
കോഴിക്കോട് : ജനുവരി മൂന്നുമുതൽ ഏഴുവരെ കോഴിക്കോട്ട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രചാരണത്തിന് തുടക്കമായി. പബ്ലിസിറ്റി കമ്മിറ്റി ഒരുക്കിയ ‘കൊട്ടും കുരവയും’ പരിപാടി ബീച്ച് ഫ്രീഡം സ്ക്വയറിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ജനപ്രതിനിധികളും കമ്മിറ്റി ഭാരവാഹികളുംചേർന്ന് 61 പ്രാവുകളെയും ഹൈഡ്രജൻ ബലൂണുകളും പറത്തി. ചിത്രകാരൻമാർക്കും വിദ്യാർഥികൾക്കുമായി ഒാപ്പൺ കാൻവാസും ഒരുക്കിയിരുന്നു.കലാമണ്ഡലം ശിവദാസൻ മാരാർ, മുചുകുന്ന് ശശി മാരാർ എന്നിവരുടെ നേതൃത്വത്തിൽ ചെണ്ടമേളവും അരങ്ങേറി. ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ നാടൻപാട്ട് അവതരണവും നടന്നു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.എം. സച്ചിൻദേവ് എം.എൽ.എ., ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ, കൺവീനർ പി.എം. മുഹമ്മദലി, പി.കെ.എം. ഹിബത്തുള്ള, കെ.കെ. സുബൈർ, ഹരീഷ് കടവത്തൂർ, ടോമി മണിമല, കെ.പി. സുരേഷ്, കെ. സൈനുദ്ധീൻ, സലാം മലയമ്മ, കെ.കെ. ശ്രീഷു, രൂപേഷ് കുമാർ, പി.പി. ഫിറോസ്, കെ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.



