്ടിക്കലാശം. തിരുവമ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും ബസ്റ്റാൻഡ് വരെ നടന്ന ലോക്സഭ പ്രതിപക്ഷ രാഹുൽ ഗാന്ധിയുടെയും യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെയും റോഡ് ഷോയിലേക്ക് ആയിരങ്ങളാണ് വന്നുചേർന്നത്. ശക്തമായ മഴയെ പോലും വകവയ്ക്കാതെ തോരാത്ത വീര്യവുമായി പ്രവർത്തകർ അണിനിരന്നപ്പോൾ ആവേശം കൊട്ടിക്കയറി. സ്ത്രീകളും കുട്ടികളും യുവതികളും യുവാക്കളും പ്രായമായവരും ഉൾപ്പെടെ വൻ ജനാവലിയായിരുന്നു തിരുവമ്പാടിയിലേക്ക് ഒഴുകിയെത്തിയത്. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും റോഡ് ഷോയുടെ ആവേശം കൊടുമുടിയിലെത്തിച്ചു.
നിങ്ങൾ നൽകുന്ന സ്നേഹം തിരിച്ചു തരാൻ എനിക്കവസരം നൽകണം: പ്രിയങ്ക ഗാന്ധിനിങ്ങൾ നൽകുന്ന സ്നേഹം തിരിച്ചു നൽകാൻ എനിക്കവസരം നൽകണമെന്ന് യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. ഞാൻ കഴിഞ്ഞ 35 വർഷങ്ങളായി മറ്റുള്ളവർക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തുന്നു. എന്നാൽ ഇതായിരുന്നു എൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും മനോഹരവുമായ തെരഞ്ഞെടുപ്പ് പ്രചരണം. നിങ്ങൾ എനിക്കൊരുപാട് സ്നേഹം തന്നു. വയനാടിനെ ഇന്ത്യൻ പാർലമെൻ്റിൽ പ്രതിനിധീകരിക്കുക എന്നത് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ ആദരവാണ്. ഈ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ സമൂഹത്തിന്റെ വിവിധ മേഖലയിലെ നിരവധി പേരെ ഞാൻ കണ്ടു. ഈ മണ്ഡലത്തിൽ ഞാൻ കണ്ടിട്ടുള്ള ഓരോ വ്യക്തിയും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. സഹോദരൻ രാഹുൽ ഗാന്ധിയുടെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ നിങ്ങൾ അദ്ദേഹത്തെ ചേർത്തുപിടിച്ചു. ഞാൻ അദ്ദേഹത്തിൻ്റെ സഹോദരിയാണ്.
അതുകൊണ്ട് അദ്ദേഹം എത്ര വിഷമത്തോടെയാണ് വയനാട്ടിലെ ജനപ്രതിനിസ്ഥാനം ഒഴിഞ്ഞതെന്ന് എനിക്കറിയാം. രാത്രി യാത്ര നിരോധനം, വന്യജീവി ആക്രമണം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് വയനാട്ടിലെ ജനങ്ങൾ നേരിടുന്നത്. അതിന് നമുക്ക് കൂട്ടായി പരിഹാരമുണ്ടാക്കണം. നിങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനും നിങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളും തോളോട് തോൾ ചേർന്ന് പരിഹരിക്കാനും എനിക്ക് നിങ്ങൾ അവസരം നൽകണം. രാഹുൽ ഗാന്ധിയെ പോലെ ഞാൻ ഒരിക്കലും ആരുടെ മുമ്പിലും മുട്ടുമടക്കില്ല. ഈ രാജ്യത്തെ ഭരണഘടന അവകാശങ്ങൾക്ക് വേണ്ടി ഞാൻ ശക്തമായി പോരാടുമെന്നും അവർ പറഞ്ഞു.



