
പേരറിയാത്ത നൊമ്പരം…ബസ്റ്റാൻഡിലെ ഒരു മൂലയിലുള്ള സ്റ്റേജിന്റെ സ്റ്റോറുമിന്റെ രണ്ട് വശങ്ങളിലുള്ള ഭിത്തികളും അരയാൾ ഉയരത്തിൽ പൊളിച്ച് ഷട്ടർ ഇട്ടതാണ് എന്റെ കട.. ആറടി വീതിയും ഏഴടി നീളവുമുള്ള ഒരു മുറി.. വെളിയിൽ നിന്ന് സാധനങ്ങൾ വാങ്ങാനും ഇരുന്ന് കാപ്പി കുടിക്കാനും സ്ഥലം ഒരുക്കിയിട്ടുണ്ട് .. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗവത്ത് എന്നപോലെ ഓരോരുത്തരും കാപ്പിയും കടികളും വന്ന് എടുത്തുകൊണ്ടുപോയി വേണം കുടിക്കാനും കഴിക്കാനും.. പുറത്ത് വിസ്തൃതി കൂടുതലുണ്ടെങ്കിലും അകം ഇടുങ്ങിയതാണ്.. പാലും പാലുൽപന്നങ്ങളും വെക്കുന്ന ഒരു കൂളറും ഐസ്ക്രീമുകളും ചീസും വെണ്ണയും പനീറും ഒക്കെ വെക്കുന്ന ഒരു ഫ്രീസറും ചെറിയ ഒരു മേശയും ഒരു കസേരയും ചെറിയ ഒരു ഷെൽഫും സ്റ്റൗവും പാത്രങ്ങളും ഗ്ലാസ്സുകളും വെക്കാനായി ഒരു സ്റ്റാൻഡും ആ ചെറിയ മുറിക്കുള്ളിലാണുള്ളത്.. മൂന്നാൾക്ക് ഒരുമിച്ച് അതിനകത്ത് നിന്ന് ആയാസത്തോടെ ഒന്നും ചെയ്യാൻ കഴിയില്ല.. അത്ര ഇടുങ്ങിയതാണ് ആ മുറി..
പുറത്തും തട്ടുകളിലും ഡിസ്പ്ലേ ചെയ്തിരിക്കുന്ന പലഹാരങ്ങളും മിഠായികളും രാത്രി കടയടക്കാൻ നേരം കൂളറിന്റെ മുകളിലും ഫ്രീസറിന്റെ മുകളിലും മേശയുടെ മുകളിലും ഒക്കെയായാണ് വെക്കാറ്.. പലരും പല സാധനങ്ങളും കടയിൽ കൊണ്ടുവെക്കും.. അരമണിക്കൂർ കഴിഞ്ഞിട്ട് എടുത്തോളാം, രണ്ട് മണിക്കൂർ കഴിഞ്ഞിട്ട് എടുത്തോളാം എന്നൊക്കെ പറഞ്ഞ്.. ഹെൽമെറ്റോ ഡ്രസ്സുകളോ അങ്ങനെ എങ്കിലുമൊക്കെയായിരിക്കുമത്.. എന്തെങ്കിലും പേപ്പറുകളോ ഫോണുകളോ അങ്ങനെയുള്ള സാധനങ്ങളും പലപ്പോഴും പലരും വെക്കാറുണ്ട്.. അധികമായി ഒരു മുട്ടുസൂചി വച്ചാലും അസൗകര്യമാകുന്നത് കൊണ്ട് പെട്ടെന്ന് തിരിച്ചെടുക്കണം എന്ന് ഞാൻ അവരോട് നിർബന്ധം പിടിക്കും.. എന്തൊക്കെ പറഞ്ഞാലും ഒരു ഹെൽമറ്റോ ഒരു ജോഡി ഷൂവോ എന്തെങ്കിലും ഡ്രസ്സോ അങ്ങനെ എന്തെങ്കിലും എപ്പോഴും കടയിൽ ഉണ്ടാകും..
എനിക്ക് രണ്ട് ആൺകുട്ടികളാണ്. മൂത്തവൻ ഡിഗ്രി അവസാന വർഷവും രണ്ടാമത്തവൻ രണ്ടാം വർഷവും പഠിക്കുന്നു.. നീണ്ട സൗഹൃദ ശൃംഖലയാണ് രണ്ടുപേർക്കുമുള്ളത്.. ബാല്യകാല സുഹൃത്തുക്കളും ഹൈസ്കൂൾ പ്ലസ് ടു ഡിഗ്രി സുഹൃത്തുക്കളും അടങ്ങുന്ന ഒരു നീണ്ട നിരയാണ് അത്.. ദിവസവും രണ്ടോ മൂന്നോ പേർ അവരെ തേടി, അല്ലെങ്കിൽ അവരോടൊപ്പം വീട്ടിൽ വരും.. പല സുഹൃത്തുക്കളെയും അവരുടെ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി, അവരുടെ വിഷമഘട്ടത്തിൽ അവരോടൊപ്പം നിന്നിരുന്ന, ഒന്നു രണ്ടു പേരുടെ ജീവിതത്തിലെ ഏറ്റവും നിർണായകഘട്ടത്തിൽ ഒരു ഇടനിലക്കാരനായി നിന്ന് മണിക്കൂറുകളോളം ചിലവഴിച്ച് അത് പരിഹരിച്ചിരുന്ന എനിക്ക്, എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് ഇവരിൽ പലരും “എന്തു പറ്റിയെടാ, അത് സാരമില്ല” എന്ന ഒരാശ്വാസവാക്ക് പോലും പറയാതെ, മറ്റുള്ളവർ പറയുന്നത് കേട്ട് മുഖം തിരിക്കുകയാണ് ചെയ്തത്.. ആദ്യത്തിൽ കുറച്ച് വിഷമം തോന്നിയെങ്കിലും, പിന്നീട് ഞാൻ ആലോചിച്ചപ്പോൾ അവരെല്ലാം സന്തോഷങ്ങളിൽ മാത്രം പങ്ക് ചേരുന്നവരായിരുന്നുവെന്നും സങ്കടങ്ങളിൽ നിന്നും വിഷമങ്ങളിൽ നിന്നും മാറി നിൽക്കുന്നവർ ആയിരുന്നുവെന്നും എനിക്ക് മനസ്സിലായി..
പരിഭവങ്ങളും പരാതിയും ആരോടുമില്ല.. എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ, എന്ന ആശംസകൾ മാത്രം.. രക്ഷിതാക്കളോടോ ഭാര്യയോടോ മക്കളോടോ ബന്ധുക്കളോടോ പറയാൻ കഴിയാത്ത നമ്മുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നമ്മുടെ സുഹൃത്തുക്കളോടാണ് നമ്മൾ പറയാറുള്ളത്..കുറ്റവും കുറവും മനസ്സിലാക്കി, സുഖത്തിലും ദുഃഖത്തിലും പങ്കുചേരുന്ന, കൂടെ നിൽക്കുന്ന, ഒരു സുഹൃത്തിനെ കിട്ടിയാൽ അവന്റെ ജീവിതം പകുതി വിജയിച്ചു.. സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കുന്ന നൂറോ ഇരുന്നൂറോ ദമ്പതികളെയും, അല്ലാത്തവരെയും ചേർത്ത്, വർഷങ്ങളോളം ഗവേഷണം നടത്തിയ ഒരു സംഘം കണ്ടെത്തിയത്, അവരുടെ ആരോഗ്യപരമായ ജീവിതത്തിന്റെ, സന്തോഷപ്രദമായ ജീവിത്തിന്റെ കാരണം അവരുടെ നല്ല സുഹൃത്തുക്കളാണ് എന്നാണ്.. ഞാനെന്റെ മക്കളോട് എപ്പോഴും പറയുന്ന ഒരു കാര്യം, എത്രത്തോളം ആളുകളുമായി നിങ്ങൾക്ക് ബന്ധം സ്ഥാപിക്കാൻ കഴിയുന്നുവോ, അത്രത്തോളം നല്ല ഒരു മനുഷ്യനാവാനും , നല്ല ഒരു കച്ചവടക്കാരനവാനും , നല്ല ഒരു ഡോക്ടറാകാനും, നല്ല ഒരു എഞ്ചിനീയറാകാനും നിങ്ങൾക്ക് കഴിയും എന്നാണ്..
കൗമാരക്കാരായ എന്റെ മക്കളുടെ സൗഹൃദം, കൂടുതലും സന്തോഷങ്ങളിലും ആഘോഷങ്ങളിലും മാത്രം പങ്കുചേരലാണ് എന്ന് എനിക്ക് അറിയാമെങ്കിലും ഇപ്പോഴുള്ള ഈ സൗഹൃദങ്ങളിൽ ഒരാളെങ്കിലും യഥാർത്ഥ സുഹൃത്തായി അവർക്ക് ലഭിച്ചാൽ അത് അവരുടെ ജീവിതത്തിന് മുതൽക്കൂട്ടാകും.. മക്കളുടെ സൗഹൃദങ്ങളെ ഞാൻ സന്തോഷത്തോടെ പ്രോത്സാഹിപ്പിക്കാറുണ്ട്.. അവര് പരസ്പരം എല്ലാം കൈമാറും.. ഷർട്ടും പാന്റും ഷൂവും ചെരിപ്പും ബെൽറ്റും അങ്ങിനെയെന്തും.. കല്യാണത്തിനോ കോളേജിൽ എന്തെങ്കിലും ആഘോഷങ്ങൾക്കോ ഇവർ പോകുമ്പോൾ ഇട്ടിരിക്കുന്ന ഷഡ്ഡി മാത്രമേ ഇവരുടെതായുണ്ടാകൂ. ബാക്കിയെല്ലാം മറ്റുള്ളവരുടെതായിരിക്കും.. പുതുതായി വാങ്ങിയ ഒരുത്തന്റെ ഷൂ, മറ്റൊരുത്തന്റെ പുതിയ ഷർട്ട്, മൂന്നാമത്തെ ജീൻസ് അങ്ങനെയൊക്കെയാവും അവർ ധരിച്ചിട്ടുണ്ടാകുക.. എന്റെ രണ്ടാമത്തെ മകന് 2500 രൂപ കൊടുത്ത് വാങ്ങിയ ക്രോക്സിന്‍റെ ചെരിപ്പ് മൂത്തവൻ അവന്റെ സുഹൃത്തിന് കൊടുത്തിട്ട് രണ്ടോ മൂന്നോ മാസമായി എന്ന് പറഞ്ഞ് എന്റെ ഭാര്യ മൂത്തവനെ വഴക്ക് പറയാറുണ്ടായിരുന്നു..”നിങ്ങൾക്ക് നാണമില്ലേ?” എന്ന് ഞാൻ ആദ്യത്തിലൊക്കെ ചോദിച്ചിരുന്നെങ്കിലും അതവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് എന്ന് മനസ്സിലാക്കിയതുകൊണ്ട്, ഞാൻ അത്തരത്തിലുള്ള ഒന്നിലും ഇടപെടാറില്ല.. ആ പങ്കുവെക്കലിൽ ഒരുപാട് നന്മകൾ ഉണ്ടെന്ന് എനിക്ക് തോന്നിയത് കൊണ്ടാവാം, മാനസികമായി ഞാൻ അവർക്കൊപ്പം നിന്നു.. ഇവരുടെ ഈ കൈമാറ്റം കൂടുതലും നടന്നിരുന്നത് എന്റെ കടയിൽ വച്ചായിരുന്നു.. എന്റെ മക്കൾ അവരുടെ സുഹൃത്തുക്കൾക്ക് കൊടുക്കാൻ എന്തെങ്കിലും കടയിൽ കൊണ്ടു വയ്ക്കും , മക്കൾക്ക് കൊടുക്കാൻ വേണ്ടി അവരുടെ സുഹൃത്തുക്കളും പലതും കൊണ്ടുവെക്കും..
ഒരിക്കൽ ഒരു പയ്യൻ ഒരു ടീഷർട്ട് ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ഭാര്യയുടെ നേരെ നീട്ടിയിട്ട് പറഞ്ഞു,”ഇത് നിങ്ങൾ ഇവിടെ ഒന്ന് വെക്കുമോ, കുറച്ചു കഴിയുമ്പോൾ എന്റെ സുഹൃത്ത് വന്ന് എടുത്തോളും”.. അവൾ അതു വാങ്ങി ഒരു മൂലയിൽ വെച്ചു.. രണ്ടുമാസത്തിന് വേഷം ഫ്രീസറിന്റെ അടിഭാഗം വൃത്തിയാക്കാൻ നേരത്താണ് നിലത്ത് വീണ് പൊടി പിടിച്ച് കിടക്കുന്ന calvin klein ന്റെ ഒരു ടീഷർട്ട് കാണുന്നത്.. ആയിരമോ ആയിരത്തിയഞ്ഞൂറോ അതിൽ കൂടുതലോ വില വരും അതിന്.. കുറച്ചുനാൾ കൂടി കാത്തു..ആരും വന്നില്ല. മക്കൾ അതെടുത്ത് ആർക്കോ കൊടുത്തു.. രക്ഷിതാക്കൾ കഷ്ടപ്പെട്ട് വാങ്ങിക്കൊടുത്ത ആ ടീ ഷർട്ട് വളരെ നിസ്സാരമായി ഉപേക്ഷിച്ച അതവിടെ കൊണ്ട് തന്നവനെയും വാങ്ങാൻ വരും എന്ന് പറഞ്ഞവനെയും അവർ ആരാണെന്ന് അറിയില്ലെങ്കിലും ഞാനെന്റെ മക്കളെയും അവരുടെ കൂട്ടുകാരെയും അത് പറഞ്ഞ് കുറേ ശകാരിച്ചു… എന്റെ മക്കളുടെ സുഹൃത്തുക്കളോടും ഞാൻ വളരെ സ്വാതന്ത്ര്യത്തോടുകൂടിയാണ് സംസാരിക്കാറുള്ളത്..
അന്ന് എന്റെ രണ്ടാമത്തെ മകന്റെ ഒരു കൂട്ടുകാരൻ, എപ്പോഴും വീട്ടിൽ വരുകയും വീട്ടിൽനിന്ന് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്ന അവൻ കടയുടെ മുമ്പിൽ ബൈക്ക് നിർത്തി, അവന്റെ ബാഗിൽ നിന്ന് ഒരു കടലാസിൽ പൊതിയുകയോ ഒരു കവറിൽ ഇടുകയോ ചെയ്യാതെ ഒരു ജീൻസ് നാലായി മടക്കി എന്റെ നേരെ നീട്ടി.. അത് കണ്ട ഉടനെ പഴയ ആ ടീ ഷർട്ടിന്റെ കാര്യമോർത്ത് അല്പം ഉച്ചത്തിൽ ഞാൻ ചോദിച്ചു,”ഇതൊന്ന് പൊതിയുകയെങ്കിലും ചെയ്തുകൂടായിരുന്നോ”..അതിനവൻ അവനെ ന്യായീകരിക്കുന്ന എന്തോ മറുപടിയും പറഞ്ഞു.. എന്റെ മക്കളാണ് അങ്ങിനെ കൊണ്ടുവന്നിരുന്നുവെങ്കിൽ ഞാനത് അങ്ങനെ അവിടെ വെക്കാൻ അനുവദിക്കില്ലായിരുന്നു.. ഇതിപ്പോൾ മകന്റെ അടുത്ത സുഹൃത്താണ്.. ഒരു പരിധിയിൽ കൂടുതൽ ഒന്നും പറയാനും പറ്റില്ല.. അർദ്ധമനസ്സോടെ ഞാനത് വാങ്ങി അതേ പോലെ പൊടി പിടിച്ചു കിടക്കുന്ന ഷെൽഫിന്റെ മൂലയിലേക്ക് വെക്കാൻ തുടങ്ങുമ്പോഴാണ് അവൻ പറഞ്ഞത് അത് എന്റെ മകന്റെതാണെന്നും അവനിപ്പോൾ വന്ന് എടുത്തോളുമെന്നും..
അവനത് ഒന്ന് പൊതിയുക പോലും ചെയ്യാതെ തന്നതും ഞാനത് ചോദിച്ചപ്പോൾ അവൻ പറഞ്ഞ ബുദ്ധിശൂന്യമായ ന്യായീകരണവും എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.. ഒരു മുട്ടുസൂചി പോലും അധികപ്പറ്റാകുന്ന എനിക്ക് അവന്റെ ആ പെരുമാറ്റവും കൂടി കണ്ടപ്പോൾ ആ ജീൻസ് എങ്ങോട്ടെങ്കിലും വലിച്ചെറിയാനാണ് തോന്നിയത്.. പെട്ടെന്ന് അതെന്റെ മകന്റേതാണ് എന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ ഒരു ന്യൂസ് പേപ്പർ എടുത്ത് ഭംഗിയായി പൊതിഞ്ഞ് ഒരു പ്ലാസ്റ്റിക് കൂടിലിട്ട് ഭദ്രമായി ഒരിടത്ത് വെച്ചു.. അത് എന്റെ മകന്റെതാണോ അവൻ ഇടാൻ വേണ്ടി അവന്റെ സുഹൃത്തിനോട് വാങ്ങിയതാണോ അതൊന്നും എനിക്കറിയില്ലായിരുന്നു.. അതെന്റെ മകന് വേണ്ടിയാണ് എന്ന് മാത്രം അറിയാം.. ആ ഒരു നിമിഷത്തിനുള്ളിൽ എനിക്ക് സംഭവിച്ച ആ ഭാവമാറ്റവും ചിന്തയും അപ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നില്ല.. പിന്നീടാണ് ഞാനപ്പോൾ അനുഭവിച്ച ആ വികാരം, പേരറിയാത്ത ആ നൊമ്പരം, അത് സ്നേഹമായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നത്..Sidhique Patta..



